എന്‍.ബി.എഫ്.സികളുടെ ഓഹരികളില്‍ ഇപ്പോള്‍ നിക്ഷേപം നടത്താമോ?

എന്‍.ബി.എഫ്.സികളുടെ ഓഹരികളില്‍ ഇപ്പോള്‍ നിക്ഷേപം നടത്താമോ?
Published on

ഐ.എല്‍ & എഫ്.എസിലെ പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ വലിയ സമ്മര്‍ദം നേരിടുകയാണ്. അതോടൊപ്പം സെന്‍സെക്‌സും നിഫ്റ്റിയും വീണ്ടും താഴേക്ക് പോകവേ ഭീതിയിലായ നിക്ഷേപകര്‍ തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റൊഴിയാനാണ് ശ്രമിക്കുന്നത്.

'എന്‍.ബി.എഫ്.സികളില്‍ താല്‍ക്കാലികമായി അസറ്റ് ലയബിലിറ്റി മിസ്മാച്ച് വന്നേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവയിലെ നിക്ഷേപം തുടരാവുന്നതാണ്. കാരണം ഇന്ത്യയിലെ റീറ്റെയ്ല്‍ വായ്പാ ഉപഭോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞിരിക്കുകയാണ്. അതിനാല്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഇന്റര്‍മീഡിയറീസിന് ഇതൊരു മികച്ച അവസരമാണ് നല്‍കുന്നത്' ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്ടറായ രാംകി ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ആഗസ്റ്റ് 28ന് സെന്‍സെക്‌സ് 38896 പോയിന്റും നിഫ്റ്റി 11738 പോയിന്റുമെന്ന റിക്കോഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. അതില്‍ നിന്നും സെപ്തംബര്‍ 26 വരെയുള്ള കണക്ക് പ്രകാരം സെന്‍സെക്‌സ് 2354 പോയിന്റും നിഫ്റ്റി 685 പോയിന്റുമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കുറഞ്ഞിരിക്കുന്നത്. ഇക്കാലയളവില്‍ കേരളത്തിലെ എന്‍.ബി.എഫ്.സികളുടെ ഓഹരി വിലകള്‍ പരിശോധിച്ചാല്‍ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വിലയില്‍ 20.60 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയായ 127.75 രൂപയിലെത്തിയ ഈ ഓഹരി ഇന്നലെ 79.50 രൂപക്കാണ് ക്ലോസ് ചെയ്തത്.

മുത്തൂറ്റ് കാപ്പിറ്റലിന്റെ ഓഹരി വിലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 80.75 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയായ 1256.35 രൂപയിലെത്തിയ ഈ ഓഹരി ഇന്നലെ 884.90 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വിലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 23.35 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയായ 511.85 രൂപയിലെത്തിയ ഈ ഓഹരി ഇന്നലെ 432.70 രൂപക്കാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരി സൂചികകള്‍ വീണ്ടും താഴേക്ക് പോയാലും എന്‍.ബി.എഫ്.സികളുടെ ഓഹരി വിലകള്‍ ഇനിയും കുറഞ്ഞാലും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അതെല്ലാം ഒരു മികച്ച നിക്ഷേപാവസരമായി എടുക്കാവുന്നതാണെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com