ടൈറ്റനുള്‍പ്പെടെയുള്ള സ്റ്റോക്കുകള്‍ വിറ്റു, എന്നിട്ടും ഈ ടാറ്റ സ്‌റ്റോക്കിനെ മുറുകെപ്പിടിച്ച് ജുന്‍ജുന്‍വാല

ഇന്ത്യയിലെ സെലിബ്രിറ്റി നിക്ഷേപകരില്‍ പലരും മാര്‍ച്ചിലെ ഓഹരി ചാഞ്ചാട്ടങ്ങളെ തുടര്‍ന്ന് പോര്‍ട്ട്ഫോളിയോയില്‍ അഴിച്ചു പണി നടത്തിയിട്ടുണ്ട്. പൊറിഞ്ചുവെളിയത്തടക്കം തന്റെ ഓഹരികള്‍ കൂട്ടിയും കുറച്ചും ക്രമപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടു. എല്ലാവരും ഉറ്റുനോക്കുന്ന ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോലിയോയിലും ശുദ്ധീകലശം നടന്നതായി കാണാം.

ടിവി18 ബ്രോഡ്കാസ്റ്റ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടൈറ്റന്‍, ക്രിസില്‍, വോക്ക്ഹാര്‍ട്ട്, ആപ്ടെക്ക്, തുടങ്ങിയ ഒരുപിടി ഓഹരികള്‍ ഇദ്ദേഹം വന്‍തോതില്‍ വിറ്റൊഴിഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം അത്ര പ്രകടനമൊന്നും കാഴ്ച വച്ചിട്ടില്ലെന്നു മാത്രമല്ല നഷ്ടത്തിന്റെ ചായ്‌വ് മാത്രം കാണിക്കുന്ന ടാറ്റ ഓഹരിയിലെ പിടുത്തം ജുന്‍ജുന്‍വാല വിട്ടിട്ടില്ല. ടാറ്റ മോട്ടോഴ്‌സ് ആണ് ഈ ഓഹരി.

ടാറ്റ മോട്ടോഴ്‌സ്

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞില്ല. എന്നിട്ടും ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ രാകേഷ് ജുന്‍ജുന്‍വാല തയ്യാറായിട്ടില്ല. നിലവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ 1.2 ശതമാനം ഓഹരികള്‍ (39,250,000 ഓഹരികള്‍) ആണ് ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ളത്. 1,688.7 കോടി രൂപ മൂല്യമാണ് ഇതിനുള്ളത്.

കാരണം എന്താകാം?

നിഫ്റ്റി ഓട്ടോ സൂചിക മുകളിലേക്ക് ഉയരാനുള്ള സാധ്യതകള്‍ തന്നെയാണ് ഓഹരിവിദഗ്ധര്‍ മുറുകെ പിടിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പല സ്ഥലങ്ങളിലും ശക്തമാകാന്‍ ഇടയില്ലെന്നതും സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം കുറയുന്നതും രാജ്യത്ത് അടുത്ത വര്‍ഷത്തോടെ തദ്ദേശീയ ചിപ്പ് നിര്‍മാണം സാധ്യമാകും എന്നതുമെല്ലാം ടാറ്റ മോട്ടോഴ്‌സ് അടക്കമുള്ള ഓട്ടോ ഓഹരികള്‍ക്ക് പുത്തനുണര്‍വ് സമ്മാനിക്കുമെന്നും ചോയ്‌സ് ബ്രോക്കിംഗ് അഭിപ്രായപ്പെടുന്നു.

'പോയ വര്‍ഷത്തെ മാര്‍ക്കറ്റ് റാലിയില്‍ ഓട്ടോ ഓഹരികള്‍ മാത്രം പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാജ്യമെങ്ങും കോവിഡ് നിയന്ത്രണങ്ങള്‍ വിട്ടുമാറുകയാണ്.

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമത്തിലും അയവുവരുന്നു. ഇങ്ങനെയൊരു മാര്‍ക്കറ്റ് അന്തരീക്ഷത്തില്‍ ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ വേഗം കൈവരിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

ഇവി മേഖലയിലെ ശക്തമായ സാന്നിധ്യവും ടാറ്റ മോട്ടോഴ്‌സിനെ തുണയ്ക്കും. അഡ്വാന്‍സ് ഇവി മേഖലയിലേക്ക് കടക്കുമെന്ന പ്രഖ്യാപനവും പുതിയ ലോഞ്ചുകളും ഓഹരികളെ പിന്തുണച്ചേക്കും.

കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 536.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 268.45 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഓഹരി സാക്ഷ്യം വഹിച്ചു. നിലവില്‍ 436.95 രൂപയിലാണ് ട്രേഡിംഗ് തുടരുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it