കളിയും നിയമവും മാറുന്നു, നിക്ഷേപ ശൈലിയും മാറണം

കളി മാറുകയാണ്, ഒപ്പം കളി നിയമങ്ങളും. പല മേഖലകളിലും ഇതാണ് അവസ്ഥ. നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/AI) അപ്രതീക്ഷിത വളര്‍ച്ച നിരവധി മേഖലകളില്‍ ഇതിനോടകം തന്നെ മാറ്റങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു.

ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവരും ഈ മാറ്റങ്ങള്‍ ഗൗരവമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. നിക്ഷേപങ്ങള്‍ മാത്രമല്ല നിക്ഷേപ ശൈലികളും മാറ്റേണ്ട കാലമാണ് വരുന്നത്. കുറച്ചു കാലങ്ങളായി പരാമര്‍ശിക്കപ്പെടുന്ന ഒന്നാണ് നിര്‍മിതബുദ്ധി. പക്ഷേ പ്രായോഗിക തലത്തില്‍ അത് എന്തു ചെയ്യുമെന്ന് കണ്ടതും സാധ്യതകളും അപായങ്ങളും തിരിച്ചറിയുന്നതും ചാറ്റ് ജി.പി.ടിയുടെ വരവോടെയാണ്. ജനറേറ്റീവ് എ.ഐ ഒരുക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്. അതോടൊപ്പം മുന്നില്‍ തെളിയുന്ന അപായങ്ങളും വലുത് തന്നെ. ആവര്‍ത്തനസ്വഭാവമുള്ള ജോലികള്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ നിര്‍വഹിക്കും എന്നത് പുതിയ അറിവല്ല. പക്ഷേ അവിടംകൊണ്ടു തീരുന്നില്ല നിര്‍മിതബുദ്ധിയുടെ പ്രകടനങ്ങള്‍. ഓഹരി വിപണനം മുതല്‍ സംഗീതം വരെ ഇനി ഇതിന്റെ സ്വാധീനത്തിലാകും.
മാറുന്ന വിപണികള്‍
ഓഹരി വിപണനത്തിന്റെ വലിയ പങ്ക് ഇതിനകം തന്നെ നിര്‍മിതബുദ്ധിയുടെ നിയന്ത്രണത്തിലായി. ബ്രോക്കറേജ് ഇല്ലാത്ത ഓണ്‍ലൈന്‍ വ്യാപാര സൗകര്യം വന്നതോടെ പരമ്പരാഗത ബ്രോക്കറേജുകളുടെ ബിസിനസ് ചുരുങ്ങി.കമ്പനി-ഓഹരി വിശകലനങ്ങള്‍ നടത്തി വ്യാപാര തന്ത്രം നിര്‍ദേശിക്കുന്ന അല്‍ഗോരിതങ്ങള്‍ ആണ് പുതിയതാരം. വിപണിയെ നയിക്കാനും നിയന്ത്രിക്കാനും അല്‍ഗോരിതങ്ങള്‍. ഫണ്ടുകള്‍ക്കും വ്യക്തികള്‍ക്കും ഏത് ഓഹരികള്‍ വാങ്ങണം, വില്‍ക്കണം എന്നു തീരുമാനിക്കാന്‍ ഇനി ആള്‍ സഹായം വേണ്ട. അതിവിപുലമായ ഡേറ്റ ക്ഷണനേരം കൊണ്ടു വിശകലനം ചെയ്ത് നിര്‍ദേശങ്ങള്‍ നല്‍കാനും നടപ്പാക്കാനും കഴിയുന്ന തരത്തിലായി സ്ഥിതികള്‍.
ഉത്പന്ന, കറന്‍സി, കടപ്പത്ര, ഡെറിവേറ്റീവ് വ്യാപാരങ്ങളിലും ഇതേ ദിശയില്‍ മാറ്റം വരുന്നു. ഓണ്‍ലൈന്‍ വ്യാപാരം വരുത്തിയതിലും വലിയ മാറ്റമാണ് നിര്‍മിതബുദ്ധി ധനകാര്യ വിപണികളില്‍ വരുത്തുന്നത്. അവിടെ വ്യക്തികള്‍ ശക്തമായ അല്‍ഗോരിതങ്ങളോട് പിടിച്ചുനില്‍ക്കാന്‍ പറ്റാതെ പിന്‍വലിയുന്നതും കാണാം.
