വിപണി മൂല്യത്തില്‍ മൂന്നാമതെത്തി എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡിന്റെ വിപണി മൂലധനം വ്യാഴാഴ്ച 9 ട്രില്യണ്‍ രൂപയിലെത്തി. ബിഎസ്ഇയിലെ ആദ്യ ഇടപാടുകളില്‍ റെക്കോര്‍ഡ് ഉയരത്തില്‍ 1,635 രൂപയിലെത്തി. രാവിലെ 09. 30 ന് സ്‌ക്രിപ് ട്രേഡിംഗ് നടന്നത് ഒരു ഓഹരിക്ക് 1,630 രൂപ വച്ചാണ്. മുന്‍ ക്ലോസിനേക്കാള്‍ 1.5 ശതമാനമാണ് വര്‍ധന. ഈ വര്‍ഷം ഇതുവരെ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി 13.5 ശതമാനമാണ് ഉയര്‍ന്നിട്ടുള്ളത്.

ഇതോടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്‌സി ബാങ്ക്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 13.25 ട്രില്യണ്‍ രൂപയുടെ വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനമാണ്. ടിസിഎസ് 11.17 ട്രില്യണ്‍ രൂപ വിപണിമൂല്യവുമായി രണ്ടാം സ്ഥാനത്താണ്. 9.01 ട്രില്യണ്‍ രൂപയുടെ വിപണി മൂലധനത്തോടെ ഈ നാഴികക്കല്ല് നേടുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് മാറിയത് വ്യാഴാഴ്ചയോടെയാണ്.
മെച്ചപ്പെട്ട അറ്റ പലിശ മാര്‍ജിനുകള്‍, ഉയര്‍ന്ന പലിശേതര വരുമാനം, സ്ഥിരമായ ആസ്തി നിലവാരം എന്നിവയിലൂടെ ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിച്ചതിലുമുള്ള വരുമാനം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ മുന്നേറുകയായിരുന്നു.
ബാങ്കിന്റെ ഡിജിറ്റല്‍ സംരംഭങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നത് റീറ്റെയ്ല്‍ വായ്പാ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റ പലിശ വരുമാനം 15.1 ശതമാനമാണ് ഉയര്‍ന്നത്. വായ്പാ വളര്‍ച്ച 16 ശതമാനവും മെച്ചപ്പെട്ട എന്‍ഐഎം 4.3 ശതമാനവുമായി. കോര്‍ ഫീസും കമ്മീഷന്‍ വരുമാനവും തുടര്‍ച്ചയായി 26% വര്‍ധിച്ചിട്ടുണ്ട്. പ്രൊവിഷന്‍ ചെലവുകള്‍ 3,414 കോടി രൂപയായി കുറഞ്ഞു. ഒരു പാദം മുമ്പ് ഇത് 3,703 കോടി രൂപയായിരുന്നു. അതേസമയം ലാഭം തുടര്‍ച്ചയായി 16.6 ശതമാനമാണ് വര്‍ധിച്ചത്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളും (എന്‍പിഎ) നെറ്റ് എന്‍പിഎകളും ത്രൈമാസാടിസ്ഥാനത്തില്‍ യഥാക്രമം 27 ബേസിസ് പോയിന്റും 8 ബേസിസ് പോയിന്റും വര്‍ധിച്ച് 0.8 ശതമാനമായും 0.1 ശതമാനമായി.



Related Articles
Next Story
Videos
Share it