സ്വര്‍ണവില വീണ്ടും റെക്കോഡ് ഉയരങ്ങളില്‍

സ്വര്‍ണം കുതിപ്പ് തുടരുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് സ്വര്‍ണവില. ഇന്നലെ വരെയുള്ള റെക്കോഡുകളെല്ലാം കാറ്റില്‍ പറത്തിയാണ് സ്വര്‍ണവില ഇന്നത്തെ പുതിയ റെക്കോഡ് ഉയരത്തിലേക്ക് കയറിയത്. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയും വ്യാഴാഴ്ച 400 രൂപയുമാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. ഇന്ന് 160 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ പവന് 45,760 രൂപയാണ് വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് ഇന്ന് 5,720 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു പവന് മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. കേരളത്തില്‍ ഏപ്രില്‍ 14 നായിരുന്നു ഇതിനു മുന്‍പ് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്ന് 4755 രൂപയായി. ഒരു ഗ്രാം വെള്ളിവില ഒരു രൂപ വര്‍ധിച്ച് 84 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 103 രൂപയെന്ന നിരക്കില്‍ തുടരുന്നു.

അന്താരാഷ്ട്രവില

അന്താരാഷ്ട്രവില എക്കാലത്തെയും ഉയരങ്ങളിലാണ്. സ്വര്‍ണം കയറ്റം തുടര്‍ന്നു. ബാങ്കിംഗ് പ്രതിസന്ധിയെപ്പറ്റിയുള്ള ആശങ്ക 2060 ഡോളര്‍ വരെ സ്വര്‍ണത്തെ കയറ്റി. ഇന്നു രാവിലെ 2052 - 2054 ഡോളറിലാണു വ്യാപാരം. ആഭ്യന്തര വിപണിയിലും ഇതിന്റെ പ്രതിഫലനങ്ങളാണ് ഉണ്ടായത്.

Related Articles
Next Story
Videos
Share it