Begin typing your search above and press return to search.
സ്വര്‍ണപ്പണയ വായ്പാ രംഗത്തെ സാന്നിധ്യം ശക്തമാക്കാന്‍ ലുലു ഗ്രൂപ്പും; മത്സരം മുറുകും
ലുലു ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ലുലു ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (LFSPL) കേരളത്തിലെ സ്വര്‍ണപ്പണയ വായ്പാ രംഗത്ത് പ്രവര്‍ത്തനം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി ക്രിസില്‍ റിപ്പോര്‍ട്ട്. ലുലു ഫിന്‍സെര്‍വ് ബ്രാന്‍ഡിന് കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നല്‍കുന്ന വായ്പാ സേവനങ്ങളും മറ്റ് സാമ്പത്തിക സേവനങ്ങളും വിപുലമാക്കാന്‍ ആണ് പദ്ധതി.
2021 നവംബര്‍ മുതല്‍ ലുലു ഫിന്‍സെര്‍വ് സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്നുണ്ട്. കേരളത്തില്‍ എറണാകുളം, വാഴക്കാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിന്‍സെര്‍വിന് എട്ട് ബ്രാഞ്ചുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. 12 ശതമാനം മുതലാണ് നിലവില്‍ സ്വര്‍ണപ്പണയ വായ്പകള്‍ ലുലു ഫിന്‍സെര്‍വ് നല്‍കുന്നത്. 12 ശതമാനം നിരക്കിലുള്ള മഹിളാ ഗോള്‍ഡ് ലോണ്‍ സര്‍വീസാണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. പേഴ്‌സണല്‍ ലോണ്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ ലോണ്‍, വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ എന്നിവയും വിപുലമാക്കാനുള്ള ലക്ഷ്യത്തിലാണ് ഗ്രൂപ്പ് സ്ഥാപനം.
മുത്തൂറ്റ് ഗ്രൂപ്പ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി രാജ്യത്ത് തന്നെ ഏറ്റവും വലിയ സ്വര്‍ണപ്പണയ വായ്പാ രംഗത്തുള്ള എന്‍ ബി എഫ് സികള്‍ക്ക് പുറമേ ആയിരക്കണക്കിന് സ്വര്‍ണപ്പണയ സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. അതിന് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതല്‍ കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍ വരെ സംസ്ഥാനത്ത് സ്വര്‍ണപ്പണയ വായ്പാ രംഗത്ത് സജീവമാണ്.
കേരളം ആസ്ഥാനമായുള്ള ഒരു പ്രമുഖ ബാങ്കിന്റെ ഓരോ ശാഖയ്ക്കും ഗോള്‍ഡ് ലോണില്‍ പ്രതിദിന ടാര്‍ഗറ്റ് വരെ നല്‍കിയാണ് ബിസിനസ് കൂട്ടുന്നത്. അതോടൊപ്പം ഇടപാടുകാര്‍ക്ക് സ്വര്‍ണപ്പണയ വായ്പാ സ്ഥാപനങ്ങളില്‍ നേരിട്ട് വരാതെ തന്നെ അതിവേഗം വായ്പ എടുക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഓണ്‍ലൈന്‍ ഗോള്‍ഡ് ലോണ്‍, മൊബൈല്‍ ഗോള്‍ഡ് വെഹിക്കള്‍ തുടങ്ങി നിരവധി നൂതന സേവനങ്ങളും ഈ രംഗത്തുള്ളവര്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Next Story
Videos