ഫെഡ് തീരുമാനം കാത്തു വിപണി; ബുള്ളുകള്‍ ആവേശത്തില്‍; സംഭ്രമവും ലാഭമെടുപ്പും കൂടും; ക്രൂഡ് ഓയിലും സ്വര്‍ണവും ചാഞ്ചാട്ടത്തില്‍

യു.എസ് ഫെഡിന്റെ പലിശ തീരുമാനം അടുത്തു വന്നതോടെ വിപണികളില്‍ ലാഭമെടുപ്പും സംഭ്രമവും വര്‍ധിച്ചു. അര ശതമാനം കുറയ്ക്കല്‍ പ്രതീക്ഷിക്കുന്നവര്‍ ഭൂരിപക്ഷവുമായി. കുറയ്ക്കല്‍ അതിലും കുറവായാല്‍ വിപണിയില്‍ എതിര്‍ ചലനം ഉണ്ടാകാനും സാധ്യത കൂടി.

ഇന്ത്യന്‍ വിപണിയിലും വില്‍പന സമ്മര്‍ദവും സംഭ്രമവും കാണാം. ബുള്ളുകള്‍ വലിയ ആവേശത്തിലാണെങ്കിലും ഇന്നു വലിയ നേട്ടം ഇല്ലാതെ വ്യാപാരം തുടങ്ങാനാണു സാധ്യത. ഇന്ത്യയില്‍ രാത്രിയാണു ഫെഡ് തീരുമാനം അറിവാകുക. അതിന്റെ പ്രതികരണം നാളെയേ ഉണ്ടാകൂ.

ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് അമിതലാഭ നികുതി എടുത്തു കളഞ്ഞു. ഒ.എന്‍.ജി.സിക്കും ഓയില്‍ ഇന്ത്യക്കും ഇതു നേട്ടമാകും.

ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഓഗസ്റ്റില്‍ 9.3 ശതമാനം കുറയുകയും വാണിജ്യകമ്മി പത്തു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാക്കുകയും ചെയ്തു. ഓഗസ്റ്റില്‍ മൊത്ത വിലക്കയറ്റം നാലു മാസത്തിനിടയിലെ താഴ്ന്ന നിലയായ 1.31 ശതമാനമായി കുറഞ്ഞു. ഖാരിഫ് കൃഷിയിറക്കിയ ഭൂമിയുടെ അളവ് അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ അളവായത് കാര്‍ഷികോല്‍പാദനം റെക്കോഡ് ആകാന്‍ സഹായിക്കും.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,422ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,470 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നും ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച ഉയര്‍ന്നു. ജര്‍മനിയിലെ കൊമേഴ്‌സ് ബാങ്കിനെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ബാങ്കായ യൂണിക്രെഡിറ്റ് ശ്രമിക്കുന്നതായ റിപ്പോര്‍ട്ട് കൊമേഴ്‌സ് ബാങ്ക് ഓഹരിയെ റെക്കോഡ് ഉയരത്തില്‍ എത്തിച്ചു.

പലിശക്കാര്യത്തിലെ ആശയും ആശങ്കയും ചൊവ്വാഴ്ച യുഎസ് വിപണിയെ ഭിന്നദിശകളിലാക്കി. ഡൗ ജോണ്‍സ് നാമമാത്രമായി താഴ്ന്നു ക്ലോസിംഗ് നടത്തി. മറ്റു സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നു. എസ്.ആന്‍ഡ്.പി വ്യാപാരത്തിനിടെ റെക്കോഡ് ഉയരം താണ്ടി.

മൈക്രോസോഫ്റ്റും നിക്ഷേപ കമ്പനിയായ ബ്ലായ്ക്ക് റോക്കും ചേര്‍ന്ന് നിര്‍മിതബുദ്ധി ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കാന്‍ 10,000 കോടി ഡോളറിന്റെ ഫണ്ടു സമാഹരിക്കാന്‍ തീരുമാനിച്ചത് വ്യാപാരശേഷം അവയുടെ ഓഹരികളെ ഉയര്‍ത്തി.

ഡൗ ജോണ്‍സ് സൂചിക 15.90 പോയിന്റ് (0.04%) താഴ്ന്ന് 41,606.18ല്‍ ക്ലോസ് ചെയ്തു. എസ്.ആന്‍ഡ്.പി 1.49 പോയിന്റ് (0.03%) കയറി 5634.58ല്‍ അവസാനിച്ചു. നാസ്ഡാക് സൂചിക 35.93 പോയിന്റ് (0.20%) കയറി 17,628.06ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ്‌ഴ്‌സ് ഇന്നു ചെറിയ നേട്ടത്തിലാണ്. ഡൗ 0.12 ഉം എസ്ആന്‍ഡ്പി 0.10 ഉം നാസ്ഡാക് 0.66 ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.

യു.എസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില 3.642 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ ഉയര്‍ന്നു. ജപ്പാനില്‍ നിക്കൈ മുക്കാല്‍ ശതമാനം കയറി. വ്യാഴാഴ്ച ബാങ്ക് ഓഫ് ജപ്പാന്‍ പലിശ കൂട്ടുമെന്ന ആശങ്ക വിപണിയില്‍ നിന്നു മാറി. ഡിസംബറിലേ പലിശ കൂട്ടൂ എന്നാണു പുതിയ നിഗമനം.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി ചൊവ്വാഴ്ചയും ഉയര്‍ന്നു വ്യാപാരം തുടങ്ങിയിട്ടു ചാഞ്ചാട്ടത്തിലായി. പിന്നീടു ചെറിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. മീഡിയ, മെറ്റല്‍, പൊതുമേഖലാ ബാങ്കുകള്‍, ഫാര്‍മ എന്നീ മേഖലകള്‍ താഴ്ന്നു.

എന്‍.എസ്.ഇയില്‍ 1,122 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1,665 ഓഹരികള്‍ താണു. ബിഎസ്ഇയില്‍ 1,712 എണ്ണം കയറി, 2,237 എണ്ണം താഴ്ന്നു.

ചൊവ്വാഴ്ച സെന്‍സെക്‌സ് 90.88 പോയിന്റ് (0.11%) ഉയര്‍ന്ന് 83,079.66ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 34.80 പോയിന്റ് (0.14%) കയറി 25,418.55ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.07% (35.50 പോയിന്റ്) കയറി 52,188.55ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.13 ശതമാനം താഴ്ന്ന് 60,180.75ലും സ്‌മോള്‍ ക്യാപ് സൂചിക 0.31% താഴ്ന്ന് 19,465.55ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച ക്യാഷ് വിപണിയില്‍ 482.69 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 874.15 കോടി രൂപയുടെ ഓഹരികളും വാങ്ങി.

നിഫ്റ്റി 25,500നു മുകളില്‍ കരുത്തോടെ കയറി ക്ലോസ് ചെയ്താല്‍ വിപണിക്കു 25,800 ലേക്കു കുതിക്കാന്‍ സാധിക്കും എന്നാണു വിലയിരുത്തല്‍. ഇന്നു നിഫ്റ്റിക്ക് 25,370ലും 25,350ലും പിന്തുണ ഉണ്ട്. 25,440 ഉം 25,460 ഉം തടസങ്ങളാകും.

കയറ്റുമതിയില്‍ ഇടിവ്

ഓഗസ്റ്റില്‍ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 9.3 ശതമാനം കുറഞ്ഞതു ചെറിയ കാര്യമല്ല. ഇറക്കുമതി 3.3 ശതമാനം കുറയുകയും ചെയ്തു. അതോടെ വ്യാപാരകമ്മി പത്തു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായി.

