വിപണി ഇടിയുമ്പോഴും നിക്ഷേപകര്‍ക്ക് ശാന്തമായി ഉറങ്ങാന്‍ കഴിയുമോ?

ഒക്ടോബര്‍ അവസാന വാരം തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണി ഗണ്യമായ താഴ്ചയുടെ ഒരുമാസം പിന്നിട്ടിരുന്നു. സെപ്റ്റംബര്‍ 26ന് സെന്‍സെക്‌സ് 85,978.25 ഉം നിഫ്റ്റി 26,277.35 ഉം വരെ ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ വിപണി റെക്കോഡ് കുറിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം ഒക്ടോബര്‍ 25ന് സെന്‍ സെക്‌സ് 79,402.29ലാണ് ക്ലോസ് ചെയ്തത്. 6575.96 പോയിന്റ് അഥവാ 7.65 ശതമാനം താഴ്ച. നിഫ്റ്റി അന്ന് ക്ലോസ് ചെയ്തത് 24,180.80ല്‍ ആയിരുന്നു (2096.55 പോയിന്റ് അഥവാ 7.98 ശതമാനം ഇടിവ്). ഒരുമാസം കൊണ്ടുള്ള ഇത്രയും നഷ്ടം അത്ര ചെറുതല്ല. ഒക്ടോബര്‍ 28ന് ഈ നഷ്ടത്തില്‍ ഒരു ശതമാനത്തിലധികം തിരിച്ചുപിടിച്ചത് വിപണിയുടെ മൗലിക കരുത്തിനെയാണ് കാണിക്കുന്നത്. എങ്കിലും 'കറുത്ത' ഒക്ടോബറിലെ നിരന്തരമായ ഇടിവും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയും പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.

ഇങ്ങനെ താഴ്ന്നാല്‍ എന്തു ചെയ്യും

ദീര്‍ഘകാല അടിസ്ഥാനത്തിലും മധ്യകാല അടിസ്ഥാനത്തിലും നല്ല നേട്ടം നല്‍കുന്ന വിപണിയാണ് ഇന്ത്യയെന്ന് എല്ലാവരും എപ്പോഴും പറയുന്നതാണ്. അപ്പോള്‍ ഈ ഇടിവോ?

ചോദ്യം ശരിയാണ്. പക്ഷേ, ഉത്തരമുണ്ട്. ദീര്‍ഘകാല, മധ്യകാല കഥയ്ക്കു കോട്ടം ഇല്ല. അതിനിടെ ഹ്രസ്വകാല താഴ്ച ഉണ്ടാകുകയും ചെയ്തു. ഇതൊരു തിരുത്തലായി കണ്ടാല്‍ പ്രശ്‌നം തീരും. എങ്കിലും ഇങ്ങനെ താഴ്ന്നാല്‍ എന്തുചെയ്യും എന്ന ചോദ്യം വീണ്ടും ഉയരും. അടിസ്ഥാന കാര്യങ്ങള്‍ വിലയിരുത്തി, നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്ക്ഇ ത്തരം അവസരങ്ങളില്‍ ചിന്താക്കുഴപ്പമില്ല. ആഗോള സാഹചര്യം തൃപ്തികരമാണ്. വലിയ യുദ്ധഭീഷണിയും ഇല്ലെന്നു മാത്രമല്ല, മാന്ദ്യമോ അമിത വിലക്കയറ്റമോ പ്രതീക്ഷിക്കുന്നുമില്ല. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച തൃപ്തികരവും വ്യവസായ മേഖലയ്ക്ക് അനുകൂല അന്തരീക്ഷവുമാണുള്ളത്. ഇതെല്ലാം കണക്കിലെടുത്ത ശേഷം നല്ല വളര്‍ച്ച പ്രതീക്ഷിക്കാവുന്ന മേഖലകളിലെ നല്ല കമ്പനികളില്‍ നിക്ഷേപിച്ചവര്‍ക്ക് ആശങ്കയ്ക്ക് വകയില്ല. വിപണിയുടെ ദൈനംദിന കയറ്റിറക്കങ്ങള്‍ അവര്‍ ഗൗരവമായി കണക്കിലെടുക്കില്ല. ഓഹരി വിലയും ശ്രദ്ധിക്കണമെന്നില്ല. അവര്‍ ആഗോള സാഹചര്യം ശ്രദ്ധിക്കും. സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുകയും ദേശീയ സാഹചര്യം നിരീക്ഷിക്കുകയും വിലക്കയറ്റ പ്രവണത ഉണ്ടോ എന്ന് പഠിക്കുകയും ചെയ്യും. കൂടാതെ രാജ്യത്തെ ജിഡിപി വളര്‍ച്ചയ്ക്ക് ക്ഷീണം വരുത്തുന്ന കാര്യങ്ങള്‍ വല്ലതും ഉണ്ടോ എന്നു ശ്രദ്ധിച്ച് നിക്ഷേപം നടത്തിയ കമ്പനികളില്‍ എന്തെങ്കിലും സംഭവിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ആ കമ്പനികളുടെ വ്യവസായ മേഖലയിലെ കാര്യങ്ങള്‍ ആരാഞ്ഞ ശേഷം അവര്‍ സ്വസ്ഥമായി ഉറങ്ങുകയും ചെയ്യും. വില കുറയുന്നത് ചില സാഹചര്യങ്ങളില്‍ അവര്‍ക്ക് അവസരമായും മാറും. താഴ്ന്ന വിലയ്ക്ക് കൂടുതല്‍ വാങ്ങാം.