പ്രതിരോധം വേറെ തലത്തില്‍
പ്രതിരോധ-സൈനിക മേഖലകളില്‍ നിര്‍മിതബുദ്ധി കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കും. കാലാവസ്ഥ, പരിസ്ഥിതി തുടങ്ങിയവയെപ്പറ്റി കൃത്യമായ പ്രവചനം സാധ്യമാകും. അതനുസരിച്ച് ദൗത്യവും ലക്ഷ്യവും പുനര്‍നിര്‍ണയിക്കാനും ആളുകളെയും ഉപകരണങ്ങളെയും പുനര്‍വിന്യസിക്കാനും നിര്‍മിതബുദ്ധിക്കു ചുരുങ്ങിയ സമയം മതി. നിര്‍മിതബുദ്ധി ഉപയോഗിച്ച് സാഹചര്യം വിശകലനം ചെയ്തു ലക്ഷ്യം മാറ്റുകയും കൂടെയുള്ളവയെ നിയന്ത്രിക്കുകയും ചെയ്യുന്ന ആളില്ലാ വിമാനങ്ങളുടെ (ഡ്രോണ്‍) കൂട്ടങ്ങള്‍ യുദ്ധമുന്നണിയെ നയിക്കുന്ന കാലം അകലെയല്ല. മാനുഷിക നിരീക്ഷണം, വിശകലനം, വിധി തീര്‍പ്പ്, തീരുമാനം, ഉത്തരവ്, നടത്തിപ്പ് എന്നിവ യുദ്ധമുന്നണിയില്‍ ആവശ്യമില്ലെന്നു വരും.
ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, വൈദ്യശാസ്ത്രം, ചികിത്സ, ഔഷധ വികസനം, കൃഷി, ഊര്‍ജം, ഫാക്ടറി ഉത്പാദനം, അസംബ്ലിംഗ്, ഡിസൈനിംഗ്, റീറ്റെയ്‌ലിംഗ് തുടങ്ങി നിര്‍മിതബുദ്ധി (ജനറേറ്റീവ് എ.ഐ) ഉപയോഗിക്കുന്ന മേഖലകളില്‍ എല്ലാം ഉത്പാദനക്ഷമതയില്‍ വലിയ കുതിച്ചുചാട്ടം കാണും. ഇതു പല മേഖലകളിലും തൊഴിലുകള്‍ കുറയ്ക്കും. പുതിയ തൊഴില്‍ മേഖലകള്‍ ഉണ്ടാക്കും. ജി.ഡി.പി വര്‍ധിപ്പിക്കും. പത്തുവര്‍ഷം കൊണ്ട് ആഗോള ജി.ഡി.പിയില്‍ ഏഴ് ശതമാനം (ഏകദേശം എഴ് ലക്ഷം കോടി ഡോളര്‍) വര്‍ധനയാണ്് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നത്.
കുമിളകളോ?
നിലവിലുള്ളതിനെ മാറ്റിമറിക്കുന്ന ആവിഷ്‌കാരങ്ങള്‍ പ്രയോഗത്തിലാകുമ്പോള്‍ അതില്‍ ആവേശംകൊണ്ട് നിക്ഷേപക സമൂഹവും നീങ്ങാറുണ്ട്. പുതിയത് കൈവരിക്കുന്ന വലിയ വിജയത്തിന്റെ പങ്ക് പറ്റുകയാണ് ലക്ഷ്യം. കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ തുടക്കത്തില്‍ ടെക്ക് കമ്പനികളിലേക്കുണ്ടായ ഒഴുക്ക് അസാധാരണമായിരുന്നു. പിന്നീട് 1999-2001 കാലത്ത് ഡോട് കോം ആവേശം വിപണിയെ നയിച്ചതും കണ്ടു. ഇപ്പോള്‍ നിര്‍മിത ബുദ്ധിയുടെ കൂടെയാണ് നിക്ഷേപകര്‍.
