വിപണി ചാഞ്ചാട്ടത്തില്‍, എച്ച്.ഡി.എഫ്.സി ബാങ്കിനു ക്ഷീണം, എയര്‍ടെല്ലിന് ഉയര്‍ച്ച

വിപണി ചാഞ്ചാട്ടത്തിലാണ്. താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം കൂടുതല്‍ താഴ്ന്നു. പിന്നീട് ഉയര്‍ന്നു നേട്ടത്തിലായി. വീണ്ടും താഴ്ന്നു. ആദ്യ മണിക്കൂറില്‍ സെന്‍സെക്‌സ് 79,466നും 79,693നും ഇടയിലും നിഫ്റ്റി 24,299നും 24,360നും ഇടയിലും കയറിയിറങ്ങി.
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നു ചെറിയ നേട്ടത്തിലാണ്. മോര്‍ഗന്‍ സ്റ്റാന്‍ലി ആഗോള സൂചികയില്‍ എച്ച്.ഡി.എഫ്.സി ബാങ്കിനു പ്രതീക്ഷിച്ചത്ര വെയിറ്റേജ് കിട്ടിയില്ല എന്ന പേരില്‍ ഓഹരിയെ ഇടിച്ചു താഴ്ത്തി. ഓഹരി രാവിലെ രണ്ടര ശതമാനത്തോളം താഴ്ന്നു. രണ്ടു ഘട്ടമായാണ് ബാങ്കിന് മുഴുവന്‍ വെയിറ്റേജ് വര്‍ധന ലഭിക്കുക എന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. ബാങ്ക് നിക്ഷേപ പലിശ വര്‍ധിപ്പിച്ചതും ഓഹരിക്കു ദോഷമായി.
ആര്‍തി ഇന്‍ഡസ്ട്രീസ് ഓഹരി ഇന്നു രാവിലെ 14 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസം കമ്പനി അറ്റാദായം 90 ശതമാനം വര്‍ധിച്ചതായി കാണിക്കുന്ന റിസല്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അടുത്ത പാദത്തിലെ വരുമാന, ലാഭ പ്രതീക്ഷകള്‍ താഴ്ത്തുമെന്നു മാനേജ്‌മെന്റ് അറിയിച്ചതാണു വിലത്തകര്‍ച്ചയ്ക്കു കാരണം.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് ക്ഷീണം
ബ്രിട്ടീഷ് ടെലികോമിന്റെ 24.5 ശതമാനം ഓഹരി വാങ്ങുന്നതായ വാര്‍ത്തയെ തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ ഓഹരി ഒന്നര ശതമാനത്തോളം ഉയര്‍ന്നു.
ബംഗ്ലാദേശിലെ ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ച സാഹചര്യത്തില്‍ മാരികോ ഓഹരി രണ്ടര ശതമാനം കയറി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി ഇന്നു രാവിലെ നാലു ശതമാനത്തിലധികം ഇടിഞ്ഞു.
ഒന്നാം പാദ റിസല്‍ട്ട് ഇന്നു വരാനിരിക്കെ ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്പനി ഓഹരി രാവിലെ 10 ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു.
ആര്‍വിഎന്‍എല്‍, വോഡഫോണ്‍ ഐഡിയ, പി.ബി ഫിന്‍ടെക്, ഡിക്‌സണ്‍ ടെക്‌നോളജീസ്, ഓയില്‍ ഇന്ത്യ, സൈഡസ് ലൈഫ് സയന്‍സസ് എന്നിവ എം.എസ്.സി.ഐ ഇന്ത്യ സൂചികയില്‍ പെട്ടതിനെ തുടര്‍ന്ന് മൂന്നു ശതമാനത്തോളം ഉയര്‍ന്നു. ഇവയിലേക്കു കൂടുതല്‍ വിദേശഫണ്ടുകള്‍ നിക്ഷേപം നടത്തും എന്ന പ്രതീക്ഷയിലാണിത്. വോഡഫോണ്‍ ഐഡിയ പിന്നീടു രണ്ടര ശതമാനം താഴ്ചയിലായി.
യൂണി കൊമേഴ്‌സ് ഇ-സൊലൂഷന്‍സ് ഓഹരി 110 ശതമാനം ഉയര്‍ന്നും ഫസ്റ്റ് ക്രൈ 45 ശതമാനം ഉയര്‍ന്നും ലിസ്റ്റ് ചെയ്തു.
രൂപ രാവിലെ നേട്ടത്തിലായി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.94 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.96 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,464 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 760 രൂപ വര്‍ധിച്ച് 52,520 രൂപയില്‍ എത്തി. കേന്ദ്ര ബജറ്റ് സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ക്രൂഡ് ഓയില്‍ വില രാവിലെ കുറഞ്ഞു. ബ്രെന്റ് ഇനം ഒരു ശതമാനം താഴ്ന്ന് 81.54 ഡോളറില്‍ എത്തി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it