ജുന്‍ജുന്‍വാല കുടുംബത്തിന് ഈ ഓഹരിയില്‍ കിട്ടിയത് മുട്ടന്‍ പണി, മൂന്ന് മാസം കൊണ്ട് നഷ്ടമായത് 3500 കോടി രൂപ

ഓഹരി വിപണിയില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ നടത്തി പണം കൊയ്യുന്നവരാണ് ശതകോടീശ്വര നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയും (Rakesh Jhunjhunwala) ഭാര്യ രേഖ ജുന്‍ജുന്‍വാലയും (Rekha Jhunjhunwala). നിക്ഷേപങ്ങളിലൂടെ ഇവര്‍ സ്വന്തമാക്കുന്ന നേട്ടങ്ങളും നിക്ഷേപകര്‍ക്ക് പ്രചോദനമാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു ഓഹരിയില്‍ കനത്ത തിരിച്ചടിയാണ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യക്കും നേരിടേണ്ടി വന്നത്. മൂന്ന് മാസത്തിനിടെ ടാറ്റ ഗ്രൂപ്പ് (Tata Group) കമ്പനിയായ ടൈറ്റനില്‍ ഏകദേശം 3,500 കോടി രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്. ഈ കാലയളവില്‍ ഓഹരികള്‍ 29 ശതമാനം ഇടിഞ്ഞു.

2022 മാര്‍ച്ച് 17 മുതല്‍ ഇവരുടെ ടൈറ്റന്‍ (Titan) കമ്പനിയിലെ ഹോള്‍ഡിംഗ് മൂല്യത്തില്‍ 3,489 കോടി രൂപയുടെ കുറവാണുണ്ടായത്. ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ ഓഹരി വില ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,935 രൂപയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. വെള്ളിയാഴ്ച മാത്രം ആറ് ശതമാനത്തിന്റെ ഇടിവുണ്ടായി. 2022 മാര്‍ച്ച് 21 ന് 2,767.55 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിയ ഓഹരി 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
രാകേഷ് രാധേശ്യാം ജുന്‍ജുന്‍വാല (3.98 ശതമാനം), രേഖ രാകേഷ് ജുന്‍ജുന്‍വാല (1.07 ശതമാനം) എന്നിവര്‍ ടൈറ്റന്‍ കമ്പനിയില്‍ 5.05 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ടൈറ്റന്‍ കമ്പനിക്ക് 69,092 കോടി രൂപയുടെ വിപണി മൂലധനം നഷ്ടമായി 1.71 ട്രില്യണ്‍ രൂപയിലെത്തി.
ആഭ്യന്തര ബ്രാന്‍ഡഡ് ജ്വല്ലറി വിപണിയിലെയും ആഭ്യന്തര റിസ്റ്റ് വാച്ച് സെഗ്മെന്റ് (ടൈറ്റന്‍, സൊണാറ്റ, ഫാസ്ട്രാക്ക്, സൈലിസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പം) വിപണിയിലെയും ലീഡറാണ് ടൈറ്റന്‍.
മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായത്തില്‍ 7.21 ശതമാനം ഇടിവാണുണ്ടായത്. 527 കോടി രൂപയാണ് കഴിഞ്ഞപാദത്തിലെ അറ്റാദായം. ഇതിന് പിന്നാലെയാണ് ടൈറ്റനിന്റെ ഓഹരി വില താഴ്ചയിലേക്ക് വീണത്.


Related Articles
Next Story
Videos
Share it