ഓണക്കാലത്ത് നിക്ഷേപിക്കാന്‍ അഞ്ച് ഓഹരികള്‍: പൊറിഞ്ചു വെളിയത്ത്

VA Tech Wabag

CMP Rs. 365

ചെന്നൈ ആസ്ഥാനമായുള്ള മള്‍ട്ടി നാഷണല്‍ കമ്പനിയാണ് വിഎ ടെക് വബാഗ്. മുന്‍സിപ്പല്‍, ഇന്‍ഡസ്ട്രിയല്‍ ഉപയോക്താക്കള്‍ക്കുള്ള വാട്ടര്‍ ട്രീറ്റ്‌മെന്റിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വാട്ടര്‍, വേസ്റ്റ്‌വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ ഡിസൈന്‍, നിര്‍മാണം, പ്രവര്‍ത്തന മേല്‍നോട്ടം എന്നിവയാണ് കമ്പനി ചെയ്ത് വരുന്നത്. ആഗോളതലത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 വാട്ടര്‍ കമ്പനികളിലാന്നായി ഗ്ലോബല്‍ വാട്ടര്‍ ഇന്റലിജന്റ്‌സ് റേറ്റ് ചെയ്തിട്ടുണ്ട്. 25 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളും മികച്ച രീതിയിലാണ്. നമാമി ഗംഗ പ്രോജക്ട് കമ്പനിക്ക് മികച്ച സാധ്യതകള്‍ തുറന്നു നല്‍കുന്നതാണ്.

JM Financial

CMP Rs.125

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ബ്രോക്കിംഗ്, അസറ്റ് മാനേജ്‌മെന്റ്, ഡിസ്‌ട്രെസ്ഡ് അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ജെഎം ഫിനാന്‍ഷ്യല്‍. പതാക വാഹക കമ്പനിയായ ജെഎം ഫിനാന്‍

ഷ്യല്‍ ലിമിറ്റഡ് സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മര്‍ച്ചന്റ് ബാങ്കറും ഓപ്പറേറ്റിംഗ് കം ഹോള്‍ഡിംഗ് കമ്പനിയുമാണ്. ഫണ്ട് ബേസ്ഡ്, ഫീ ബേസ്ഡ് എന്നിങ്ങനെ രണ്ടു വിശാലമായ കാറ്റഗറിയിലാണ് കമ്പനിയുടെ ബിസിനസ്. റിയല്‍ എസ്റ്റേറ്റ് ഫിനാന്‍സിംഗ്, അസറ്റ് റീകണ്‍സ്ട്രക്ഷന്‍, കോര്‍പ്പറേറ്റ് ലെന്‍ഡിംഗ്, കാപിറ്റല്‍ മാര്‍ക്കറ്റ് ഫിനാന്‍സിംഗ് തുടങ്ങിയവയാണ് ഫണ്ട് ബേസ്ഡ് ബിസിനസുകള്‍. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്, റീറ്റെയ്ല്‍ ബ്രോക്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ്, അസറ്റ് മാനേജ്‌മെന്റ്, ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയവയാണ് ഫീ ബേസ്ഡ് ആയിട്ടുള്ള പ്രധാന ബിസിനസുകള്‍. കിട്ടാക്കട നിയമങ്ങള്‍ ആര്‍ബിഐ കര്‍ക്കശമാക്കിയത് ജെഎം ഫിനാന്‍സിനെ പോലുള്ള എആര്‍സികള്‍ക്ക് മികച്ച അവസരമൊരുക്കി. 2008 നു ശേഷം കമ്പനി കാപിറ്റല്‍ മാര്‍ക്കറ്റ് പ്ലേയറില്‍ നിന്ന് ഡൈവേഴ്‌സിഫൈഡ് ഫിനാന്‍സ് കമ്പനിയായി മാറി. പുതിയ ബിസിനസില്‍ നിന്നാണ് 74 ശതമാനം വരുമാനവും വരുന്നത്. 26 ശതമാനമാണ് പരമ്പരാഗത ബിസിനസ്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയിംഗ് വഴി കമ്പനി അടുത്തിടെ 650 കോടി രൂപ സമാഹരിച്ചിരുന്നു.

