ആവേശത്തുടക്കം; 48,000 കടന്നു സെന്‍സെക്‌സ്; ഡോളര്‍ താണു

നവവത്സരത്തിലെ ആദ്യ ആഴ്ച ആവേശം വളര്‍ത്തുന്ന കുതിപ്പുമായാണു വിപണി വ്യാപാരം തുടങ്ങിയത്. എന്നാല്‍ എസ്ജിഎക്‌സ് നിഫ്റ്റി പ്രകടിപ്പിച്ച ആവേശം ഇന്ത്യന്‍ വിപണി പ്രകടിപ്പിച്ചില്ല. നിഫ്റ്റി ഒരു മണിക്കൂറിനു ശേഷം 70 പോയിന്റ് ഉയര്‍ച്ചയിലാണ്.സെന്‍സെക്‌സ് 200 പോയിന്റ് കയറ്റത്തിലും. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് ഇന്നു 48,000 പോയിന്റ് കടന്നു.

പഞ്ചാബില്‍ തങ്ങളുടെ ടവറുകള്‍ തകര്‍ത്തതിനെച്ചൊല്ലി റിലയന്‍സ് ജിയോ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. വിപണിയില്‍ റിലയന്‍സ് ഓഹരി വില ഛ.65 ശതമാനം വരെ താഴ്ന്നു.

കര്‍ഷക സമരം ഒത്തുതീരാന്‍ സാധ്യതയുണ്ടെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഗവണ്മെന്റ് ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണു സ്ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇന്നാണു കര്‍ഷകരുമായി ചര്‍ച്ച.

ഡിസംബറിലെ ഫാക്ടറി ഉല്‍പാദനത്തിന്റെ പിഎംഐ നവംബറിലെ 56.3 ല്‍ നിന്ന് 56.4 ആയി ഉയര്‍ന്നു. ഡിസംബറില്‍ ഉല്‍പാദനം കുറവായിരിക്കും എന്ന ആശങ്ക ഇതാേടെ മാറി.

രൂപ ഇന്ന് ഗണ്യമായ ഉയര്‍ച്ച കാണിച്ചു. 22 പൈസ താഴ്ന്നു 72.90 രൂപയിലാണ് ഡോളര്‍ വ്യാപാരം തുടങ്ങിയത്.

ഡോളറിന്റെ വിനിമയ നിരക്ക് താഴുന്നത് ലോക വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തി. 1922 ഡോളറിലായി ഏഷ്യന്‍ വ്യാപാരത്തില്‍ സ്വര്‍ണ വില. കേരളത്തില്‍ ഇന്നു രാവിലെ പവന് 400 രൂപ കൂടി 37,840 രൂപയായി.
ഒപെക് പ്ലസ് യോഗം ഇന്നു നടക്കാനിരിക്കെ ക്രൂഡ് ഓയില്‍ വില ഗണ്യമായി കൂടി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 52.4 ഡോളറായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it