ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്റെ നിക്ഷേപം എങ്ങനെയാണ്? കഴിഞ്ഞ വര്‍ഷത്തെ നേട്ടം എത്ര?

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനും മുന്‍നിര സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ സീറോധയുടെ സഹസ്ഥാപകനുമായ നിഖില്‍ കാമത്ത് അടുത്തിടെ യുവ സംരംഭകരോട് തന്റെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുകയുണ്ടായി. നിലവില്‍ 3.1 ബില്യണ്‍ ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) ആസ്തിയുള്ള നിഖില്‍ പത്താം ക്ലാസിന് ശേഷം പഠനം നിറുത്തി കോളേജ് ഡിഗ്രി പോലുമില്ലാതെയാണ് വലിയ നേട്ടങ്ങള്‍ എത്തിപ്പിടിച്ചത്. ജീവിതത്തെ അത്ര സീരിയസായി കാണരുതെന്നതാണ് അദ്ദേഹത്തിന്റെ ഒരു ഫിലോസഫി. തന്റെ സ്‌കൂള്‍ പഠനകാലത്ത് അനുഭവിച്ച പേടിയെയും അരക്ഷിതത്വത്തെയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് പറയുന്നത്.

'ഹം സബ് മര്‍നെ വാലെ ഹേ'- നമ്മളെല്ലാവരും മരിക്കാന്‍ പോകുകയാണ് എന്നതാണ് അദ്ദേഹത്തിന്റെ ആപ്ത വാക്യം. തിരിച്ചടികളോ വിഷമങ്ങളോ ഉണ്ടാകുമ്പോള്‍ വേവലാതിപ്പെടാതിരിക്കാന്‍ ഈ ചിന്തയാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് കാമത്ത് പറയുന്നു. പരീക്ഷയില്‍ തോറ്റാലോ, ഇഷ്ടം തോന്നിയ പെണ്‍കുട്ടിക്ക് തിരിച്ച് ഇഷ്ടം തോന്നിയില്ലെങ്കിലോ ഒക്കെ വളരെ സിംപിളായി കണ്ടാല്‍ മതിയെന്ന് നിഖില്‍ കാമത്ത് പറയുന്നു.
നിക്ഷേപത്തിലും സിംപിള്‍
നിക്ഷേപത്തിന്റെ കാര്യത്തിലും ഇതേ മനോഭാവം തന്നെയാണ് നിഖില്‍ കാമത്ത് പിന്തുടരുന്നതെന്ന് അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോ നോക്കിയാല്‍ മനസിലാകും.
കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ നല്‍കിയ നേട്ടം വെറും 25 ശതമാനം മാത്രമാണ്. നിഫ്റ്റിയുടെ നേട്ടത്തേക്കാള്‍ 4-5 ശതമാനം കുറവ്. ഇക്വിറ്റിയിലേക്ക് അദ്ദേഹം അത്ര ശ്രദ്ധ കൊടുക്കുന്നില്ല. പബ്ലിക് ഇക്വിറ്റി, പ്രൈവറ്റ് ഇക്വിറ്റി, ടാക്‌സ് ഫ്രീ ബോണ്ടുകള്‍, സ്വർണം എന്നിവയിലായി നിക്ഷേപം വിഭജിച്ചിരിക്കുകയാണ്. 45 ശതമാനം ടാക്‌സ് ഫ്രീ ഹോണ്ടുകളിലും സ്വര്‍ണത്തിലുമാണ്. 40 ശതമാനം പബ്ലിക് മാര്‍ക്കറ്റിലാണ്. ബാക്കി 15 ശതമാനം ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളിലും വെഞ്ചര്‍ ക്യാപിറ്റലിലുമായി നിക്ഷേപിച്ചിട്ടുണ്ട്.

അത്ര ശുഭാപ്തി വിശ്വാസിയല്ല

മിഡ്, സ്‌മോള്‍ക്യാപ് റാലി തുടരുമോ എന്നതിന് അദ്ദഹം മറുപടി നല്‍കിയത് മാര്‍ക്കറ്റിനെ കുറിച്ച് പ്രവചിക്കാനാകില്ലെന്നാണ്. അതേ പോലെ ഭാവി പ്രതീക്ഷയെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഞാന്‍ അത്ര ശുഭാപ്തി വിശ്വാസിയല്ലെന്നും തന്റെ സ്വഭാവമങ്ങനെയാണെന്നുമാണ്. മ്യൂച്വല്‍ഫണ്ടിനേക്കാള്‍ സ്റ്റോക്കുകളിലാണ് കൂടുതല്‍ ആക്ടീവ്. സീറോധയുടെ മ്യൂച്വല്‍ഫണ്ടുകളിലും നിക്ഷേപമുണ്ട്.
പ്രമുഖ ഇന്‍ഫ്‌ളുവന്‍സറും പോഡ്കാസ്റ്ററുമാണ് നിഖില്‍ കാമത്ത്. ധാരാളം പേരാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. സംരംഭകനായ അഭിജീത് പൈയുമായി ചേര്‍ന്ന് ഗൃഹസ് എന്ന സംരംഭക മൂലധന ഫണ്ടും നിഖില്‍ കാമത്ത് ആരംഭിച്ചിരുന്നു. മാധ്യമ വിനോദ മേഖല, ഉപഭോക്തൃ മേഖല എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it