കഴിഞ്ഞ രണ്ടുദിവസത്തെ നേട്ടക്കുതിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് വീണു. ഉച്ചയ്ക്ക് ശേഷം നിക്ഷേപകര്‍ കനത്ത വില്‍പ്പനസമ്മര്‍ദ്ദം സൃഷ്ടിച്ചതാണ് തിരിച്ചടിയായത്. വിദേശ വിപണികള്‍ നേട്ടത്തിലേക്ക് കടന്നെങ്കിലും ഇന്ന് ഇന്ത്യന്‍ ഓഹരിവിപണികളില്‍ വ്യാപാരത്തിന്റെ തുടക്കംമുതല്‍ തന്നെ നിഴലിച്ചത് കനത്ത ചാഞ്ചാട്ടമാണ്.
ഇന്ന് വിവിധ ഓഹരി വിഭാഗങ്ങൾ നടത്തിയ പ്രകടനം
ഐ.ടി, പി.എസ്.യു ബാങ്ക് എന്നിവയൊഴികെ മറ്റ് വിഭാഗങ്ങളിലെല്ലാം വിറ്റൊഴിയല്‍ ട്രെന്‍ഡ് അലയടിച്ചു. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയിട്ടും, പണപ്പെരുപ്പ നിരക്കുകള്‍ ആശ്വാസനിരക്കിലേക്ക് കുത്തനെ കുറഞ്ഞിട്ടും നേട്ടത്തിന്റെ ആവേശം നിലനിര്‍ത്താന്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കും കഴിഞ്ഞില്ല.
നഷ്ടം ഏറ്റവുമധികം അഭിമുഖീകരിച്ചവർ
സെന്‍സെക്‌സ് 62,000നും നിഫ്റ്റി 18,300നും താഴേക്ക് വീഴാന്‍ ഇന്നത്തെ ദിനം സാക്ഷിയായി. വ്യാപാരാന്ത്യം സെന്‍സെക്‌സ് 413.24 പോയിന്റ് (0.66 ശതമാനം) ഇടിഞ്ഞ് 61,932.47ലും നിഫ്റ്റി 112.35 പോയിന്റ് (0.61 ശതമാനം) കുറഞ്ഞ് 18,286.50ലുമാണുള്ളത്. വാഹനം, ഫാര്‍മ, ബാങ്കിംഗ്, ധനകാര്യ ഓഹരികളിലാണ് ഏറ്റവുമധികം വില്‍പ്പനസമ്മര്‍ദ്ദം കണ്ടത്.
നഷ്ടത്തിലേക്ക് വീണവര്‍
പ്രമുഖ അദാനി ഓഹരികള്‍ ഇന്നും നഷ്ടത്തിലായി. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, ബെര്‍ജര്‍ പെയിന്റ്‌സ്, ആര്‍.ഇ.സി., മാക്‌സ് ഹെല്‍ത്ത് കെയര്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. എങ്കിലും, വന്‍കിട ഓഹരികളായ ടാറ്റാ മോട്ടോഴ്‌സ്, എച്ച്.ഡി.എഫ്.സി., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍സ്, കോട്ടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, റിലയന്‍സ് എന്നിവ നേരിട്ട വില്‍പ്പനസമ്മര്‍ദ്ദമാണ് സൂചികകളെ താഴേക്ക് വീഴ്ത്തിയത്. എച്ച്.ഡി.എഫ്.സി ഇരട്ടകള്‍ മാത്രം രണ്ടുശതമാനം ഇടിഞ്ഞു.