ഇവരാണ് വിപണിയെ സജീവമാക്കുന്നത്

പക്ഷേ വ്യാപാര ശീലക്കാര്‍ക്ക് വിലത്തകര്‍ച്ച താങ്ങാന്‍ പറ്റില്ല. കാരണം ഹ്രസ്വകാല ലക്ഷ്യങ്ങളിലാണ് അവര്‍ വാങ്ങുന്നതും വില്‍ക്കുന്നതും. അപ്പോള്‍ വില ഉദ്ദേശിക്കുന്നതു പോലെ കയറുകയോ ഇറങ്ങുകയോ ചെയ്യില്ലെങ്കില്‍ നഷ്ടം വരികയും വേവലാതിപ്പെടുകയും ചെയ്യും. അന്നന്ന് വാങ്ങി വില്‍ക്കുന്ന ഡേ ട്രേഡര്‍മാരും ഏതാനും ദിവസമോ ആഴ്ചകളോ കൈവശം വെച്ച് വില്‍ക്കുന്നവരും ആയ വ്യാപാര ശീലക്കാരെ നിക്ഷേപകര്‍ക്ക് പൊതുവെ പുച്ഛമാണ്. വിപണിയെ കുഴപ്പത്തിലാക്കുന്നത് അത്തരക്കാരാണെന്നാണ് വിമര്‍ശനം. എക്‌സിറ്റ് പോള്‍ കണ്ട് വാങ്ങിക്കൂട്ടിയും യഥാര്‍ത്ഥ ഫലം വന്നപ്പോള്‍ വിറ്റൊഴിച്ചും വിപണിയെ ചാഞ്ചാടിച്ചത് അത്തരക്കാരാണെന്നും കുറ്റപ്പെടുത്തും. പക്ഷേ ഇങ്ങനെ വേവലാതിപ്പെടുകയും നഷ്ടവും ലാഭവും മാറിമാറി ഉണ്ടാക്കുകയും ചെയ്യുന്ന ഈ വ്യാപാര ശീലക്കാരാണ് ഒരര്‍ത്ഥത്തില്‍ വിപണികളെ സജീവമാക്കി നിര്‍ത്തുന്നത്. വിപണികളെ ആകര്‍ഷകമാക്കുന്ന ഏറ്റവും പ്രധാന ഘടകമായ ലിക്വിഡിറ്റി (എളുപ്പം പണമാക്കാവുന്ന സാധ്യത) ഇത്തരക്കാര്‍ വഴിയാണ് ഉണ്ടാകുന്നത്. എല്ലാവരും മധ്യകാല, ദീര്‍ഘകാല നിക്ഷേപകരായിരുന്നാല്‍ വല്ലപ്പോഴും മാത്രമേ വാങ്ങലുകാരും വില്‍പ്പനക്കാരും വരികയുള്ളൂ. ഏത് ദിവസവും ഏത് ഷെയറും വാങ്ങാനോ വില്‍ക്കാനോ പറ്റുന്ന ഇപ്പോഴത്തെ സാഹചര്യം ഇല്ലാതാകുകയും ചെയ്യും.

