dotcom bubble; ഓര്‍മിക്കപ്പെടേണ്ട ചരിത്രം
കുറച്ചു നാള്‍ മുമ്പ് ക്രിപ്‌റ്റോ കറന്‍സികളെ കുറിച്ച് സംസാരിക്കവെ ഒരു സീനിയര്‍ ജേര്‍ണലിസ്റ്റ് 90കളില്‍ ഇന്റര്‍നെറ്റ് വന്നപ്പോഴുള്ള സാഹചര്യവുമായാണ് അതിനെ താരതമ്യപ്പെടുത്തിയത്. അന്ന് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളിലും അവര്‍ ഇന്റര്‍നെറ്റ് എന്താണെന്ന് പ്രത്യേകം വിശദീകരിച്ചിരുന്നു. അത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും ചിരിയാണ് വന്നത്.
ചരിത്രം ആവര്‍ത്തിക്കുകയാണല്ലോ എന്ന ചോദ്യത്തിന് അത്ര പുതുമയൊന്നും ഇല്ല. ഓരോന്ന് കാണുമ്പോള്‍ പണ്ട് നടന്ന ചില സംഭവങ്ങളുമായി അതിനുള്ള സമാനതകള്‍ കണ്ടെത്താന്‍ സാധിക്കും. ഇന്ത്യയിലെ ന്യൂജെന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധി, സൊമാറ്റോ, പേയ്ടിഎം തുടങ്ങിയ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞത്, ക്രിപ്‌റ്റോ വിപണിയുടെ തകര്‍ച്ച ഇതൊക്കെ കാണുമ്പോള്‍ ഓര്‍മ വരുന്നത് ഡോട്ട്-കോം ബബിളിനെക്കുറിച്ചാണ്. നമ്മളില്‍ കുറച്ചു പേരെങ്കിലും ഡോട്ട് കോം ബബിള്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബബിള്‍, ടെക്ക് ബൂം എന്നൊക്കെ കേട്ടുകാണും.
1993ല്‍ ആണ് അമേരിക്കയിലെ നാഷണല്‍ സെന്റര്‍ഫോര്‍ സൂപ്പര്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്ന സ്ഥാപനം മൊസൈക്ക് എന്ന വെബ്ബ് ബ്രൗസര്‍ പുറത്തിറക്കുന്നത്. അതുവരെ അക്കാദമിസ്റ്റുകളും സൈന്യവും ഒക്കെ ഉപയോഗിച്ചിരുന്ന ഇന്റര്‍നെറ്റ് സാധാരണക്കാരിലേക്ക് എത്തുന്നത് മൊസൈക്കിലൂടെയാണ്. വീഡിയോ, ടെക്‌സ്റ്റ് , ഇമേജ് ഇതെല്ലാം ഒരുമിച്ച് ആക്‌സസ് ചെയ്യാവുന്ന ആദ്യത്തെ മള്‍ട്ടി മീഡിയ വെബ് ബ്രൗസറായിരുന്നു മൊസൈക്ക്.
എന്നാല്‍ തൊട്ടടുത്ത വര്‍ഷം എറിക് ബിന, മാര്‍ക് ആന്‍ഡ്രീസീന്‍ എന്നിവര്‍ ചേര്‍ന്ന് നെറ്റ് സ്‌കേപ്പ് എന്ന വെബ് ബ്രൈസര്‍ അവതരിപ്പിച്ചതോടെയാണ് ഇന്റര്‍നെറ്റ് കൂടുതല്‍ ജനകീയമാകുന്നത്. വെറും 18 മാസത്തിനുള്ളില്‍ നെറ്റ്‌സ്‌കേപ്പ് ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കോയിന്‍ ബേസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ഫിനാന്‍ഷ്യല്‍ ടൈംസ് നെറ്റ്‌സ്‌കേപ്പ് 2.0 എന്ന തലക്കെട്ടില്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിരുന്നു.
ആദ്യ ദിനം തന്നെ നെറ്റ് സ്‌കേപ്പിന്റെ ഓഹരി വില 28 ഡോളറില്‍ നിന്ന് 78 ഡോളര്‍ വരെ ഉയര്‍ന്ന് 58 ഡോളറിലാണ് ക്ലോസ് ചെയ്തത്. നിക്ഷേപകരെല്ലാം തങ്ങള്‍ ഉപയോഗിക്കുന്ന നെറ്റ് സ്‌കേപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ തിരക്ക് കൂട്ടി. അതായിരുന്നു ഡോട്ട്‌കോം ബബിളിന്റെ തുടക്കം. പിന്നീടങ്ങോട്ട് ഓഹരി വിപണിയില്‍ ഇന്റര്‍നെറ്റ് ടെക്ക് കമ്പനികളുടെ കുത്തൊഴുക്കായിരുന്നു. 2000 വരെ നീണ്ടു നിന്ന ഈ ഒരു പ്രതിഭാസത്തെയാണ് ഡോട്ട്‌കോം ബബിള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ആമസോണ്‍, ഈബേ തുടങ്ങിയ കമ്പനികളൊക്കെ ലിസ്റ്റ് ചെയ്യപ്പെടുന്നത് ഈ ഡോട്ട്‌കോം ബബിളിന്റെ സമയത്താണ്.