IDFC Bank

CMP Rs. 40

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 2015 ല്‍ ബാങ്കിംഗ് ലൈസന്‍സ് നേടിയ ബാങ്കുകളില്‍ ഒന്നാണ് ഐഡിഎഫ്‌സി. പുതിയ ബാങ്ക് എന്ന നിലയില്‍ സാങ്കേതിക വിദ്യയില്‍ മുന്നിലാണ്. അതേപോലെ മറ്റു ബാങ്കുകള്‍ നേരിടുന്നതു പോലുള്ള നിഷ്‌ക്രിയ ആസ്തി പ്രശ്‌നങ്ങളുമില്ല. കാപ്പിറ്റല്‍ ഫസറ്റുമായി ലയിക്കാനുള്ള തീരുമാനം ഐഡിഎഫ്‌സി ബാങ്കിന്റെ രൂപാന്തരീകരണത്തില്‍ വലിയൊരു നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ബാങ്കിന് 50 ശാഖകളും 387 കോര്‍പ്പറേറ്റ് ബിസിനസ് കറസ്‌പോണ്ടന്റ് ശാഖകളുമുണ്ട്.

Tata Global Beverages

CMP Rs.235

ഇതിനു മുന്‍പും ഈ കോളത്തിലൂടെ പലതവണ ശിപാര്‍ശ ചെയ്തിട്ടുള്ള ഓഹരിയാണ് ടാറ്റ ഗ്ലോബല്‍ ബിവറേജസ്. ടാറ്റ ഗ്രൂപ്പില്‍ കണ്‍സോളിഡേഷനും റീസ്ട്രക്ചറിംഗും നടക്കുന്നതിനാല്‍ ഈ നിലവാരത്തില്‍ ടാറ്റ ഗ്ലോബല്‍ ആകര്‍ഷകമാണ്. ടാറ്റ ടീ, ടെറ്റ്‌ലി, ഹിമാലയന്‍, ഗ്രാന്‍ഡ് കോഫീസ്, എയ്റ്റ് ഒ' ക്ലോക്ക് കോഫി തുടങ്ങിയ ഉല്‍പ്പന്ന നിരയുമായി 40 ഓളം രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഹിമാലയന്‍ ബ്രാന്‍ഡില്‍ പ്രീമിയം മിനറല്‍ വാട്ടറും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. കരുത്തുറ്റ നേതൃത്വത്തിനു കീഴില്‍ ടീ,കോഫി, വാട്ടര്‍ മേഖലകളില്‍ ആഗോള മുമ്പന്‍മാരാകാനുള്ള സാധ്യതയാണ് ടാറ്റ ഗ്ലോബല്‍ ബിവറേജസിനുള്ളത്.

Praxis Home Retail

CMP Rs.180

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ഹോം റീറ്റെയ്ല്‍ സ്ഥാപനമാണ് പ്രാക്‌സിസ് ഹോം റീറ്റെയ്ല്‍, ഫര്‍ണിച്ചര്‍, ഹോം വെയര്‍, കസ്റ്റമൈസ്ഡ് കിച്ചെന്‍, വാര്‍ഡ്രോബ്‌സ് സൊലൂഷന്‍സ്, ഹോം ഇംപ്രൂവ്‌മെന്റ് പ്രോഡക്ട്‌സ് എന്നിവയാണ് ഇവിടെ ലഭ്യമാക്കുന്നത്. ഹോം ടൗണ്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ 24 സംസ്ഥാനങ്ങളിലായി 38 സ്‌റ്റോറുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴിയും ന്യൂ സ്‌റ്റോറുകള്‍ വഴിയുമുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഹോം സൊലൂഷന്‍ മേഖലയില്‍ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് കമ്പനിയെ പൊസിഷന്‍ ചെയ്തിരിക്കുന്നത്. ഫ്യൂച്ചര്‍ റീറ്റെയ്‌ലില്‍ നിന്ന് ഡി മെര്‍ജ് ചെയ്തതിനു ശേഷം പല ഫണ്ട് ഹൗസുകളും സാങ്കേതിക കാരണങ്ങളാല്‍ ഓഹരികള്‍ വിറ്റഴിക്കുന്നുണ്ട്. അടുത്തിടെ പ്രമോട്ടര്‍മാര്‍ 200 രൂപ വിലയില്‍ അവരുടെ ഓഹരികള്‍ വര്‍ധിപ്പിച്ചിരുന്നു, ഇപ്പോള്‍ അതിലും താഴെ വിലയില്‍ ലഭ്യമാണ്.

Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it