ഓഹരി വിപണിയില്‍ നിന്ന് റെക്കോര്‍ഡ് നേട്ടമുണ്ടാക്കി എല്‍ ഐ സി

ഓഹരി വിപണിയില്‍ നിന്ന് റെക്കോര്‍ഡ് നേട്ടം കൊയ്ത് രാജ്യത്തെ പ്രമുഖ ആഭ്യന്തര നിക്ഷേപക സ്ഥാപനമായ എല്‍ ഐ സി. ആറര പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഓഹരി വിപണിയില്‍ നിന്ന് എല്‍ ഐ സി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്.

37,000 കോടി രൂപയുടെ ലാഭമാണ് കൈവശമുള്ള ഓഹരികള്‍ വില്‍പ്പന നടത്തി എല്‍ ഐ സി നേടിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 25,625 കോടി രൂപയില്‍ നിന്ന് 44.4 ശതമാനം അധികനേട്ടമാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ ഐ സി 94,000 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. ഇതും റെക്കോര്‍ഡ് തുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ ഐ സി, രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനം കൂടിയാണ്.

ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്ന് റെക്കോര്‍ഡ് ലാഭം നേടിയെടുക്കാന്‍ സാധിച്ചതോടെ എല്‍ ഐ സിക്ക് പോളിസി ഉടമകള്‍ക്ക് ഉയര്‍ന്ന ബോണസും സര്‍ക്കാരിന് ഉയര്‍ന്ന ഡിവിഡന്റും നല്‍കാന്‍ കരുത്താകും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലുണ്ടായ അവസരങ്ങള്‍ തന്ത്രപരമായി വിനിയോഗിക്കാന്‍ സാധിച്ചതുകൊണ്ടാണ് എല്‍ ഐ സിക്ക് ഇത്ര ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ പറ്റിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it