ഡോട്ട്‌കോം ബബിള്‍-കാരണങ്ങള്‍ പലതാണ്
ഓഹരി വിപണിയില്‍ ഈ കമ്പനികള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണ്. പലിശ നിരക്കിലുള്ള കുറവ്, ക്യാപിറ്റല്‍ ഗെയിന്‍സിനുള്ള നികുതി കുറച്ചത്, ടെക്‌നോളജി ജീവിതത്തെ അപ്പാടെ മാറ്റിമറിക്കും എന്ന പ്രതീക്ഷ തുടങ്ങിയവയൊക്കെ ആളുകളെ സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് അടുപ്പിച്ചു. ഡോട്ട്‌കോം കമ്പനികളുടെ ഓഹരി വില ഉയരുന്നത് കണ്ടപ്പോ, നികുതി ലാഭിക്കാമല്ലോ എന്ന് കരുതി വന്‍കിട നിക്ഷേപകരെല്ലാം ഡിവിഡന്റ് നല്‍കുന്ന സ്‌റ്റോക്കുകളില്‍ നിന്ന് ഡിവിഡന്റൊന്നും നല്‍കാത്ത എന്നാല്‍ വില പെട്ടന്ന് ഉയരുന്ന ഡോട്ട്‌കോം കമ്പനി സ്റ്റോക്കുകളെ തെരഞ്ഞെടുത്തു.
1999ല്‍ മാത്രം ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ 473 കമ്പനികളാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. അതില്‍ നേട്ടമുണ്ടാക്കിയ ഭൂരിഭാഗവും ഡോട്ട്‌കോം കമ്പനികള്‍ ആയിരുന്നു. ഇതിനിടെ അമേരിക്കയില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. 1997ല്‍ 37 ശതമാനം അമേരിക്കന്‍ വീടുകളില്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ ഉണ്ടായിരുന്നു.
ഇന്നത്തെ പോലെ തന്നെയായിരുന്നു അന്നും ഈ ടെക്ക് കമ്പനികളുടെയൊക്കെ രീതി. കൂടുതല്‍ ആളുകളിലേക്ക് എത്താനായി കിട്ടിയ പണം മൊത്തം പരസ്യം ചെയ്യാനാണ് ഉപയോഗിച്ചത്. ലാഭത്തിലെത്തുന്നതിനെ പറ്റിയൊന്നും ആരും ചര്‍ച്ച ചെയ്തതേത ഇല്ല. ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായിരുന്ന അലന്‍ ഗ്രീന്‍സ്പാന്‍ ഡോട്ട്‌കോം കമ്പനികളുടെ ഓവര്‍ വാല്യുവേഷനെ പറ്റി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1995-2001 കാലയളവില്‍ ഏകേദശം 34 ബില്യണ്‍ ഡോളറാണ് ഡോട്ട്‌കോം കമ്പനികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് നേടിയത്.
y2k പ്രോബ്ലം; ഓഹരി വിപണിയുടെ ഇറക്കം
2000ല്‍ ന്യൂയോക്ക് ഓഹരി വിപണി 5132.52 എന്ന റെക്കോര്‍ഡിലെത്തി.അവിടെ നിന്നാണ് ഓഹരി വിപണി ഇടിയാന്‍ തുടങ്ങുന്നത്. ഡോട്ട്‌കോം ബബിള്‍ ബേഴ്‌സ്റ്റിനെ കുറിച്ച് കടക്കും മുമ്പ് y2k പ്രോബ്ലത്തെക്കുറിച്ച് കൂടി പറയേണ്ടതുണ്ട്. ഈ ലേഖനം വായിക്കുന്ന 35 വയസിന് മുകളില്‍ പ്രായമുള്ള ആളുകള്‍ളൊക്കെ y2k പ്രോബ്ലം എന്താണെന്ന് അറിയാമായിരിക്കും. അന്ന് എഴുതപ്പെട്ട കംപ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ വര്‍ഷം സൂചിപ്പിക്കുന്ന നാല് അക്കങ്ങളില്‍ അവസാനത്തെ രണ്ട് അക്കം മാത്രമേ മാറുമായിരുന്നുള്ളു. അതായത് 1989ല്‍ നിന്ന് 1990 ആവുമ്പോള്‍ അവസാനത്തെ 89 മാറി 90 ആകും 1989ലെ 19 അതേ പടി നില്‍ക്കും. ചുരുക്കിപ്പറഞ്ഞാല്‍ 2000 എന്ന ഡേറ്റ് കാണിക്കാന്‍ കംപ്യൂട്ടറുകള്‍ക്ക് കഴിയുമായിരുന്നില്ല. 2000ന് പകരം കംപ്യൂട്ടര്‍ കാണിക്കുന്ന വര്‍ഷം 1900 ആയിരിക്കും. ഈ പ്രശ്‌നം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.
