Begin typing your search above and press return to search.
കിറ്റെക്‌സും പോപ്പീസും കസറി! ഷിപ്‌യാര്‍ഡും കല്യാണുമുണ്ട്, തൊട്ടുപിന്നില്‍; 2024ല്‍ പച്ച കൊടുമുടിയേറി ഈ കേരള കമ്പനികള്‍
2024 കലണ്ടര്‍ വര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചതെന്ത്? 2024 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ നിഫ്റ്റി 21,731.4 പോയ്ന്റില്‍ നിന്ന് 1,912.6 പോയ്ന്റ് ഉയര്‍ന്ന് 23,644.80 ലെത്തി- നേട്ടം 8.80 ശതമാനം. അതേസമയം ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 72,240.26 പോയ്ന്റില്‍ നിന്ന് 5,898.75 പോയ്ന്റ് ഉയര്‍ന്ന് 78,139.01 ലെത്തി. നേട്ടം 8.17 ശതമാനവും.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 47 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ 28 എണ്ണം ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. 19 എണ്ണം ബിഎസ്ഇയില്‍ മാത്രവും. കേരളത്തില്‍ നിന്ന് രണ്ട് ലിസ്റ്റഡ് പൊതുമേഖലാ കമ്പനികളാണുള്ളത്- എഫ്എസിടിയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും. 47 കേരള കമ്പനികളില്‍ പോസിറ്റീവ് റിട്ടേണ്‍ നല്‍കിയത് 32 കമ്പനികളാണ്. 15 കമ്പനികള്‍ നഷ്ടവും രേഖപ്പെടുത്തി.
അമ്പമ്പോ കിറ്റെക്‌സ്!
രണ്ട് കേരള കമ്പനികള്‍ അവലോകന കാലയളവില്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 150 ശതമാനത്തിലേറെ നേട്ടമാണ്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡും പോപ്പീസ് കെയര്‍സ് ലിമിറ്റഡും. കിറ്റെക്‌സ് ഓഹരി വില 197.1 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. പോപ്പീസ് കെയര്‍സ് ഓഹരി വില ഉയര്‍ന്നത് 150.1 ശതമാനവും. നൂറ് ശതമാനത്തിലേറെ ഓഹരി വില ഉയര്‍ന്ന രണ്ട് കേരള കമ്പനികള്‍ കൂടിയുണ്ട്. കൊച്ചിൻ ഷിപ്പ്‌യാർഡും കല്ല്യാണ്‍ ജൂവല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വിലയില്‍ 127.2 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ കല്ല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ഓഹരി വില ഉയര്‍ന്നത് 115.0 ശതമാനമാണ്. ആറ് കേരള കമ്പനികളുടെ ഓഹരി വിലകള്‍ 50-85 ശതമാനത്തോളം ഉയര്‍ന്നു. 22 എണ്ണത്തിന്റെ ഓഹരി വിലയില്‍ 0.5-47 ശതമാനം വരെയും ഉയര്‍ച്ചയുണ്ടായി.
ഏറ്റവും കൂടുതല്‍ നഷ്ടം ഓഹരി വിലയില്‍ രേഖപ്പെടുത്തിയത് ഇന്‍ഡിട്രേഡ് ക്യാപ്പിറ്റല്‍ ലിമിറ്റഡാണ്. 63.6 ശതമാനം ഇടിവാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. പോപ്പുലര്‍ വെഹിക്ക്ള്‍ ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഓഹരി വില 47.1 ശതമാനവും താഴ്ന്നു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ ഓഹരി വിലയിലുണ്ടായത് 39.1 ശതമാനം ഇടിവാണ്. മറ്റ് 11 കേരള കമ്പനികളുടെ ഓഹരി വിലയിലെ നഷ്ടം 2.48 ശതമാനത്തിനും 26.13 ശതമാനത്തിനും ഇടയിലാണ്.
കേരളത്തില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 60 ശതമാനത്തിലേറെ കമ്പനികളുടെയും ഓഹരി വില പച്ചപ്പ് അണിഞ്ഞുവെന്നതാണ് ശ്രദ്ധേയം. അതില്‍ തന്നെ നാല് കമ്പനികള്‍ നിക്ഷേപകര്‍ക്ക് നൂറ് ശതമാനത്തിലേറെ നേട്ടവും സമ്മാനിച്ചു. വിപണിയില്‍ മേധാവിത്വത്തോടെ നില്‍ക്കുന്ന കേരള കമ്പനികള്‍ ശക്തമായ മുന്നേറ്റം കാഴ്ചവെയ്ക്കുമ്പോള്‍ മറ്റ് ചില കമ്പനികള്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണ്.
തിളങ്ങും താരങ്ങള്‍!
