നിക്ഷേപകരുടെ കുത്തൊഴുക്ക്, ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റ് വളര്‍ന്നത് 641 ശതമാനം

ക്രിപ്‌റ്റോകറന്‍സി നിക്ഷേപത്തില്‍ ഒരു വര്‍ഷത്തിനിടെ കുതിച്ചുചാട്ടം നടത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ ക്രിപ്‌റ്റോ മാര്‍ക്കറ്റില്‍ 641 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ചൈനാലിസിസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും മധ്യ, തെക്കന്‍ ഏഷ്യയിലെ ക്രിപ്റ്റോകറന്‍സി വിപണികളുടെ വിപുലീകരണത്തില്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ആറിരട്ടിയിലധികം വളര്‍ന്നപ്പോള്‍ പാകിസ്താന്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റില്‍ 711 ശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

10 മില്യണ്‍ ഡോളറിന് മുകളിലുള്ള ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ ഇന്ത്യയാണ് മുന്നിലുള്ളത്. ഇന്ത്യന്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റിന്റെ 42 ശതമാനവും ഈ വിഭാഗത്തില്‍നിന്നുള്ളവരാണ്. പാകിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ യഥാക്രം 28 ശതമാനം, 29 ശതമാനം എന്നിങ്ങനെയാണ് ഈ വിഭാഗത്തില്‍നിന്നുള്ള പങ്കാളിത്തം. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ചാഞ്ചാട്ടങ്ങളാണ് ഇന്ത്യന്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റിലുണ്ടായത്. രാജ്യം ക്രിപ്‌റ്റോ നിരോധിക്കുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും നിരവധി പേരാണ് പുതുതായി ക്രിപ്‌റ്റോ നിക്ഷേപം നടത്തുന്നത്.
അതിനിടെ ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ നികുതി ചുമത്തുന്നതിനെ കുറിച്ചുള്ള ആലോചനകളിലാണെന്നും ചൈനാലിസിസ് അഭിപ്രായപ്പെട്ടു.


Related Articles
Next Story
Videos
Share it