ഇന്‍ഫോസിസ് ലാഭക്കുതിപ്പ്: ഒരു മണിക്കൂറില്‍ നിക്ഷേപകര്‍ നേടിയത് 50,000 കോടി രൂപ

മികച്ച പ്രവര്‍ത്തന ഫലത്തിന്റെ വെളിച്ചത്തില്‍ ഇന്‍ഫോസിസിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പു മൂലം ഇന്ന് ബിഎസ്ഇ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ ഇന്‍ഫോസിസ് നിക്ഷേപകരുടെ സമ്പാദ്യത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് 50,000 കോടി രൂപ.ജൂണ്‍ വരെയുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ബെംഗളൂരു ആസ്ഥാനമായ കമ്പനി 11.4 ശതമാനം ഉയര്‍ച്ചയോടെ 4233 കോടി രൂപ ലാഭം രേഖപ്പെടുത്തിയത് വരുമാനം 8.5 ശതമാനം മെച്ചപ്പെടുത്തി 23,655 കോടി രൂപയാക്കിക്കൊണ്ടാണ്.
മുഖ്യ എതിരാളികളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ (ടിസിഎസ്) മറികടന്ന പ്രകടനമാണ് ഇന്‍ഫോസിസിന്റേത്.യുഎസിലെയും യൂറോപ്പിലെയും പ്രധാന വിപണികളില്‍ മഹാമാരി മൂലമുണ്ടായ തടസ്സത്തെത്തുടര്‍ന്ന് 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വരുമാനം 6.3 ശതമാനം ഇടിഞ്ഞ് 5.06 ബില്യണ്‍ ഡോളറിലെത്തിയതായി ടിസിഎസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്‍ഫോസിസിന്റെ വരുമാനവും 4-5 ശതമാനം കുറയുമെന്നായിരുന്നു നിരീക്ഷകര്‍ മുന്‍കൂട്ടി കണക്കാക്കിയത്.
കൊറോണ പ്രതിസന്ധിക്കിടയിലും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 0-2 ശതമാനം വളര്‍ച്ച നേടുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ ഇന്‍ഫോസിസിന് കോവിഡ് -19 പ്രതിസന്ധിയെ പരാജയപ്പെടുത്താന്‍ സഹായകമായത് വിദേശനാണ്യ ചാഞ്ചാട്ടങ്ങളില്ലാത്ത ഡോളറിലെ വരുമാനം 1.5 ശതമാനം വര്‍ധിച്ച് 3.12 ബില്യണ്‍ ആയതാണ്. നിലവിലെ പ്രതിസന്ധിയില്‍ മിക്ക വലിയ സംരംഭങ്ങളിലും ഡിജിറ്റല്‍ സംവിധാനം ത്വരിത ഗതിയിലായത് കമ്പനിക്കു ഗുണകരമായി. ക്ലൗഡ്, ജോലിസ്ഥലം, ഡിജിറ്റല്‍ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ തങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline