മൂന്നാം പാദ റിസല്‍ട്ടില്‍ കണ്‍ഫ്യൂഷന്‍! വിപണി വീണ്ടും ചാഞ്ചാട്ടത്തില്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ക്ക് ഇടിവ്

ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ശേഷം ഇന്ത്യന്‍ വിപണി വലിയ ചാഞ്ചാട്ടത്തിലായി. നിഫ്റ്റി രാവിലെ ആദ്യ മണിക്കൂറില്‍ 24,089.95 വരെ കയറുകയും 23,911 വരെ താഴുകയും ചെയ്തു. സെന്‍സെക്‌സ് 79,004 നും 19,532 നുമിടയില്‍ ചാഞ്ചാടി.
മൂന്നാം പാദ റിസല്‍ട്ടുകള്‍ മോശമാകും എന്ന ആശങ്കയാണു വിപണിയെ താഴ്ത്തുന്നത്. ബാങ്ക് നിഫ്റ്റി തുടക്കം മുതല്‍ താഴ്ചയിലായിരുന്നു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഇടിഞ്ഞു.
പൊതുമേഖലാ ബാങ്കുകള്‍ ഇന്നു രാവിലെ താഴ്ചയിലായി. യൂണിയന്‍ ബാങ്ക് ഏഴു ശതമാനം ഇടിഞ്ഞു. പിഎന്‍ബിയും ബാങ്ക് ഓഫ് ബറോഡയും നാലു ശതമാനവും കനറാ ബാങ്ക് മൂന്നര ശതമാനവും താഴ്ന്നു.
മൂന്നാം പാദത്തിലെ ബിസിനസ് വളര്‍ച്ച കുറവായതു മാരികോയെയും ഡാബറിനെയും നാലു ശതമാനം താഴ്ത്തി. മറ്റ് എഫ്എംസിജി കമ്പനികളും നഷ്ടത്തിലാണ്.
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജിവച്ച റിപ്പോര്‍ട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിയെ രണ്ടര ശതമാനം താഴ്ത്തി.
മൂന്നാം പാദ ബിസിനസ് വളര്‍ച്ച മികച്ചതായത് നൈകാ ഓഹരിയെ ആറു ശതമാനം ഉയര്‍ത്തി.
പണിമുടക്കു മൂലം രാജമുന്ദ്രി പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയതിനെ തുടര്‍ന്ന് ആന്ധ്രാ പേപ്പര്‍ ഓഹരി രണ്ടു ശതമാനം താഴ്ന്നു.
യുപിയില്‍ 1,000 മെഗാവാട്ടിന്റെ സൗരോര്‍ജ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് എന്‍ടിപിസി ഗ്രീന്‍ ഓഹരി നാലു ശതമാനം ഉയര്‍ന്നു.
ഈസ് മൈ ട്രിപ്പില്‍ സിഇഒ സ്ഥാനം രാജിവച്ച നിശാന്ത് പിട്ടി ചെയര്‍മാന്‍ സ്ഥാനത്തു തുടരും എന്നും പ്രൊമോട്ടര്‍മാര്‍ ഇനി ഓഹരി വില്‍ക്കില്ല എന്നു പ്രഖ്യാപിച്ചതും ഓഹരിയെ എട്ടു ശതമാനം ഉയര്‍ത്തി. നിശാന്തിന്റെ സഹോദരനെ സിഇഒ ആക്കിയിട്ടുണ്ട്.
മൂന്നാം പാദത്തില്‍ ഇടപാടുകാരും ബിസിനസും വര്‍ധിച്ചത് ഏഞ്ചല്‍ വണ്‍ ബ്രോക്കിംഗ് ഓഹരിയെ നാലു ശതമാനം ഉയര്‍ത്തി.
റിലയന്‍സ് ഓഹരിയുടെ ലക്ഷ്യവില വിദേശ ബ്രോക്കറേജ് സിഎല്‍എസ്എ 1,650 രൂപയിലേക്ക് ഉയര്‍ത്തി.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ലക്ഷ്യവില നൊമുറ സെക്യൂരിറ്റീസ് 2,170 രൂപയാക്കി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അടക്കം കപ്പല്‍ നിര്‍മാണശാലകളുടെ ഓഹരികള്‍ മൂന്നു ശതമാനം താഴ്ന്നു.
രൂപ ഇന്ന് അല്‍പം താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കൂടി 85.78 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 85.82 രൂപയായി. ഡോളര്‍ ഫ്യൂച്ചേഴ്‌സ് വില 85.99 രൂപവരെ എത്തി.
സ്വര്‍ണം ലോക വിപണിയില്‍ 2,641 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം വിലമാറ്റം ഇല്ലാതെ 57,720 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ വില ചെറിയ താഴ്ചയിലായി. ബ്രെന്റ് ഇനം 76.34 ഡോളര്‍ ആയി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it