വാറന്‍ ബഫറ്റും 'ആപ്പിള്‍' വില്‍പ്പനയും

വാറന്‍ ബഫറ്റിന്റെ ആപ്പിള്‍ പ്രേമം എല്ലാവര്‍ക്കും അറിവുള്ളതാണ്. ആപ്പിളിനെ ഏറ്റവും മികച്ച ഓഹരിയായി കണക്കാക്കി ബഫറ്റ് തന്റെ നിക്ഷേപ കമ്പനിയായ ബെര്‍ക് ഷയര്‍ ഹാഥവേയുടെ ഏറ്റവും വലിയ നിക്ഷേപം അതില്‍ നടത്തി. 2016നും 2018നും ഇടയ്ക്ക് ആപ്പിളിന്റെ 90 കോടിയില്‍പ്പരം ഓഹരികള്‍ അദ്ദേഹം വാങ്ങിക്കൂട്ടി. ബെര്‍ക് ഷയര്‍ ഹാഥവേയുടെ മൊത്തം ഓഹരി നിക്ഷേപത്തില്‍ 55 ശതമാനം ആപ്പിളിലായിരുന്നു. ഓഹരിക്ക് ശരാശരി 40 ഡോളറില്‍ താഴെ നല്‍കിയായിരുന്നു നിക്ഷേപം. ലോകത്തിലെ ഏറ്റവും വിശ്രുതനായ നിക്ഷേപകന്‍ തന്റെ പണത്തിന്റെ സിംഹഭാഗവും ഒരു കമ്പനിയില്‍ മാത്രം ആക്കുന്നതിന്റെ യുക്തി പലരും ചോദ്യം ചെയ്തിട്ടുണ്ട്. അതിനെപ്പറ്റി പലരും ചര്‍ച്ച നടത്തുകയും ബഫറ്റിനോടു തന്നെ ചോദിക്കുകയും ചെയ്തു. ആപ്പിള്‍ ലോകത്തിലെ ഏറ്റവും മികച്ച കമ്പനിയാണ് എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ വര്‍ഷം അദ്ദേഹം ചിത്രം മാറ്റി. ജനുവരി ജൂണ്‍ കാലയളവില്‍ ആപ്പിള്‍ ഓഹരികളില്‍ 56 ശതമാനം വിറ്റു. ഒന്നാം പാദത്തില്‍ 13 ശതമാനവും രണ്ടാം പാദത്തില്‍ ബാക്കിയും. ജൂണില്‍ അവസാനിച്ച കാലയളവില്‍ ആപ്പിള്‍ കമ്പനിയുടെ വരുമാനം അഞ്ച് ശതമാനവും പ്രതിഓഹരി വരുമാനം (ഇപിഎസ്) 11 ശതമാനവും വര്‍ധിച്ചിരുന്നു. താരതമ്യത്തില്‍ മോശമല്ലാത്ത പ്രകടനം. ഓഹരി വിലയാണെങ്കില്‍ ഈ വര്‍ഷം ഇതുവരെ 25 ശതമാനം കയറി.

ബഫറ്റ് വിറ്റത് എന്തുകൊണ്ട്?

