എല്‍ഐസിയുടെ അറ്റാദായം 6334 കോടി
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി) 2022-23 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 6334.19 കോടി രൂപയാണ് എല്‍ഐസിയുടെ അറ്റാദായം (Net Profit). കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ അറ്റാദായം 234.91 കോടി രൂപയായിരുന്നു.
അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് അറ്റാദായം കുത്തനെ ഇടിയുകയാണ് ചെയ്തത്. രണ്ടാം പാദത്തില്‍ എല്‍ഐസി അറ്റാദായമായി നേടിയത് 15,952.49 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എല്‍ഐസിക്ക് ലഭിച്ച അറ്റ പ്രീമിയം തുക 14.5 ശതമാനം ഉയര്‍ന്ന് 1.11 ലക്ഷം കോടിയിലെത്തി. 9,721.71 കോടി രൂപയാണ് പുതിയ പോളിസികളുടെ പ്രീമിയം തുകയായി ലഭിച്ചത്.
44.34 ലക്ഷം കോടി രൂപയുടെ ആസ്തി
അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളില്‍ നിന്ന് 5,670 കോടി രൂപ ഓഹരി ഉടമകളുടെ അക്കൗണ്ടിലേക്ക് മാറ്റി. മൂന്നാം പാദത്തില്‍ എല്‍ഐസിയുടെ ചെലവ് 1.6 ശതമാനം ഉയര്‍ന്ന് 13,799 കോടി രൂപയായി. 2022 ഡിസംബറിലെ കണക്കുകള്‍ പ്രകാരം എല്‍ഐസി കൈകാര്യം ചെയ്യുന്നത് 44.34 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് (AUM).
അദാനി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തുമെന്ന് എല്‍ഐസി ചെയര്‍മാന്‍ എംആര്‍ കുമാര്‍ അറിയിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളിലായി 30,127 കോടി രൂപയുടെ നിക്ഷേപമാണ് എല്‍ഐസി നടത്തിയിട്ടുള്ളത്. നിലവില്‍ 2 ശതമാനത്തിലധികം ഉയര്‍ന്ന് 326.55 രൂപയിലാണ് (10.00 AM) എല്‍ഐസി ഓഹരികളുടെ വ്യാപാരം.