ലോക വെള്ളി ഉത്പാദനത്തില്‍ മൂന്നാം സ്ഥാനം നേടി ഇന്ത്യന്‍ കമ്പനി

വിവിധ ലോഹങ്ങള്‍ ഉത്പാദിപ്പിക്കുന്ന വേദാന്ത ഗ്രൂപ്പില്‍പ്പെട്ട ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് ലോകത്തെ മൂന്നാമത്തെ വലിയ വെള്ളി ഉത്പാദക കമ്പനിയായി മാറി. സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വേള്‍ഡ് സില്‍വര്‍ സര്‍വേ 2024ലാണ് പ്രഖ്യാപനം. 2023ല്‍ 746 മെട്രിക്ക് ടണ്‍ ഉത്പാദിപ്പിച്ചു കൊണ്ടാണ് ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിക്ക് ലോക അംഗീകാരം നേടാന്‍ സാധിച്ചത്.
ഹിന്ദുസ്ഥാന്‍ സിങ്ക് ഉടമസ്ഥതയിലുള്ള രാജസ്ഥാനിലെ സിന്ദേശ്വര്‍ ഖുര്‍ദ് ഖനിയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ വെള്ളി ഉത്പാദക ഖനിയായി മാറിയത്. 2023ലെ മൊത്തം ഉത്പാദനം 538.64 ടണ്‍. ഹിന്ദുസ്ഥാന്‍ സിങ്ക് വെള്ളി ഉത്പാദനത്തില്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.
അടുത്തിടെ സ്വര്‍ണത്തോടൊപ്പം വെള്ളിയുടെ വിലയും കുതിച്ചുയര്‍ന്നത് കമ്പനിക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി വില ഏപ്രില്‍ 12ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 437.80 രൂപയില്‍ എത്തി. കഴിഞ്ഞ 6 മാസത്തില്‍ ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി 30 ശതമാനം വര്‍ധിച്ചിരുന്നു.
2024-25ല്‍ വെള്ളി ഉത്പാദനം 750-775 മെട്രിക് ടണ്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24 നാലാം പാദത്തില്‍ സിങ്ക് വില്‍പ്പന വര്‍ധിച്ചത് കൊണ്ട് ഈയം, വെള്ളി വില്‍പ്പനയില്‍ ഉണ്ടായ കുറവ് മൂലം കമ്പനിയുടെ വരുമാനത്തിലുണ്ടായ വലിയ ഇടിവ് തടയാന്‍ സഹായിച്ചു.

നാലാം പാദത്തില്‍ വരുമാനം 21 ശതമാനം ഇടിവ് രേഖപ്പെടുത്തി -2038 കോടി രൂപ. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് കൊണ്ട് നിര്‍മാണ മേഖലയില്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നു. ഇത് ഹിന്ദുസ്ഥാന്‍ സിങ്കിന് നേട്ടമാകുമെന്ന് കരുതാം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it