'കര്‍ണാടക' ഏശിയില്ല, തുണച്ചത് പണപ്പെരുപ്പം; ഓഹരികളില്‍ നേട്ടം

രാജ്യം ഏറെ ആകാംക്ഷയോടെ നിരീക്ഷിച്ച കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രംഭരിക്കുന്ന ബി.ജെ.പി കനത്ത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും അത് ഓഹരി നിക്ഷേപകര്‍ക്കിടയില്‍ ചര്‍ച്ചയാകാതിരുന്നത് ഇന്ന് സൂചികകള്‍ക്ക് ആശ്വാസമായി. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് തിരിച്ചെത്തിയതും ഇന്ന് ഓഹരിവിപണിയെ നേട്ടത്തിലെത്തിച്ചു. സെന്‍സെക്‌സ് 317.81 പോയിന്റ് (0.51 ശതമാനം) നേട്ടവുമായി 62,315.71ലും നിഫ്റ്റി 84.05 പോയിന്റ് ഉയര്‍ന്ന് (0.46 ശതമാനം) 13,398.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


ഏപ്രിലില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 18 മാസത്തെ താഴ്ചയായ 4.7 ശതമാനത്തിലും മൊത്തവില പണപ്പെരുപ്പം പൂജ്യത്തിനും താഴെ 0.9 ശതമാനത്തിലും എത്തിയത് നിക്ഷേപകര്‍ക്ക് കരുത്തേകി. സമീപഭാവിയില്‍ അടിസ്ഥാന പലിശനിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് മുതിരില്ലെന്നതാണ് പണപ്പെരുപ്പത്തിലെ ഇളവ് നല്‍കുന്ന നേട്ടം.

മുന്നേറിയവര്‍
റിയാല്‍റ്റി, എഫ്.എം.സി.ജി., ബാങ്കിംഗ്, പി.എസ്.യു ബാങ്ക്, വാഹന ഓഹരികളിലെ മികച്ച വാങ്ങല്‍ താത്പര്യമാണ് ഇന്ന് ഓഹരി സൂചികകള്‍ക്ക് ഉണര്‍വായത്. നാലാംപാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിടുകയും ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാഭവിഹിതം പ്രഖ്യാപിക്കുകയും ചെയ്ത ടാറ്റാ മോട്ടോഴ്‌സ് ഇന്ന് 4 ശതമാനം വരെ മുന്നേറി. കഫേ കോഫീ ഡേ ഓഹരികള്‍ ഇന്ന് 17 ശതമാനം വരെ കുതിച്ചു. പ്രവര്‍ത്തനഫലം പുറത്തുവിടാനിരിക്കേയാണ് ഈ മുന്നേറ്റം.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവ

ഐ.ടി.സി., ടെക് മഹീന്ദ്ര, എച്ച്.യു.എല്‍., എല്‍ ആന്‍ഡ് ടി., ഇന്‍ഫോസിസ് എന്നിവയും നേട്ടത്തിലാണ്. അതേസമയം ഡി.എല്‍.എഫ്., പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഒബ്‌റോയി റിയാല്‍റ്റി, മാക്‌സ് ഹെല്‍ത്ത് കെയര്‍, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചത്. രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖല മികച്ച തിരിച്ചുവരവ് രേഖപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് റിയാല്‍റ്റി ഓഹരികള്‍ക്ക് കരുത്തായത്.
നഷ്ടത്തിലേക്ക് വീണവര്‍
ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുടെ ചുവടുപിടിച്ച് സുപ്രീം കോടതിയില്‍ വാദങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ അദാനി ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ്. അദാനി ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണിമൂല്യത്തില്‍ ഇന്ന് 21,000 കോടിയോളം രൂപ ഇടിഞ്ഞു.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ബജാജ് ഹോള്‍ഡിംഗ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. മാരുതി, ടി.സി.എസ്., ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ് എന്നിവയും നഷ്ടത്തിലാണുള്ളത്.
കല്യാണിന് നഷ്ടം; ഈസ്റ്റേണിന് നേട്ടം
നാലാംപാദത്തില്‍ മൊത്ത ലാഭത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഇന്ന് 1.93 ശതമാനം നഷ്ടം കുറിച്ചു. 720.40 കോടി രൂപയില്‍ നിന്ന് 3.11 ശതമാനം നഷ്ടവുമായി 697.99 കോടി രൂപയുടെ ലാഭമാണ് കമ്പനി കുറിച്ചത്.

കേരളം കമ്പനികളുടെ ഇന്നത്തെ നിലവാരം

ഈസ്റ്റേണ്‍ ട്രെഡ്‌സ് 3.64 ശതമാനം, കേരള ആയുവേദ 7.57 ശതമാനം, വെര്‍ട്ടെക്‌സ് 4.58 ശതമാനം, സ്‌കൂബീ ഡേ 3.15 ശതമാനം എന്നിവ ഇന്ന് മികച്ച നേട്ടത്തിലാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, നിറ്റ ജെലാറ്റിന്‍, റബ്ഫില, ഇന്‍ഡിട്രേഡ്, അപ്പോളോ ടയേഴ്‌സ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട കേരള ഓഹരികള്‍.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it