എല്‍.ഐ.സി 16 പൊതുമേഖല ഓഹരികളില്‍ ലാഭമെടുത്തു; പോര്‍ട്ട്‌ഫോളിയോ മൂല്യം ₹14 ലക്ഷം കോടി

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനവും ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയുമായ എല്‍.ഐ.സി 2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ 16 പൊതുമേഖല സ്ഥാപനങ്ങളുടേതുള്‍പ്പെടെ 80 ഓളം ഓഹരികളിലെ പങ്കാളിത്തം കുറച്ചു. പോര്‍ട്ട്‌ഫോളിയോ മൂല്യം 14 ലക്ഷം കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.

ഭെല്‍, സെയില്‍, കോള്‍ ഇന്ത്യ, ഓയില്‍ ഇന്ത്യ, മഹാനഗര്‍ ഗ്യാസ്, എം.ഒ.ഐ.എല്‍, എസ്.ബി.ഐ, കാനറ ബാങ്ക്, എച്ച്.പി.സി.എല്‍, എന്‍.എം.ഡി.സി. ഷിപ്പിംഗ് കോര്‍പ്പറേഷന്‍, ഐ.ഒ.സി, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ാെഫ് ഇന്ത്യ, ഒ.എന്‍.ജി.സി, എന്‍.ടി.പി.സി എന്നിവയുടെ ഓഹരികളാണ് നാലാം പാദത്തില്‍ വിറ്റഴിച്ചത്.
ലാഭമെടുപ്പ്
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഈ ഓഹരികളെല്ലാം തന്നെ രണ്ടക്ക വളര്‍ച്ച നേടിയതിനാല്‍ എല്‍.ഐ.സി.ക്കിതൊരു ലാഭമെടുക്കല്‍ ആയിരുന്നു. ഓഹരി വിപണിയുടെ കുതിപ്പില്‍ 300 ഓളം ഓഹരികളിലായുള്ള എല്‍.ഐ.സിയുടെ നിക്ഷേപം ഈ വര്‍ഷം ഇതു വരെ 1.6 ലക്ഷം കോടിയുടെ വര്‍ധനയാണ് നേടിയത്. ഇതോടെ മൊത്തം നിക്ഷേപ മൂല്യം 14 ലക്ഷം കോടിയായി.
നിരവധി ഓഹരികളില്‍ വില ഉയരുമ്പോള്‍ വില്‍ക്കുക എന്ന നയം പിന്തുടരുന്ന എല്‍.ഐ.സി ടാറ്റ പവര്‍, വേദാന്ത, ജെ.എസ്.ഡബ്ല്യു എനര്‍ജി, വോള്‍ട്ടാസ്, ടാറ്റ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി തുടങ്ങിയവയിലും ഇക്കാലയളവില്‍ ലാഭമെടുത്തു.
നിക്ഷേപം കൂട്ടിയത്
അതേസമയം ബാങ്ക് ഓഫ് ബറോഡ, എന്‍.എച്ച്.പി.സി, എച്ച്.എ.എല്‍, എസ്.ജെ.വി.എന്‍, ഐ.ആര്‍.സി.ടി.സി, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ആര്‍.വി.എന്‍.എല്‍ തുടങ്ങി ഒമ്പത് പൊതുമേഖല ഓഹരികളില്‍ എല്‍.ഐ.സി നിക്ഷേപം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
ഇതു കൂടാതെ നവിന്‍ ഫ്‌ളൂറിന്‍, ബാറ്റ ഇന്ത്യ, സ്വാന്‍ എനര്‍ജി, എല്‍.ടി.ഐ മൈന്‍ഡ്ട്രീ, ഏഷ്യന്‍ പെയിന്റ്‌സ്, അപ്പോളോ ടയേഴ്‌സ്, പതഞ്ജലി ഫുഡ്‌സ്, ഇന്‍ഫോസിസ്, നെസ്‌ലെ, സോന ബി.എല്‍.ഡബ്ല്യു, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളിലും പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്.
പൊന്മുട്ടയിട്ട അദാനി ഓഹരികള്‍

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇടയ്ക്ക് പല ഓഹരികളിലും പങ്കാളിത്തം കുറച്ചിട്ടും എല്‍.ഐ.സിയുടെ നിക്ഷേപ വിഹിതം 59 ശതമാനം അഥവാ 22,378 കോടി രൂപ വര്‍ധിച്ചിട്ടുണ്ട്.
ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി കമ്പനി ഓഹരികളിലെ മാത്രം നിക്ഷേപം ഡിസംബര്‍ പാദത്തിലെ 52,779 കോടി രൂപയില്‍ നിന്ന് 61,660 കോടി രൂപയായി. അതായത് ഒരു പാദത്തിനുള്ളില്‍ 8,900 കോടി രൂപയുടെ വളര്‍ച്ച.
അദാനി ഓഹരികളായ അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് എല്‍.ഐ.സിയ്ക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഴ് അദാനി കമ്പനി ഓഹരികളില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ നിക്ഷേപം എല്‍.ഐ.സിക്കുണ്ട്.
2023 ജനുവരിയില്‍ അദാനി കമ്പനികള്‍ കൃത്രിമം നടത്തുന്നുവെന്ന് അമേരിക്കന്‍ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ആരോപണമുന്നയിച്ചപ്പോള്‍ ഈ നിക്ഷേപത്തിന്റെ പേരില്‍ എല്‍.ഐ.സിക്ക് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടിയും വന്നിരുന്നു.


Related Articles
Next Story
Videos
Share it