വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം സ്വര്‍ണം സൂക്ഷിക്കാം, മറ്റുള്ളവര്‍ക്കോ? ഇന്‍കം ടാക്‌സ് പറയുന്നത്

ഇന്ത്യയില്‍ സ്വത്ത് എന്നു പറയുന്നതില്‍ തന്നെ സ്ഥലം, സ്വര്‍ണം, വസ്തുവകകങ്ങള്‍ എന്നിങ്ങനെയാണ് തരം തിരിക്കപ്പെടുക. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് കുടുംബങ്ങളുടെ സ്വത്തില്‍ സ്വര്‍ണത്തിനുള്ള പങ്കും. രാജ്യത്തെ കുടുംബങ്ങളുടെ സ്വത്ത് കണക്കാക്കിയാല്‍ മൂന്നില്‍ രണ്ട് ഭാഗവും സ്വര്‍ണവും റിയല്‍ എസ്റ്റേറ്റ് നിക്ഷേപവുമാണെന്നതും ഇതിന് സൂചകമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആഭരണ രൂപത്തില്‍ സ്വര്‍ണം സൂക്ഷിക്കുന്നതില്‍ ഒന്നാമതാണ് നമ്മള്‍. ആദായ നികുതി വകുപ്പിന്റെ ചട്ടമനുസരിച്ച് ഒരു വ്യക്തിക്ക് നിശ്ചിത അളവിലുള്ള സ്വര്‍ണമേ കയ്യില്‍ സൂക്ഷിക്കാവൂ എന്ന നിയന്ത്രണങ്ങളൊന്നുമില്ല. എന്നാല്‍ രേഖകളും അധികനികുതിയും ഇല്ലാതെ ഒരാള്‍ക്ക് കയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് കണക്കുണ്ട്.
ഒരു കുടുംബത്തിലെ വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാം സ്വര്‍ണം കയ്യില്‍ സൂക്ഷിക്കാം. അവിവാഹിതകള്‍ക്ക് 250 ഗ്രാമും പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണവും മാത്രമേ കയ്യില്‍ സൂക്ഷിക്കാവൂ. മുമ്പ് കേരളത്തില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ കയ്യിലെ സ്വര്‍ണ വള ചര്‍ച്ചയായതും ഇത്തരത്തിലാണ്. അതേസമയം ആദായ നികുതി വകുപ്പില്‍ സ്വര്‍ണത്തെക്കുറിച്ചുള്ള രേഖകള്‍ സമര്‍പ്പിച്ച് നികുതി കൃത്യമായി അടയ്ക്കുന്ന ഒരാള്‍ക്ക് കയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് പരിമിതികളില്ല എന്നതാണ് സത്യം. സുരക്ഷിതമായി സൂക്ഷിക്കണമെന്നുമാത്രം.
പാരമ്പര്യമായി കിട്ടിയവ, വരുമാനമുപയോഗിച്ച് വാങ്ങിയവ എന്നിങ്ങനെയുള്ള കണക്കുകള്‍ കാണിച്ചാല്‍ ഒരാള്‍ക്ക് പരിമിതികളില്ലാതെ സ്വര്‍ണം കയ്യില്‍ വയ്ക്കാമെന്ന് 2016 ഡിസംബര്‍ ഒന്നിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സ്വര്‍ണത്തിന്റെ സ്രോതസ്സ് കൃത്യമായി വെളിപ്പെടുത്തിയാല്‍ സ്വന്തമായുള്ള സ്വര്‍ണത്തിന്മേലുള്ള നികുതി കൃത്യമായി അടച്ചാല്‍ നൂലാമാലകളില്ല എന്നര്‍ഥം.
വീട്ടില്‍ സൂക്ഷിക്കാമോ ?
സ്വന്തം റിസ്‌കില്‍, മതിയായ രേഖകളോടെ വീട്ടില്‍ എത്രമാത്രം സ്വര്‍ണവും സൂക്ഷിക്കാം. എന്നാല്‍ അതിനനുസൃതമായുള്ള വരുമാന രേഖകള്‍ കാണിക്കണം എന്നുമാത്രം. പൈതൃകമായി കൈമാറിയതെങ്കില്‍ അതും. ഗിഫ്റ്റ് ആയി കിട്ടിയതാണെങ്കില്‍ പ്രൈമറി ഓണര്‍ എഴുതി നല്‍കിയ ഒരു കുറിപ്പ് (സാധാരണ മുദ്ര പത്രത്തിലോ, കമ്പനിയുടെ റസീപ്റ്റിലോ) കൈവശം സൂക്ഷിച്ചാല്‍ മതിയാകും.
Read More: സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ജൂലൈ ആറു മുതല്‍ നിക്ഷേപിക്കാം; പുതിയ വിലയും വിവരങ്ങളും
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline