കനത്ത ചാഞ്ചാട്ടം; ഒടുവില്‍ നേരിയ നേട്ടത്തോടെ ഓഹരികള്‍

ദിവസത്തിന്റെ ഭൂരിഭാഗം സമയവും നിഴലിച്ച വില്‍പനസമ്മര്‍ദ്ദം, നേട്ടത്തിലേക്കും നഷ്ടത്തിലേക്കുമുള്ള വലിയ ചാഞ്ചാട്ടം, ഒടുവില്‍ അവസാന മണിക്കൂറിലെ ഭേദപ്പെട്ട വാങ്ങല്‍താത്പര്യത്തിന്റെ ബലത്തില്‍ നേരിയനേട്ടം. ഇന്ന് ഇന്ത്യന്‍ ഓഹരികളുടെ പ്രകടത്തിന്റെ ചുരുക്കം ഇതാണ്. ഒരുവേള 61,484 വരെ താഴുകയും 61,934 വരെ ഉയരുകയും ചെയ്ത സെന്‍സെക്‌സുള്ളത് വ്യാപാരാന്ത്യം 98.84 പോയിന്റ് (0.16 ശതമാനം) നേട്ടത്തോടെ 61,872.62ല്‍.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം


വ്യാപാരത്തിനിടെ 18,338 വരെ ഉയരുകയും 18,202 വരെ താഴുകയും ചെയ്ത നിഫ്റ്റി 18,321.15ലും വ്യാപാരം അവസാനിപ്പിച്ചു; ഇന്നത്തെ നേട്ടം വെറും 35.75 പോയിന്റ് (0.20 ശതമാനം). എന്നാല്‍ 18,300 എന്ന വൈകാരിക പോയിന്റ് കടന്നത് നിഫ്റ്റിക്കും നിക്ഷേപകര്‍ക്കും ആശ്വാസം പകരുന്നുണ്ട്. ഐ.ടി.സി., എയര്‍ടെല്‍, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് അവസാനമണിക്കൂറില്‍ നേരിയ മികച്ച താത്പര്യത്തിന്റെ കരുത്തില്‍ ഓഹരി സൂചികകള്‍ക്ക് രക്ഷകരായത്.

നേട്ടത്തിലേറിയവര്‍
അമേരിക്കയിലെ ഡെറ്റ് സീലിംഗ് ചര്‍ച്ചകളില്‍ സമവായം അകന്ന് നില്‍ക്കുന്നതും അമേരിക്ക ചരിത്രത്തിലാദ്യമായി കടംവീട്ടല്‍ മുടക്കിയേക്കുമെന്ന ഭീതിയും ആഗോളതലത്തില്‍ ഓഹരിവിപണികളെ ഉലയ്ക്കുന്നുണ്ട്. ഇതിനിടെ, യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ശക്തിയായ ജര്‍മ്മനിയുടെ സാമ്പത്തികസ്ഥിതിയും പരുങ്ങലിലാണെന്ന വാര്‍ത്തകളും തിരിച്ചടിയാകുന്നു.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

ഭാരതി എയര്‍ടെല്‍, ഐ.ടി.സി., കോട്ടക് ബാങ്ക്, പവര്‍ഗ്രിഡ്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, നെസ്‌ലെ എന്നിവയാണ് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ നേട്ടത്തിലേക്ക് ഉയര്‍ത്തിയത്. എഫ്.എം.സി.ജി., റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സൊമാറ്റോ, ഇന്‍ഡസ് ടവേഴ്‌സ്, ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ്, വേള്‍പൂള്‍, ജെ.എസ്.ഡബ്ല്യു എനര്‍ജി എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം രേഖപ്പെടുത്തിയ ഓഹരികൾ.
നിരാശപ്പെടുത്തിയവര്‍
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

വിപ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, സണ്‍ഫാര്‍മ, എച്ച്.ഡി.എഫ്.സി., എച്ച്.യു.എല്‍ എന്നിവ ഇന്ന് നഷ്ടത്തിലേക്ക് വീണ മുന്‍നിര ഓഹരികളാണ്. ട്രൈഡന്റ്, ഐ.ആര്‍.എഫ്.സി., മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ഇന്ത്യ, ടാറ്റാ കെമിക്കല്‍സ് എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 0.45 ശതമാനം താഴ്ന്നു. നിഫ്റ്റി ധനകാര്യം, മീഡിയ, ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകളും നഷ്ടത്തിലാണ്.
സ്വര്‍ണം മുന്നോട്ട്, ക്രൂഡോയില്‍ താഴോട്ട്
ഓഹരിവിപണികളുടെ തളര്‍ച്ച സ്വര്‍ണം നേട്ടമാക്കുകയാണ്. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് കൂടുമാറിയതോടെ രാജ്യാന്തര വില ഔണ്‍സിന് 1.04 ഡോളര്‍ ഉയര്‍ന്ന് 1,961.11 ഡോളറായി. മുന്‍നിര രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാകുന്നത് ക്രൂഡോയിലിനെ തളര്‍ത്തുന്നു. ഡബ്ല്യു.ടി.ഐ ക്രൂഡ് വില ബാരലിന് 1.94 ശതമാനം ഇടിഞ്ഞ് 72.90 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 1.77 ശതമാനം താഴ്ന്ന് 76.97 ഡോളറായി.
ഇന്ത്യന്‍ ഓഹരികളിലേക്ക് വിദേശ നിക്ഷേപമെത്തുന്നത് കൂടിയതോടെ ഡോളറിനെതിരെ രൂപയുടെ വീഴ്ചയുടെ ആക്കം കുറഞ്ഞിട്ടുണ്ട്. ഈവാരമാദ്യം ഡോളറിനെതിരെ 82.85 വരെ താഴ്ന്ന രൂപ ഇന്നുള്ളത് 82.74ലാണ്. ഇന്ന് 0.1 ശതമാനം നഷ്ടമുണ്ടായി.
കൊച്ചിന്‍ മിനറല്‍സ് 6% ഇടിഞ്ഞു; ആസ്റ്റര്‍ 5% കയറി
കേരളം ആസ്ഥാനമായ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ 6.45 ശതമാനം നഷ്ടം നേരിട്ടു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഫാക്ടും രണ്ട് ശതമാനത്തിന് മുകളിലും എ.വി.ടി., കേരള ആയുര്‍വേദ, ഹാരിസണ്‍ മലയാളം, കെ.എസ്.ഇ എന്നിവ ഒരു ശതമാനത്തിന് മുകളിലും നഷ്ടത്തിലാണുള്ളത്. ഫെഡറല്‍ ബാങ്ക്, ജിയോജിത്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, റബ്ഫില, സ്‌കൂബി എന്നിവയും നഷ്ടത്തിലാണുള്ളത്.
കേരള കമ്പനികളുടെ ഇന്നത്തെ നിലവാരം

ഇന്‍ഡിട്രേഡ് 4.65 ശതമാനവും ഈസ്റ്റേണ്‍ ട്രെഡ്‌സ് 3.48 ശതമാനവും ഉയര്‍ന്നു. 5.22 ശതമാനമാണ് പാറ്റ്‌സ്പിന്നിന്റെ നേട്ടം. വി-ഗാര്‍ഡ് 1.12 ശതമാനവും വണ്ടര്‍ല 2.52 ശതമാനവും ഉയര്‍ന്നു. നിറ്റ ജെലാറ്റിന്‍, കിറ്റെക്‌സ്, അപ്പോളോ ടയേഴ്‌സ് എന്നിവ ഒരു ശതമാനത്തിന് മുകളിലും നേട്ടമുണ്ടാക്കി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it