ഈ ആവേശത്തിന്റെ നാളുകള്‍ അധികം നിലനില്‍ക്കാറില്ല. എന്നും കാണുന്നതാണത്. നിക്ഷേപകര്‍ ആവേശം കൊണ്ട കമ്പനികള്‍ ആകണമെന്നില്ല വിജയിക്കുന്നത്. അമിത വിലയിലേക്ക് (വന്യമായ പി.ഇ അനുപാതത്തിലേക്ക്) ഓഹരിവിലകളെ ഉയര്‍ത്തുന്നതാകും ആദ്യത്തെ ആവേശകാലം. പിന്നീട് തകര്‍ച്ചയില്‍ അവയാകാം വലിയ ഇടിവു കാണുന്നത്. നിര്‍മിതബുദ്ധിയുടെ വഴിയിലൂടെ നീങ്ങുന്ന കമ്പനികളില്‍ നിക്ഷേപകര്‍ അമിത പ്രതീക്ഷ വയ്ക്കുന്ന അവസരമാണിത്. ഡോട്ട് കോം കുമിളയും സബ് പ്രൈം വായ്പാ തകര്‍ച്ചയും ഒക്കെ ഓര്‍മിക്കേണ്ട അവസരം. എല്ലാം ശരിയെന്ന് പറഞ്ഞു നിക്ഷേപം നടത്താന്‍ തോന്നുന്ന അവസരം. പക്ഷേ അതിനുതക്ക കരുത്തുള്ളവയാണോ ഈ കമ്പനികള്‍ എന്ന് വിലയിരുത്തി വേണം നിക്ഷേപം.
നാലാമത്തെ വിപ്ലവം
ഓരോ മേഖലയിലും മാറ്റത്തോട് മുഖംതിരിച്ചു നില്‍ക്കുന്നവരും അല്ലാത്തവരുമുണ്ട്. ഗവേഷണത്തിലും ഉത്പാദനത്തിലും നിര്‍മിതബുദ്ധി ഉപയോഗിക്കാന്‍ ആദ്യം തയാറാകുന്ന കമ്പനികള്‍ സ്വാഭാവികമായും ലാഭക്ഷമതയില്‍ മുന്നോട്ടു പോകും. നിക്ഷേപകര്‍ അത്തരം കമ്പനികളിലേക്കു തിരിയുന്നതും സ്വാഭാവികം. ഏതു മേഖലയിലായാലും ഏതു സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയായാലും ഇനി നിര്‍മിതബുദ്ധിയുടെ പിന്തുണയില്ലാതെ കുതിപ്പ് സാധ്യമല്ല. അതു ചെയ്യാതെ ഇതു തങ്ങളെ ബാധിക്കുന്നതല്ലെന്നു പറഞ്ഞുവിട്ട് നില്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് വളര്‍ച്ചയല്ല തളര്‍ച്ചയാണുണ്ടാവുക.
ഒരു നാലാം വ്യവസായ വിപ്ലവമാണ് നിര്‍മിതബുദ്ധിയിലൂടെ ലോകം പ്രതീക്ഷിക്കുന്നത്. പണ്ട് ആവി എന്‍ജിനും യന്ത്രങ്ങളും ചേര്‍ന്ന് 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ആദ്യ വ്യവസായ വിപ്ലവത്തിനു തിരികൊളുത്തിയെങ്കില്‍ ഇപ്പോള്‍ നിര്‍മിതബുദ്ധിയും റോബോട്ടിക്‌സും വര്‍ച്വല്‍ റിയാലിറ്റിയും ഒക്കെച്ചേര്‍ന്ന് നാലാം വ്യവസായ വിപ്ലവത്തിലൂടെ ലോകത്തെ നയിക്കുകയാണ്.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it