Begin typing your search above and press return to search.
ലോട്ട് സൈസിലടക്കം മാറ്റം, പുതിയ എഫ് ആന്‍ഡ് ഒ നിയമങ്ങള്‍ ഇന്ന് മുതല്‍
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (F&O) വിഭാഗത്തില്‍ ഊഹക്കച്ചവടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി/SEBI) അവതരിപ്പിച്ച ആറ് നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലായി. നവംബര്‍ 20 മുതലായിരുന്നു ഇവ ഇവ പ്രാബല്യത്തില്‍ വരേണ്ടതെങ്കിലും ഇന്നലെ ഓഹരി വിപണിക്ക് അവധിയായതിനാല്‍ ഇന്നാണ് യഥാര്‍ത്ഥത്തില്‍ മാറ്റം നടപ്പിലായത്.
വിപണിയിലുള്ളവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സ്‌പേര്‍ട്ട് വര്‍ക്കിംഗ് ഗ്രൂപ്പും മാര്‍ക്കറ്റ് അഡൈ്വസറി കമ്മിറ്റിയും നിരന്തരമായി പുനപരിശോധന നടത്തിയാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. എഫ് ആന്‍ഡ് ഒകളുടെ മിനിമം കോണ്‍ട്രാക്ട് മൂല്യം നിലവിലെ 5-10 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കിയതാണ് പ്രധാന മാറ്റം.
കോണ്‍ട്രാക്ട് വാല്യു മാറുമ്പോള്‍ അത് ലഭ്യമാകുന്ന ലോട്ട് സൈസിനെയും ബാധിക്കും. അതുപ്രകാരം പുതിയ എഫ് ആന്‍ഡ് ഓ കോണ്‍ട്രാക്ടുകളുടെ വില നിലവാരം 15-20 ലക്ഷം രൂപയായിരിക്കും.
നവംബര്‍ 21 മുതലുള്ള എല്ലാ പുതിയ ഇന്‍ഡെക്‌സ് എഫ് ആന്‍ഡ് ഓ കോണ്‍ട്രാക്ടുകളുടെയും ലോട്ട് സൈസ് എന്‍.എസ്.ഇയും ബി.എസ്.ഇയും പുതുക്കിയിട്ടുണ്ട്. നിലവിലുള്ള എല്ലാ വീക്ക്‌ലി, മന്ത്‌ലി കോണ്‍ട്രാക്ടുകളുടെയും കാലാവധി കഴിയും വരെ നിലവിലെ ലോട്ട് സൈസില്‍ തുടരും.
ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക കോണ്‍ട്രാക്ടുകളില്‍ നിഫ്റ്റി, ബാങ്ക് നിഫ്റ്റി, സെന്‍സെക്‌സ് എന്നിവയുടെ ലോട്ട് സൈസ് അവസാന വ്യാപാര ദിനമായ ഡിസംബര്‍ 26, ഡിസംബര്‍ 24, ഡിസംബര്‍ 27 എന്നീ ദിവസങ്ങളിലായിരിക്കും മാറുക.
സെബിയുടെ പുതിയ നിര്‍ദേശമനുസരിച്ച് ഇനി മുതല്‍ ബി.എസ്.ഇയ്ക്കും എന്‍.എസ്.ഇയ്ക്കും ആഴ്ചയില്‍ ഒരു കോണ്‍ട്രാക്ട് എക്‌സ്പയറിയേ പാടുള്ളു. അതിനാല്‍ എന്‍.എസ്.ഇ നിഫ്റ്റിയും ബി.എസ്.ഇ സെന്‍സെക്‌സും നിലനിറുത്തിയിട്ടുണ്ട്.
ഓപ്ഷന്‍ ട്രേഡര്‍മാരില്‍ നിന്ന് അപ്ഫ്രണ്ട് മാര്‍ജിന്‍ കളക്ട് ചെയ്യാന്‍ ബ്രോക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ട്രേഡിംഗ് കൂട്ടാന്‍ വേണ്ടി ബ്രോക്കര്‍മാര്‍ ട്രേഡര്‍മാര്‍ക്ക് പണം കടം കൊടുക്കാറുണ്ട് (ഇന്‍ട്രാഡേ ലിവറേജ്). ഇതൊഴിവാക്കാനാണ് അപ്ഫ്രണ്ട് മാര്‍ജിന്‍ വാങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ട സാധ്യതകള്‍ പരിഹരിക്കാനായി ഒരു ട്രേഡ് നടക്കുന്നതിനു മുമ്പ് ട്രേഡര്‍ നല്‍കുന്ന പണമാണിത്. സെല്ലര്‍ സൈഡ് ട്രേഡിലും ഇന്ന് മുതൽ രണ്ടു ശതമാനം അധികം എക്‌സ്ട്രീം ലോസ് മാര്‍ജിന്‍ (ELM) ബാധകമാണ്. ഉയര്‍ന്ന വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടമൊഴിവാക്കാനാണിത്.
ഇതുകൂടാതെ ഒരു ഇന്‍ഡെക്‌സില്‍ ഇടപാടുകാരനോ ബ്രോക്കര്‍ക്കോ എടുക്കുവുന്ന ഡെറിവേറ്റീവ് കോണ്‍ട്രാക്ടിനും സെബി പരിധിവച്ചിട്ടുണ്ട്. വ്യക്തിഗത ട്രേഡര്‍ക്ക് പരമാവധി 5 ശതമാനമാണ് ഹോള്‍ഡ് ചെയ്യാനാകുക. ബ്രോക്കര്‍ക്ക് പരമാവധി 15 ശതമാനം വരെ സൂക്ഷിക്കാം. ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ കൂടുതല്‍ സുതാര്യത കൊണ്ടു വരാന്‍ ലക്ഷ്യമിട്ടാണിത്.
Next Story
Videos