കംപ്യൂട്ടറൈസ്ഡ് ബാങ്ക് അക്കൗണ്ടുകള്‍ക്കെന്ത് സംഭവിക്കും, നിക്ഷേപങ്ങള്‍ക്ക് പലിശ കൃത്യമായി കിട്ടുമോ അങ്ങനെ പല ആശങ്കകളും ജനങ്ങള്‍ക്കുണ്ടായി. ഈ വിഷയം ടെക്‌നോളജിയിലുള്ള സാധാരണക്കാരുടെ വിശ്വാസത്തെ ബാധിച്ചു. വൈ2കെ പ്രോബ്ലത്തെ യുഎസ് സെക്രട്ടറി ഓഫ് ഡിഫന്‍സ് 'ഇലക്ട്രോണിക് എല്‍ നിനോ' എന്നാണ് വിശേഷിപ്പിച്ചത്. കംപ്യൂട്ടര്‍ വ്യാപകമല്ലാതിരുന്നത് കൊണ്ട് തന്നെ ഇന്ത്യയില്‍ ഈ ആശങ്കകളുടെയൊന്നും കാര്യമില്ലായിരുന്നു. എന്നാല്‍ ഈ പ്രോഗ്രാമുകള്‍ റീ-റൈറ്റ് ചെയ്യാനുള്ള ഔട്ട്‌സോഴ്‌സിംഗ് വര്‍ക്കുകള്‍ ഇന്ത്യയിലെ ഐടി കമ്പനികള്‍ക്ക് കിട്ടി. വൈകാതെ y2k പ്രോബ്ലത്തെ ലോകം മറികടന്നു.
എന്നാല്‍ ഇതിനിടയില്‍ ഒരിടവേളയ്ക്ക് ശേഷം യുഎസ് ഫെഡ് റിസര്‍വ് 99 നവംബര്‍ മുതല്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു. 2000 മെയ് ആയപ്പോഴേക്കും പലിശ നിരക്ക് 5ല്‍ നിന്ന് 6.5 ശതമാനത്തിലെത്തി. ഇതോടെ നിക്ഷേപകര്‍ ഡോട്ടകോം കമ്പനികള്‍ക്ക് പകരം ബോണ്ട് പോലുള്ള ഇന്ററെസ്റ്റ് പെയിംഗ് അസറ്റുകള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങി. ജപ്പാനിലെ സാമ്പത്തിക മാന്ദ്യത്തിന്റെ വാര്‍ത്ത ലോകത്തെ എല്ലാ വിപണികളെയും ബാധിച്ചു.
ഡോട്ട്‌കോം കമ്പനികളുടെ വില ഇടിയാന്‍ തുടങ്ങിയതോടെ പരിഭ്രാന്തരായ ജനങ്ങള്‍ ഈ സ്റ്റോക്കുകള്‍ വിറ്റൊഴിഞ്ഞു. ആ സമയം ആയപ്പോഴേക്കും ഈ കമ്പനികളുടെ ലഭനഷ്ടങ്ങളെക്കുറിച്ചും ജനത്തിന് ബോധ്യമായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും വിപണിയെ ബാധിച്ചു. ന്യൂയോര്‍ക്ക് ഓഹരി വിപണി ഈ കാലയളവില്‍ 78 ശതമാനം ഇടിഞ്ഞ് 1114.11 പോയിന്റെന്ന നിലയിലെത്തി. ന്യൂയോര്‍ക്ക് ടൈംസിന്റെ കണക്ക് പ്രകാരം ഏകദേശം 48 ശതമാനം കമ്പനികള്‍ മാത്രമാണ് പിടിച്ചുനിന്നത്. ആമസോണ്‍, ഇബെ, ഗൂഗിള്‍ തുടങ്ങിയൊക്കെ ഈ പ്രതിസന്ധികളെ മറികടന്ന കമ്പനികളാണ്.