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ശാലയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. 2025 സാമ്പത്തിക വര്‍ഷത്തെ സെയ്ല്‍സിന്റെ ഏതാണ്ട് അഞ്ച് മടങ്ങ് ഓര്‍ഡറുകള്‍ കപ്പല്‍ശാലയ്ക്ക് നിലവിലുണ്ട്. 22,000 കോടി രൂപയുടെ ഈ ഓര്‍ഡറാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വിലയുടെ മുന്നേറ്റത്തിലും പ്രതിഫലിക്കുന്നത്. മാത്രമല്ല, പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനും കുറവില്ല. 7,820 കോടി രൂപയോളം മൂല്യമുള്ള ഓര്‍ഡറുകള്‍ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രൈ ഡോക്കിന്റെയും രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാലയുടെയും ശേഷി വികസനം പൂര്‍ത്തിയായതോടെ വലിയ യാനങ്ങളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള സൗകര്യം ഇവിടെ സജ്ജമായി.
ഗ്രീന്‍ എനര്‍ജി രംഗത്തെയും ഹൈബ്രിഡ് കപ്പല്‍ മേഖലയിലെയും അവസരങ്ങള്‍ കൂടി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തേടുകയാണ്. ഭാവിയിലെ വളര്‍ച്ചാ സാധ്യതയുള്ള രംഗം കൂടിയാവും ഇത്. 2024ല്‍ പത്ത് രൂപ മുഖവിലയുള്ള ഓഹരി അഞ്ച് രൂപയാക്കി ഓഹരി വിഭജനം നടന്നതോടെ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായി. ഓഹരി വില 677 രൂപ വരെ ഒരു ഘട്ടത്തില്‍ താഴുകയും 1,547 രൂപയില്‍ സ്ഥിരതയാര്‍ജിക്കുന്നതിന് മുമ്പ് ഒരു വേളയില്‍ 2,979 രൂപ വരെ ഉയരുകയും ചെയ്തിട്ടുണ്ട്. ഏത് സാഹചര്യത്തിലും പിടിച്ച് മുന്നേറാനുള്ള കഴിവ്, മെച്ചപ്പെട്ട മാര്‍ജിന്‍, നിയന്ത്രണവിധേയമായ കടം എന്നിവയെല്ലാമാണ് 2024ല്‍ മികച്ച നേട്ടം നല്‍കാന്‍ ഈ കമ്പനിയെ പ്രാപ്തമാക്കിയത്.
കല്ല്യാണ്‍ ജൂവല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ്
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഏക കേരള ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡാണ് കല്ല്യാണ്‍ ജൂവല്ലേഴ്‌സ്. ഡിമാന്‍ഡ് കൂടിയതും സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതുമാണ് കമ്പനിക്ക് നേട്ടമായത്. കമ്പനിയുടെ പ്രമോട്ടര്‍മാര്‍ ഓഹരി പങ്കാളിത്തം 60.6 ശതമാനത്തില്‍ നിന്ന് 63 ശതമാനമാക്കി ഉയര്‍ത്തിയത് അവര്‍ക്ക് കമ്പനിയുടെ ദീര്‍ഘ കാലസാധ്യതകളിലുള്ള വിശ്വാസമാണ് വെളിവാക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തനം വിപുലീകരിച്ചുകൊണ്ടിരിക്കുന്ന കല്ല്യാണ്‍ ജൂവല്ലേഴ്‌സ്, അവരുടെ ഡിജിറ്റല്‍ ജുവലറി പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കി ഗ്രൂപ്പ് ഉപകമ്പനിയാക്കുകയും ചെയ്തു. സംഘടിത ജുവലി റീറ്റെയ്ല്‍ ശൃംഖലയില്‍ കരുത്തുറ്റ മുന്നേറ്റം നടത്താന്‍ സാധിച്ചതാണ് ഓഹരി വിലയെ ഉയര്‍ത്തിയത്.
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ്
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കുട്ടിയുടുപ്പ് നിര്‍മാതാക്കളാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്. ഈ രംഗത്ത് രാജ്യത്തെ വിപണി നായകരും. തെലങ്കാനയില്‍ അത്യാധുനിക പ്ലാന്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മാത്രമല്ല വിപണി വിപുലീകരണവും തകൃതിയായി നടക്കുന്നു. വരും വര്‍ഷങ്ങളില്‍ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. തെലങ്കാനയിലെ പ്ലാന്റ് സജ്ജമാകുന്നതോടെ താരതമ്യേന കുറഞ്ഞ കൂലിയില്‍, പ്രാദേശിക തലത്തില്‍ നിന്ന് സംഭരിച്ച അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഉല്‍പ്പാദനം നടത്താനാവും.
ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത അവിടെയുള്ള ടെക്‌സ്‌റ്റൈല്‍ കമ്പനികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഗോള ബ്രാന്‍ഡുകള്‍ മറ്റ് സപ്ലയര്‍മാരിലേക്കും രാജ്യങ്ങളിലേക്കും നോക്കുന്നത് കിറ്റെക്‌സിന് ഗുണം ചെയ്യും. അമേരിക്കയിലെ വമ്പന്‍ ബ്രാന്‍ഡുകളുമായി വര്‍ഷങ്ങളുടെ പങ്കാളിത്തം നിലവില്‍ കിറ്റെക്‌സിനുണ്ട്. പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ച നേടുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് മാനേജ്‌മെന്റ്. ഇത് ഓഹരിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്.
Next Story
Videos