തിളക്കമില്ലാതെ സ്വര്‍ണം; ഉത്സവകാല വില്‍പ്പനയില്‍ കുറവ്

രാജ്യത്ത് സ്വര്‍ണാഭരണ വില്‍പ്പന കുറയുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില്‍പ്പനയായിരിക്കും ഈ വര്‍ഷത്തെ ഉത്സവനാളുകളില്‍ ജുവലറികള്‍ക്കുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് 19 ആളുകളുടെ ഉപഭോഗ ശേഷി കാര്യമായി കുറച്ചെന്നതിന്റെ സൂചനയാണ് സ്വര്‍ണ വില്‍പ്പനയില്‍ ദൃശ്യമാകുന്നത്.

പൊതുവെ വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ വിവാഹ സീസണും ഉത്സവകാലവും ഒരുമിച്ച് വരുന്നതിനാല്‍ സ്വര്‍ണ വില്‍പ്പനയില്‍ കുതിപ്പുണ്ടാകാറുണ്ട്. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധിയും സാമ്പത്തിക വളര്‍ച്ചയിലെ കുറവും മൂലം വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ 194 ടണ്ണില്‍ നിന്ന് താഴേക്ക് പോകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന സൂചന.
നഗരങ്ങളില്‍ വില്‍പ്പനയില്‍ കാര്യമായ കുറവു വന്നിട്ടുണ്ടെങ്കിലും ഗ്രാമങ്ങളില്‍ വില്‍പ്പന കൂടുന്നുണ്ട്. പക്ഷേ നഗരങ്ങളിലുണ്ടാകുന്ന വില്‍പ്പനയുമായുണ്ടാകുന്ന അന്തരം പരിഹരിക്കാന്‍ ഇതു വഴി സാധിക്കില്ലെന്നും ഇവര്‍ നിരീക്ഷിക്കുന്നു.

അതേ സമയം ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളെ അപേക്ഷിച്ച് മികച്ചതായിരിക്കും അവസാന മൂന്നു മാസങ്ങളെന്നാണ് പ്രതീക്ഷകള്‍. മാര്‍ച്ച് മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ജൂണ്‍ പാദത്തിന്റെ സമ്പത്തിക രംഗം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 23.9 ശതമാനം ചുരുങ്ങിയിരുന്നു.
ആഭരണങ്ങള്‍, നാണയം, ബാറുകള്‍ എന്നിവയുടെ വില്‍പ്പന സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പകുതയായി കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ വരെയുള്ള മൊത്തം വില്‍പ്പന 251 ടണ്‍ ആണ്. ഈ വര്‍ഷത്തെ മൊത്ത വില്‍പ്പന കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയിലെ തന്നെ ഏറ്റവും കുറഞ്ഞ വില്‍പ്പനയായിരിക്കും.
എന്നാല്‍ സ്വര്‍ണ വില ആഗ്സ്റ്റ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 10 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇത് വില്‍പ്പന ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

പക്ഷേ, വില വീണ്ടും ഇടിഞ്ഞേക്കാമെന്ന പ്രതീക്ഷയില്‍ ഉപഭോക്താക്കല്‍ വാങ്ങല്‍ തീരുമാനം വൈകിപ്പിക്കുന്നത് തിരിച്ചടിയാകുന്നുണ്ട്.
രാജ്യത്ത് സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് മൂന്നാം പാദത്തില്‍ 30 ശതമാനം ഇടിഞ്ഞതായാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 101.6 ടണ്‍ ആയിരുന്ന ഡിമാന്‍ഡ് ഈ വര്‍ഷം 52.8 ടണ്‍ ആയി കുറഞ്ഞു.

അതേ സമയം മൂന്നാം പാദത്തില്‍ സ്വര്‍ണ നിക്ഷേപത്തില്‍ 52 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. വില കുത്തനെ ഉയര്‍ന്നതിനാല്‍ നിക്ഷേപ മൂല്യത്തില്‍ 107 ശതമാനമാണ് വര്‍ധന.
നിക്ഷേപമെന്ന നിലയില്‍ ആഗോള തലത്തിലും സ്വര്‍ണത്തിന് ആവശ്യം വീണ്ടും ഉയരുന്നുണ്ട്. മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനമാണ് വര്‍ധന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it