വിപണിമൂല്യത്തില്‍ പറന്നുയര്‍ന്ന് ഇന്‍ഡിഗോ; ഓഹരി വിലക്കുതിപ്പിന് കാരണമിതാണ്‌

ആഗോള എയര്‍ലൈന്‍ കമ്പനികളില്‍ വിപണിമൂല്യത്തില്‍ മൂന്നാമതെത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇന്നലെ (ഏപ്രില്‍ 10) ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് റെക്കോഡ് ഉയരത്തിലെത്തിയതോടെയാണ് വിപണി മൂല്യവും കുതിച്ചുയര്‍ന്നത്. തുടര്‍ച്ചയായ നാലാം ദിവസം മുന്നേറ്റം കാഴ്ചവച്ചതോടെ ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി വില 3,801 രൂപയിലെത്തി. അതുവഴി കമ്പനിയുടെ വിപണി മൂല്യം 1.46 ലക്ഷം കോടി രൂപയായി.

2023ല്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ റാമത്തെ യര്‍ലൈന്‍ കമ്പനിയായി മാറിയിരുന്നു
ഇന്‍ഡിഗോ
. നിലവില്‍ അമേരിക്കയിലെ ഡെല്‍റ്റ എയര്‍, അയര്‍ലന്‍ഡിലെ റൈനെയര്‍ ഹോള്‍ഡിംഗ്‌സ് എന്നിവയാണ് ടോപ് കമ്പനികള്‍. ഇവയുടെ മൂല്യം 30.4 ബില്യണ്‍ ഡോളര്‍, 26.5 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ്.
ഓഹരി മുന്നേറ്റത്തിന് പിന്നിൽ

പത്ത് എ320 നിയോ വിമാനങ്ങള്‍ വാങ്ങാന്‍ മാര്‍ച്ച് 15ന് ഓര്‍ഡര്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഓഹരി വിലയില്‍ മുന്നേറ്റമുണ്ടായത്. എയര്‍ക്രാഫ്റ്റ് നിരയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതു കൊണ്ടു തന്നെ കമ്പനിയെ സംബന്ധിച്ച് നിര്‍ണായകമായൊരു സംഭവ വികാസമാണിത്. ജൂണില്‍ 500 എയര്‍ക്രാഫ്റ്റുകള്‍ക്കുള്ള ഓര്‍ഡര്‍ എയര്‍ബസിന് നല്‍കിയതും കമ്പനിയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.

കൂടാതെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിവിധ ബ്രോക്കറേജുകള്‍ കരുത്തുറ്റ വളര്‍ച്ചാ പ്രതീക്ഷ ഓഹരിക്ക് നല്‍കിയിരുന്നു. യു.ബി.എസ് ബൈ ശിപാര്‍ശ നല്‍കിയപ്പോള്‍ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസും ബുള്ളിഷ് ട്രെന്‍ഡാണ് പ്രവചിക്കുന്നത്. ഓഹരി ട്രാക്ക് ചെയ്യുന്ന 20 ഓളം അനലിസ്റ്റുകള്‍ ബൈ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തോടെ ശേഷിയിലും വരുമാനത്തിലും ഇരട്ടയക്ക വളര്‍ച്ച നേടാനാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി നിക്ഷേപകര്‍ക്ക് 101.98 ശതമാനത്തോളം നേട്ടം സമ്മാനിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷക്കാലത്ത് 130 ശതമാനവും അഞ്ച് വര്‍ഷക്കാലത്ത് 170 ശതമാനവുമാണ് ഓഹരിയുടെ നേട്ടം.

Related Articles
Next Story
Videos
Share it