രാവിലെ മുന്നേറ്റം, പിന്നീട് താഴേക്ക്; ചാഞ്ചാട്ടത്തില്‍ ഓഹരി വിപണി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 43ാം മത് വാര്‍ഷിക ജനറല്‍ മീറ്റിംഗ്, ഐറ്റി രംഗത്തെ ഇന്ത്യന്‍ വമ്പന്‍ ഇന്‍ഫോസിസിന്റെ ഫലപ്രഖ്യാപനം തുടങ്ങി ഒട്ടനവധി സുപ്രധാന സംഭവങ്ങള്‍ അരങ്ങേറിയ ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി വലിയ ചാഞ്ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.

രാവിലെ മികച്ച നേട്ടത്തോടെ മുന്നേറിയ വിപണി പിന്നീട് താഴ്ന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് വെറും 19 പോയ്ന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ തലേന്നത്തെ ക്ലോസിംഗില്‍ നിന്ന് 758 പോയ്ന്റ് വരെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു.

വിപണി പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ മികച്ച ഫലം പുറത്തുവിട്ട ഇന്‍ഫോസിസാണ് ഇന്ന് നേട്ടമുണ്ടാക്കിയ കമ്പനി. വില താഴ്ന്ന കമ്പനികളില്‍ പ്രധാനപ്പെട്ട ഒരു കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. മറ്റൊന്ന് എയര്‍ടെല്ലും.

സെന്‍സെക്‌സ് 36,052 ലാണ് ക്ലോസ് ചെയ്തത്. ഇന്ന് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 36,810 തൊട്ടിരുന്നു. ഇന്‍ഫോസിസ് ഓഹരി വില ഇന്ന് ആറര ശതമാനത്തോളം ഉയര്‍ന്നു.

നിഫ്റ്റി പത്തുപോയ്ന്റ് അഥവാ 0.10 ശതമാനം മാത്രം ഉയര്‍ന്ന് 10,618ല്‍ ക്ലോസ് ചെയ്തു.

സെക്ടറുകള്‍ പരിശോധിച്ചാല്‍, ഇന്ന് ഐറ്റി ഓഹരികളാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. നിഫ്റ്റി ഐ റ്റി സൂചിക അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി ഫാര്‍മ, നിഫ്റ്റി എഫ് എം സി ജിയും ഇന്നലത്തേതിനേക്കാളും നിലമെച്ചപ്പെടുത്തി. നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക ഒറു ശതമാനത്തോളം താഴ്ന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എജിഎമ്മില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നിക്ഷേപകരെ അലോസരപ്പെടുത്തിയത് സൗദി ആരാംകോയുമായുള്ള ധാരണ മുന്‍ നിശ്ചയപ്രകാരം പുരോഗമിക്കില്ലെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനമായിരുന്നു. റിലയന്‍സ് ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദത്തിന് ഒരു കാരണം ഇതാകാം.

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയും നിക്ഷേപകരെ സ്വാധീനിക്കുന്നുണ്ട്. വിപണിയുടെ ചാഞ്ചാട്ടത്തിന് ഇതും കാരണമാണ്.

ആഗോളതലത്തിലും വിപണികളില്‍ സമ്മിശ്രപ്രകടനമായിരുന്നു. ചൈനീസ് ഓഹരികള്‍ താഴേയ്ക്കായിരുന്നു. നിര്‍ണായകമായ യൂറോപ്യന്‍ യൂണിയന്‍ സമ്മിറ്റിന് മുന്നോടിയായി, ഉത്തേജക പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, യൂറോപ്യന്‍ ഓഹരികള്‍ ഉയര്‍ന്നു.

വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കാനിടയുള്ള മുഖ്യഘടകം ഇന്ത്യയിലെ കുതിച്ചുയരുന്ന കോവിഡ് രോഗികളുടെ എണ്ണം തന്നെയാകും. ആഗോളവിപണികളുടെ ചുവടുപിടിച്ചും ഇവിടെ വിപണിയില്‍ മാറ്റങ്ങളുണ്ടാകും. കോവിഡിനെതിരായ വാക്‌സിന്‍ രംഗത്തെ പുരോഗതിയും വിപണിയെ സ്വാധീനിക്കും.

ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തിന്റെ ഫലങ്ങള്‍ വരുന്നതും വിപണിയെ സ്വാധീനിക്കുക തന്നെ ചെയ്യും.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളിലും ചാഞ്ചാട്ടം ദൃശ്യമായിരുന്നു. എട്ട് ഓഹരികളൊഴികെ ബാക്കിയെല്ലാം ഇന്ന് നഷ്ടത്തിലാണ് അവസാനിച്ചത്. എട്ട് ശതമാനത്തിനു മുകളില്‍ നേട്ടം നല്‍കിയ ആസ്റ്റര്‍ ഡിഎം ആണ് ഇന്ന് കേരള കമ്പനികളില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.
അപ്പോളോ ടയേഴ്‌സ്(1.59 ശതമാനം), കിറ്റെക്‌സ് (1 ശതമാനം), ഹാരിസണ്‍സ് മലയാളം(2.75 ശതമാനം), കേരള ആയുര്‍വേദ(4.50 ശതമാനം), എഫ്എസിടി(0.22 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

കേരള ബാങ്കുകളെയെടുത്താല്‍ ശതമാനക്കണക്കില്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയത് ധനലക്ഷ്മി ബാങ്കാണ്. ഫെഡറല്‍ ബാങ്ക് ത്രൈമാസ പാദഫലങ്ങള്‍ ഇന്ന് പുറത്തു വന്നെങ്കിലും ഓഹരി വിലയില്‍ 2.45 ശതമാനം ഇടിവുണ്ടായി.

എന്‍ബിഎഫ്‌സികള്‍ക്കും ഇന്ന് പിടിച്ചു നില്‍ക്കാനായില്ല. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഓഹരികള്‍ 3.56 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 0.53 ശതമാനവും മണപ്പുറം ഫിനാന്‍സ് 1.69 ശതമാനവും ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it