അതിന് ബഫറ്റ് വിശദീകരണം ഒന്നും പറഞ്ഞിട്ടില്ല. മൂന്നാം പാദത്തിലും അദ്ദേഹം വില്‍പ്പന തുടര്‍ന്നോ എന്ന് നോക്കുകയാണ് നിക്ഷേപകര്‍ എന്തെങ്കിലും ക്ലൂ കണ്ടെത്താന്‍. രണ്ട് കാര്യങ്ങള്‍ പൊതുവേ അറിയാം. 40 ഡോളറിന് താഴെ നല്‍കി വാങ്ങിയ ഓഹരികള്‍ ഈ വര്‍ഷം ഒന്നാം പകുതിയിലെ ശരാശരി വിലയായ 186 ഡോളറിന് അദ്ദേഹം വിറ്റാല്‍ ലാഭം 365 ശതമാനം. ശരാശരി ഏഴ് വര്‍ഷം കൈവശം വെച്ച ഓഹരിയിലെ ലാഭം വളരെ മികച്ചത് എന്നേ പറയാനാകൂ. ബഫറ്റ് വിറ്റ ശേഷവും ആപ്പിള്‍ ഓഹരി ഉയര്‍ന്നു. ചിലര്‍ കണക്കുകൂട്ടി പറയുന്നത് ബഫറ്റിന്റെ വില്‍പ്പന സെപ്റ്റംബറിലായിരുന്നെങ്കില്‍ 2,300 കോടി ഡോളര്‍ അധികം കിട്ടുമായിരുന്നു എന്നാണ്. ഇത്രയേറെ ഓഹരി ഒന്നിച്ച് ഒരു മാസം വില്‍ക്കാന്‍ തുനിഞ്ഞാല്‍ വരാവുന്ന വിലത്തകര്‍ച്ച കണക്കാക്കാത്ത വിലയിരുത്തലായേ അതിനെ കാണാനാവൂ. അപ്പോഴും ചോദ്യം ശേഷിക്കുന്നു എന്തിനാണ് വിറ്റത്? ബഫറ്റ് വാങ്ങുമ്പോള്‍ ആപ്പിള്‍ ഓഹരിയുടെ പിഇ അനുപാതം 10 ആയിരുന്നു. ഇപ്പോഴത് 35 ആണ്. കുറഞ്ഞ വിലയില്‍ (പിഇ അനുപാതത്തില്‍) വാങ്ങിക്കൂട്ടിയ വിലയ്ക്കു വിറ്റു. മറ്റൊരു വിശദീകരണം കൂടിയുണ്ട്. ആപ്പിള്‍ കുറച്ചു കാലമായി പുതുമ അവതരിപ്പിക്കുന്നില്ല. ഐഫോണ്‍ തുടങ്ങിയിട്ട് 18 വര്‍ഷമായി. ഐഫോണ്‍ ആണ് കമ്പനിയുടെ വരുമാനത്തില്‍ 53 ശതമാനം നല്‍കുന്നത്. അതുപോലെ വളര്‍ച്ച സാധ്യതയുള്ള പുതിയ ഒന്നും കമ്പനിയില്‍ നിന്നും വരുന്നില്ല. പ്രഖ്യാപിച്ച ഇലക്ട്രിക് കാര്‍ അടക്കമുള്ള പലതും ഇനിയും പുറത്തുവന്നിട്ടില്ല. നിര്‍മിതബുദ്ധി മേഖലയില്‍ കമ്പനിക്ക് വ്യക്തമായ ആശയങ്ങളും പരിപാടികളും പറയാനില്ല. കമ്പനിക്ക് ഭാവനാ ദാരിദ്ര്യം ഉണ്ടെന്നത് വ്യക്തം. കമ്പനിയുടെ ശരാശരി വളര്‍ച്ച 2022ന് ശേഷം കുറഞ്ഞുവരികയാണ്. ഇനിയും ഓഹരി കയ്യിലിരുന്നാല്‍ അത് വലിയ നഷ്ടത്തിലേക്ക് നയിക്കും. അതാകാം ബഫറ്റിനെ നയിച്ച ചിന്ത.

പാഠം ഒന്ന്: എത്ര ഇഷ്ടപ്പെട്ടതായാലും വളര്‍ച്ച മുരടിച്ചു തുടങ്ങിയാല്‍ കമ്പനിയെ കയ്യൊഴിയുക.

പാഠം രണ്ട്: ഓഹരി വിലയല്ല, കമ്പനിയുടെ പ്രകടനമാണ് വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും നോക്കേണ്ടത്.

(ധനം മാഗസിന്‍ നവംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it