നേട്ടത്തിലേറിയവര്‍
മണപ്പുറം ഫിനാന്‍സ്, ഇന്ത്യന്‍ ഓയില്‍, കനറാ ബാങ്ക് എന്നിവയുടെ ഓഹരികള്‍ക്ക് ഇന്ന് മികച്ച താത്പര്യമുണ്ടായി. മികച്ച പ്രവര്‍ത്തനഫലങ്ങളാണ് ഇതിന് വഴിവച്ചത്. ഇന്ത്യന്‍ ഓയില്‍ ഓഹരികള്‍ 4 ശതമാനത്തിലേറെ മുന്നേറി 52-ആഴ്ചയിലെ ഉയരത്തിലെത്തി. കമ്പനിയുടെ നാലാംപാദ ലാഭം 52 ശതമാനം ഉയര്‍ന്ന് 10,841 കോടി രൂപയായിട്ടുണ്ട്. വരുമാനക്കുതിപ്പ് പത്ത് ശതമാനമാണ്. ഓരോ ഓഹരിക്കും 3 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ
ട്രൈഡന്റ്, ആസ്ട്രല്‍, ഓറോബിന്ദോ ഫാര്‍മ, പി.ബി ഫിന്‍ടെക്, വൊഡാഫോണ്‍-ഐഡിയ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, എസ്.ബി.ഐ., എന്‍.ടി.പി.സി., എച്ച്.യു.എല്‍., ടൈറ്റന്‍, ഇന്‍ഫോസിസ് എന്നിവയും നേട്ടത്തിലേറിയെങ്കിലും സൂചികകളുടെ നഷ്ടത്തെ തടയാന്‍ പ്രാപ്തമായില്ല. ഇന്ത്യന്‍ ഓയിലിന് പുറമേ പോളിക്യാബ് ഇന്ത്യ, സിയെന്റ്, സി.ജി പവര്‍, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഓറോബിന്ദോ ഫാര്‍മ, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, സൊണാറ്റ സോഫ്റ്റ്‌വെയര്‍ എന്നിവയും ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലെത്തിയവയാണ്.
രൂപയ്ക്ക് നേട്ടം, ക്രൂഡോയിലിന് നഷ്ടം
രൂപ ഇന്ന് ഡോളറിനെതിരെ 10 പൈസ നേട്ടവുമായി 82.21ലാണുള്ളത്. ആഗോളതലത്തില്‍ പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍ഡക്‌സില്‍ ഡോളര്‍ ദുര്‍ബലമായത് രൂപയ്ക്കും ഗുണം ചെയ്തു. ഇന്ത്യയുടെ വ്യാപാരക്കമ്മി കഴിഞ്ഞമാസം അപ്രതീക്ഷിതമായി 20 മാസത്തെ താഴ്ചയിലെത്തിയതും രൂപയ്ക്ക് ആവേശമായി.
ക്രൂഡോയില്‍ വില നഷ്ടത്തിലാണുള്ളത്. വലിയ വിപണികളിലൊന്നായ ചൈന സാമ്പത്തിക ഞെരുക്കത്തിലാണെന്ന വിലയിരുത്തലുകളാണ് വിലയിടിവ് സൃഷ്ടിക്കുന്നത്. ഡബ്‌ള്യു.ടി.ഐ ക്രൂഡ് വില 0.17 ശതമാനം കുറഞ്ഞ് ബാരലിന് 70.99 ഡോളറായി. ബ്രെന്റ് ക്രൂഡ് വില 0.20 ശതമാനം താഴ്ന്ന് 75.08 ഡോളറിലുമെത്തി. രാജ്യാന്തര സ്വര്‍ണവിലയും കുറഞ്ഞു. ഔണ്‍സിന് 7.8 ഡോളര്‍ താഴ്ന്ന് 2,006.58 ഡോളറിലെത്തി. 2019 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് വിലകുറഞ്ഞത്.
ഈസ്റ്റേണിന് നഷ്ടം; ഇന്‍ഡിട്രേഡിന് നേട്ടം
കേരളം ആസ്ഥാനമായ കമ്പനികളില്‍ ഈസ്റ്റേണ്‍ ട്രെഡ്‌സ് ഓഹരികള്‍ ഇന്ന് 8.9 ശതമാനം നഷ്ടം നേരിട്ടു. കേരള ആയുര്‍വേദ 5.5 ശതമാനം, സ്‌കൂബീഡേ 3.17 ശതമാനം എന്നിവയും കൂടുതല്‍ നഷ്ടം നേരിട്ടവയാണ്.
അതേസമയം, ഇന്‍ഡിട്രേഡ് 6.35 ശതമാനം മുന്നേറി. മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ രണ്ട് ശതമാനം നേട്ടവും കുറിച്ചിട്ടുണ്ട്. കല്യാണ്‍ ജുവലേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, വി-ഗാര്‍ഡ്, നിറ്റ ജെലാറ്റിന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും ഇന്ന് നേട്ടത്തിലാണ്. ആസ്റ്റര്‍, പാറ്റ്‌സ്പിന്‍, വണ്ടര്‍ല എന്നിവ നഷ്ടം കുറിച്ചവയുടെ ശ്രേണിയിലാണുള്ളത്.