ആഗോള വിപണിയിൽ ചാഞ്ചാട്ടം; കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് വില കുറഞ്ഞു

ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിലും സ്വര്‍ണ വില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5,475 രൂപയും ഒരു പവന് 160 രൂപ കുറഞ്ഞ് 43,800 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,533 രൂപയിലെത്തി.

ആഗോള വിപണിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,910 ഡോളറിലാണ് സ്‌പോട്ട് സ്വര്‍ണമുള്ളത്. ഇന്നലെ 1,921 ഡോളറിലായിരുന്നു നിന്നിരുന്നത്. ആഗോള വിപണിയിലെ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

22 കാരറ്റ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 44,240 രൂപയാണ്, ഏറ്റവും കുറഞ്ഞ വില 43,600 രൂപയും. സെപ്റ്റംബര്‍ 13,14 തീയതികളിലായിരുന്നു ഈ വിലയുണ്ടായിരുന്നത്.

കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 45,760 രൂപയാണ്. 2023 മെയ് അഞ്ചിലെ വിലയാണിത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില 2015 ഓഗസ്റ്റ് ആറിന് രേഖപ്പെടുത്തിയതാണ്. അന്ന് പവന് 18,720 രൂപയാണുണ്ടായിരുന്നത്.

വെള്ളി വില കുറഞ്ഞു

സംസ്ഥാനത്ത് വെള്ളി വിലയിലും നേരിയ കുറവുണ്ടായി. സാധാരണ വെള്ളിക്ക് വില ഒരു രൂപ കുറഞ്ഞ് 78 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് വില മാറ്റമില്ല, ഗ്രാമിന് 103 രൂപ.

Related Articles
Next Story
Videos
Share it