വിപണി ഇടിയുന്നു; രൂപ റെക്കോര്‍ഡ് താഴ്ചയില്‍, യു.എസ് നീക്കത്തില്‍ എണ്ണക്കമ്പനികള്‍ക്കും നഷ്ടം

യുഎസ്, ഏഷ്യന്‍ വിപണികളുടെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ വിപണിയും താഴുന്നത്

വിപണി രാവിലെ തന്നെ ഒരു ശതമാനത്തോളം ഇടിഞ്ഞു. പിന്നീടു നഷ്ടം അല്‍പം കുറച്ചു.യുഎസ്, ഏഷ്യന്‍ വിപണികളുടെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ വിപണി താഴുന്നത്. രൂപയുടെ റെക്കോര്‍ഡ് വിലയിടിവും വിപണിയില്‍ പ്രതിഫലിച്ചു.
ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത് ഇന്‍ഡിഗോ ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി. സ്‌പൈസ് ജെറ്റ് ഒന്നര ശതമാനം താഴ്ന്നു. പെയിന്റ് കമ്പനികളും താഴ്ചയിലാണ്.
ഗ്യാസ്‌പ്രോം അടക്കമുള്ള റഷ്യന്‍ എണ്ണ കമ്പനികളുടെ ഓയില്‍ ടാങ്കറുകള്‍ക്കു ഉപരോധം പ്രഖ്യാപിച്ച യുഎസ് നടപടി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളെ ഇടിവിലാക്കി. എച്ച്പിസിഎല്‍ ഏഴു ശതമാനം താഴ്ന്നു. ബിപിസിഎല്‍ രണ്ടും ഐഒസി മൂന്നും ശതമാനം താണു. വില കൂടിയതു മൂലമുള്ള നഷ്ടവും ടാങ്കറുകളുടെ വിലക്കു മൂലം എണ്ണ എത്തിക്കാനുള്ള ബുദ്ധിമുട്ടും കമ്പനികള്‍ക്കു പ്രശ്‌നമാകും.
വരുമാനം 21 ശതമാനം വര്‍ധിച്ചിട്ടും ലാഭം 39 ശതമാനം കുറഞ്ഞ ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലായ്ക്ക് (പിസിബിഎല്‍) ഓഹരി ആദ്യം 10 ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു.
മൂന്നാം പാദ റിസല്‍ട്ട് മോശമായതിനെ തുടര്‍ന്നു രാവിലെ കുത്തനേ ഇടിഞ്ഞ അവന്യു സൂപ്പര്‍ മാര്‍ട്ട് ഓഹരി പിന്നീടു നഷ്ടം നാലു ശതമാനമായി കുറച്ചു.
രൂപ ഇന്നു റെക്കോര്‍ഡ് ഇടിവിലാണു വ്യാപാരം തുടങ്ങിയത്. 24 പൈസ ഉയര്‍ന്ന് 86.21 രൂപയില്‍ ഡോളര്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 86.38 രൂപയായി. രാവിലെ തന്നെ അര ശതമാനത്താേളം ഇടിവാണ് രൂപയ്ക്കുണ്ടായത്. അതിനു ശേഷം ഡോളര്‍ 86.32 രൂപ വരെ താഴ്ന്നു.
ഡോളര്‍ സൂചിക രാവിലെ കാല്‍ ശതമാനം കുതിച്ച് 109.90 കടന്നു.
സ്വര്‍ണം ലോകവിപണിയില്‍ 2687 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 200 രൂപ കൂടി 58,720 രൂപ ആയി.
ക്രൂഡ് ഓയില്‍ കയറ്റത്തിനു ചെറിയ വിരാമം. ബ്രെന്റ് ഇനം 81.05 ഡോളറിലേക്കു താഴ്ന്നു.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it