Begin typing your search above and press return to search.
ആര്‍.ബി.ഐ വിലക്കില്‍ തകര്‍ന്നടിഞ്ഞ് ഐ.ഐ.എഫ്.എല്‍; നേട്ടമാക്കി മുത്തൂറ്റും മണപ്പുറവും
ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിന്റെ സ്വര്‍ണപ്പണയ ബിസിനസ് റിസര്‍വ് ബാങ്ക് വിലക്കിയതിനു പിന്നാലെ കമ്പനിയുടെ ഓഹരി വില 20 ശതമാനത്തോളം ഇടിഞ്ഞു. നിബന്ധനകള്‍ പാലിക്കാത്തതിനാണ് ഉടന്‍ പ്രാബല്യത്തില്‍ വരും വിധം റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയത്. അനുവദനീയമായതില്‍ കൂടുതല്‍ തുക വായ്പ നല്‍കുന്നതാണ് പ്രധാന ചട്ടലംഘനം എന്നാണു സൂചന. സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിലും തൂക്കം രേഖപ്പെടുത്തുന്നതിലും ചില ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
കമ്പനിയുടെ വായ്പകളില്‍ 32 ശതമാനം സ്വര്‍ണപ്പണയത്തിലാണ്. ഡിസംബറിലെ കണക്കനുസരിച്ച് 25,000 കോടി രൂപ സ്വര്‍ണപ്പണയ വായ്പയായി നല്‍കിയിട്ടുണ്ട്. സ്വര്‍ണ പണയ വായ്പയില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് ഐ.എഫ്.എഫ്.എല്‍.
നേട്ടമാക്കി കേരള ഓഹരികള്‍
ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിന് എതിരായ നടപടി ഇന്ന് നേട്ടമായത് കേരളത്തിലെ പ്രമുഖ സ്വര്‍ണപ്പണയ കമ്പനികളുടെ ഓഹരികള്‍ക്കാണ്. തൃശൂര്‍ ആസ്ഥാനമായ മണപ്പുറം ഫിനാന്‍സ് ഓഹരി ഇന്ന് 8 ശതമാനത്തോളവും കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് ഫിനാന്‍സ് 14 ശതമാനവും കുതിച്ചുയര്‍ന്നു. 2022 സെപ്റ്റംബറിനു ശേഷം മണപ്പുറം ഫിനാന്‍സ് ഓഹരിയിലുണ്ടായ ഏറ്റവും വലിയ ഇന്‍ട്രാ ഡേ ഉയര്‍ച്ചയാണിത്. മണപ്പുറത്തിന്റെ രണ്ട് കോടിയോളം ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടു. ഇവയുടെ 20 ദിന ശരാശരി 15.7 ലക്ഷം ഓഹരികളാണ്.
2020 ജൂണിനു ശേഷം ആദ്യമായാണ് മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഒറ്റദിനത്തില്‍ ഇത്രയും ഉയരുന്നത്. മുത്തൂറ്റിന്റെ 30 ലക്ഷം ഓഹരികളാണ് ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടത്. 20 ദിവസത്തെ ശരാശരി കൈമാറ്റം വെറും 89,225 ഓഹരിയാണെന്നിരിക്കെയാണിത്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളായി ഉയര്‍ച്ചയിലാണ്.
വ്യാപാരത്തിന്റെ ആദ്യ സമയങ്ങളിലെ ഉയര്‍ച്ചയില്‍ നിന്ന് ഇരു ഓഹരികളും പിന്നീട് താഴേക്ക് നീങ്ങി. നിലവില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 4.07 ശതമാനവും മണപ്പുറം ഫിനാന്‍സ് 3.65 ശതമാനവും ഉയര്‍ച്ചയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 12 മാസക്കാലയളവില്‍ മണപ്പുറം ഓഹരി 70 ശതമാനവും മുത്തൂറ്റ് ഓഹരി 50 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
സ്വര്‍ണപ്പണയ രംഗത്തു സജീവമായ സി.എസ്.ബി ബാങ്ക് ഓഹരി രാവിലെ അഞ്ചു ശതമാനം ഉയര്‍ന്ന് 368 രൂപയിലെത്തി. ഐ.എഫ്.എഫ്.എല്ലിനേറ്റ തിരിച്ചടിയും സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിനില്‍ക്കുന്നതുമാണ് മറ്റ് സ്വര്‍ണപ്പണയ കമ്പനി ഓഹരികളെ ഉയര്‍ത്തിയത്.
Next Story
Videos