ഓഗസ്റ്റില്‍ കയറ്റുമതി 3,471 കോടി ഡോളറും ഇറക്കുമതി 6,436 കോടി ഡോളറും ആയി. കമ്മി 2,965 കോടി ഡോളര്‍. ഏപ്രില്‍-ഓഗസ്റ്റില്‍ കയറ്റുമതി 1.14 ശതമാനം മാത്രമേ വര്‍ധിച്ചുള്ളു. ഇറക്കുമതി ഏഴു ശതമാനം കൂടി.

ലാഭമെടുപ്പില്‍ സ്വര്‍ണം താഴ്ന്നു

റെക്കോഡ് ഉയരത്തില്‍ വിറ്റു ലാഭമെടുക്കുന്നവര്‍ സ്വര്‍ണവില താഴ്ത്തി. ഔണ്‍സിന് 2,570 ഡോളറില്‍ ഇന്നലെ വ്യാപാരം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,572 ഡോളറിലാണ്. ഡിസംബര്‍ അവധിവില 2,599 ഡോളര്‍ ആയി. കേരളത്തില്‍ സ്വര്‍ണവില ചൊവ്വാഴ്ച പവന് 120 രൂപ കുറഞ് 54,920 രൂപയില്‍ എത്തി. വെള്ളിവില ഔണ്‍സിന് 30.43 ഡോളറിലേക്ക് താഴ്ന്നു.

ഡോളര്‍ സൂചിക ചൊവ്വാഴ്ച അല്‍പം കയറി 100.89ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.84 ലേക്കു താഴ്ന്നു.

ഡോളര്‍ സൂചിക താഴ്ന്നതു രൂപയ്ക്കു കരുത്തായി. ചൊവ്വാഴ്ച ഡോളര്‍ 14 പൈസ താഴ്ന്ന് 83.75 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ വില കയറ്റം തുടര്‍ന്നിട്ട് ഇന്നു രാവിലെ താണു. ബ്രെന്റ് ഇനം ചൊവ്വാഴ്ച ഉയര്‍ന്ന് 73.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 73.47 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 70.97, യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 73.78 ഡോളറിലാണ്.

ക്രിപ്റ്റാേ കറന്‍സികള്‍ ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ 60,200 ഡോളര്‍ വരെ കയറി. എന്നാല്‍ ഈഥര്‍ 2,360 ഡോളറിനടുത്തായി തുടരുന്നു. ലാഭമെടുപ്പിനെ തുടര്‍ന്നു വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ അല്‍പം താണു. ചെമ്പ് 0.25 ശതമാനം കുറഞ്ഞു ടണ്ണിന് 9,241.65 ഡോളറില്‍ എത്തി. അലൂമിനിയം 0.18 ശതമാനം താഴ്ന്ന് ടണ്ണിന് 2,523.85 ഡോളര്‍ ആയി. നിക്കല്‍ 0.08 ശതമാനം കയറി. സിങ്ക് 0.92 ഉം ലെഡ് 1.84 ഉം ടിന്‍ 0.15 ശതമാനവും താഴ്ന്നു.

വിപണിസൂചനകള്‍

(2024 സെപ്റ്റംബര്‍ 17, ചാെവ്വ)

സെന്‍സെക്‌സ് 30 83,079.66 +0.11%

നിഫ്റ്റി50 25,418.55 +0.14%

ബാങ്ക് നിഫ്റ്റി 52,188.55 + 0.07%

മിഡ് ക്യാപ് 100 60,180.75 -0.13%

സ്‌മോള്‍ ക്യാപ് 100 19,465.55 -0.37%

ഡൗ ജോണ്‍സ് 30 41,606.18
-0.04%

എസ് ആന്‍ഡ് പി 500 5634.58 +0.03%

നാസ്ഡാക് 17,628.06 +0.20%

ഡോളര്‍($) ₹83.75 -?0.14

ഡോളര്‍ സൂചിക 100.89 +0.13

സ്വര്‍ണം (ഔണ്‍സ്) $2570.00 -$14.30

സ്വര്‍ണം (പവന്‍) ₹54,920 -₹120

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $73.70 +$00.95
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it