Begin typing your search above and press return to search.
സ്ഥാനം നഷ്ടപ്പെട്ട് എല്‍ഐസി, ആദ്യപത്തില്‍നിന്ന് പുറത്തായി
ഓഹരിവിലയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെ വിപണി മൂല്യത്തിലെ (Brand Valuation) മികച്ച 10 കമ്പനികളുടെ പട്ടികയില്‍നിന്ന് എല്‍ഐസി പുറത്തായി. ലിസ്റ്റ് ചെയ്യുമ്പോള്‍ 5.48 ലക്ഷം കോടി രൂപയുടെ വിപണി മൂലധനവുമായി അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന രാജ്യത്തെ ഇന്‍ഷുറന്‍സ് ഭീമന്‍ 11 ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഇന്ന് നേരിയ ഇടിവോടെ 673.00 രൂപ എന്ന നിലയില്‍ വ്യാപാരം നടത്തുന്ന എല്‍ഐസിയുടെ വിപണി മൂല്യം 4.26 ലക്ഷം കോടി രൂപയാണ്. വിപണി മൂല്യത്തില്‍ 17.5 ലക്ഷം കോടി രൂപയുമായി റിലയന്‍സ്, 11.4 ലക്ഷം കോടി രൂപയുമായി ടിസിഎസ് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. എല്‍ഐസിക്ക് മുന്നിലായി 4.35 ലക്ഷം കോടി വിപണി മൂല്യവുമായി അദാനി കമ്പനിയായ അദാനി ട്രാന്‍സ്മിഷനാണുള്ളത്. കഴിഞ്ഞദിവസാണ് ഈ കമ്പനി ആദ്യപത്തില്‍ ഇടം നേടിയത്.
എല്‍ഐസിയുടെ (LIC) ഓഹരി വിപണിയിലേക്കുള്ള കടന്നുവരവ് നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെങ്കിലും വന്‍തിരിച്ചടിയാണ് തുടര്‍ന്നുണ്ടായത്. ലിസ്റ്റിംഗ് പ്രൈസായ 949 രൂപയില്‍നിന്ന് 8.6 ശതമാനം കിഴിവോടെയായിരുന്നു എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍ ഇഷ്യു വിലയായ 949 രൂപയ്‌ക്കെതിരെ 867.20 രൂപയിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) 8.11 ശതമാനം താഴ്ന്ന് 872.00 രൂപയിലുമാണഅ എല്‍ഐസി വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വീണ്ടും ഇടിവിലേക്ക് വീണതോടെ എല്‍ഐസിയുടെ വിപണി മൂല്യവും കുത്തനെ കുറഞ്ഞു. നിലവില്‍ ലിസ്റ്റിംഗ് തുകയേക്കാള്‍ 23 ശതമാനം നഷ്ടത്തോടെയാണ് എല്‍ഐസി ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്.
എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2.95 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്തത്. എല്ലാ വിഭാഗത്തിലും കൂടുതലായി സബ്‌സ്‌ക്രിപ്ഷന്‍ കാണപ്പെട്ടപ്പോള്‍ പോളിസി ഉടമകളുടെ വിഭാഗം ആറ് മടങ്ങാണ് സബ്സ്ക്രൈബ് ചെയ്തത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 1.99 തവണയും ജീവനക്കാരുടെ വിഭാഗം 4.39 തവണയും സബ്‌സ്‌ക്രൈബ് ചെയ്തു. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.91 മടങ്ങ് അപേക്ഷകളുണ്ടായപ്പോള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.83 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. റീട്ടെയ്ല്‍, പോളിസി ഉടമകള്‍ക്ക് യഥാക്രമം 45 രൂപയും 60 രൂപയും അധിക കിഴിവും എല്‍ഐസി നല്‍കിയിരുന്നു.
Next Story
Videos