എല്‍ഐസി ലിസ്റ്റിംഗ്; നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തോടെ എല്‍ഐസി ലിസ്റ്റിംഗ് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥ വൃന്ദം പറഞ്ഞു. ഇടപാടിനായി മര്‍ച്ചന്റ് ബാങ്കര്‍മാരെ ഉടന്‍ നിയമിക്കും. കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭ എല്‍ഐസിയുടെ ഐപിഒ അംഗീകരിച്ചിരുന്നു. ഏറ്റവും വലിയ ലിസ്റ്റിംഗ് ആയിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. 90,000 കോടി രൂപ മുതല്‍ ഒരു ലക്ഷം കോടി രൂപ വരെ ഉയര്‍ത്താമെന്നാണ് നിരവധി കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വരുമാനം സര്‍ക്കാരിന് ലിസ്റ്റിംഗിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായി കമ്പനിയുടെ മൊത്തം മൂല്യനിര്‍ണയം, ഉല്‍പ്പന്നങ്ങളുടെ പുനഃക്രമീകരണം, പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തല്‍ തുടങ്ങിയ നടപടികളിലേക്ക് എല്‍ ഐസി കടന്നിരുന്നു.

എസ്.ബി.ഐ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ്, ഡെലോയിറ്റ് എന്നിവയാണ് ഐ.പി.ഒയുടെ പ്രാരംഭ നടപടികള്‍ക്ക് കമ്പനിയെ ഉപദേശിക്കുന്നത്. എല്‍.ഐ.സിയുടെ മൂല്യനിര്‍ണയത്തിന് മിലിമാന്‍ അഡൈ്വസേഴ്സിനെ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്‌ളിക് അസറ്റ് മാനേജ്മെന്റ് (DIPAM) നിയമിച്ചിരുന്നു. ഭാവിയിലെ ലാഭ സാധ്യതകള്‍ കൂടി വിലയിരുത്തിയുള്ള 'എംബഡഡ്' മൂല്യ നിര്‍ണയമാണ് മിലിമാന്‍ നടത്തുക. 2020-21ലെ ബ്ജറ്റിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എല്‍.ഐ.സി ഓഹരി വില്‍പ്പന പ്രഖ്യാപിച്ചത്.
എല്‍.ഐ.സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ സ്വന്തമാണ്. എല്‍.ഐ.സി ആക്ട് ഭേദഗതി പ്രകാരം 51 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ കേന്ദ്രം കൈവശം വയ്ക്കണം. അതായത്, 49 ശതമാനം ഓഹരികള്‍ കേന്ദ്രത്തിന് വിറ്റൊഴിയാം. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കുറഞ്ഞത് 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനും സാധിക്കും. എന്നാല്‍, പത്ത് ശതമാനത്തിന് താഴെ ഓഹരികളാകും ഐ.പി.ഒയിലൂടെ വിറ്റഴിക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it