ഓഹരി വിപണിയിൽ ഈയാഴ്ച ആശ്വാസ റാലിയോ കൂടുതൽ തിരുത്തലോ? ഇഴഞ്ഞു നീങ്ങി എൽ ഐ സി ഐ പി ഒ; റിലയൻസ് വീണ്ടും കടത്തിൽ

നാലു ശതമാനം പ്രതിവാര താഴ്ചയ്ക്കുശേഷം ആശ്വാസ റാലിയോ ഗതിമാറ്റമോ ഒക്കെ പ്രതീക്ഷിക്കുന്നത് സ്വാഭാവികം. പക്ഷേ വീണ്ടും താഴ്ചയിലേക്കു വിപണികൾ നീങ്ങും എന്ന ആശങ്കയാണു പൊതുവിലുള്ളത്.

ഏപ്രിലിലെ ചില്ലറ വിലക്കയറ്റം, മാർച്ചിലെ വ്യവസായ ഉൽപാദനം എന്നിവ അടക്കമുള്ള വിവരങ്ങൾ വ്യാഴാഴ്ച പുറത്തു വരുമ്പോൾ അതിൻ്റെ പ്രതികരണവും ഉണ്ടാകും. വിലക്കയറ്റം ഏഴര ശതമാനത്തിലേക്കു കയറുമെന്നും വ്യവസായ ഉൽപാദന വളർച്ച മൂന്നു ശതമാനമായി കുറയുമെന്നും കണക്കാക്കപ്പെടുന്നു. രണ്ടും നല്ല സൂചനകളല്ല.

വിപണിയുടെ ആശങ്കകൾ പഴയതു തന്നെ. അനിയന്ത്രിത വിലക്കയറ്റം, അതിവേഗം കൂടുന്ന പലിശ, കുറയുന്ന പണലഭ്യത, ഇതെല്ലാം ചേർന്ന് വരുത്തുന്ന മാന്ദ്യം.
മാന്ദ്യത്തിലേക്കു പോകാതെ വിലക്കയറ്റം നിയന്ത്രിക്കാനാകും എന്നു പ്രഖ്യാപിക്കാൻ യുഎസ് ഫെഡ് അടക്കം കേന്ദ്ര ബാങ്കുകൾക്കു കഴിയുന്നുമില്ല.
ഈ സാഹചര്യത്തിൽ പുതിയ ആഴ്ചയിലേക്കു തിരുത്തൽ സൂചനകളാണു വിപണി നൽകുന്നത്. കഴിഞ്ഞയാഴ്ചയിലെ വലിയ നേട്ടവും അതിലും വലിയ കോട്ടവും വിപണിയെ കരടികളുടെ നിയന്ത്രണത്തിലാക്കി.
വെള്ളിയാഴ്ച ഇന്ത്യൻ വിപണിക്കു പിന്നാലെ യൂറോപ്യൻ സൂചികകളും ഇടിഞ്ഞു. യുഎസ് വിപണി തിരിച്ചു കയറാൻ പലവട്ടം ശ്രമിച്ചെങ്കിലും നഷ്ടത്തിലാണു ക്ലോസ് ചെയ്തത്.
ടെക്നോളജി ഓഹരികൾക്കായിരുന്നു വലിയ തിരിച്ചടി. 2020 നവംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായി നാസ്ഡാക് സൂചിക.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായ താഴ്ചയിലാണ്. ഏഷ്യൻ വിപണികളും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കൈ സൂചിക രണ്ടു ശതമാനത്തോളം ഇടിഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 16,364-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,198-ലെത്തിയിട്ട് അൽപം കയറി. ഇന്നു രാവിലെ ഇന്ത്യൻ വിപണി ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.
റിസർവ് ബാങ്കും യുഎസ് ഫെഡും പലിശനിരക്കു ഗണ്യമായി കൂട്ടിയ കഴിഞ്ഞയാഴ്ച മുഖ്യ ഇന്ത്യൻ സൂചികകൾ നാലു ശതമാനം ഇടിഞ്ഞു.
സെൻസെക്സിൽ 2225.29 പോയിൻ്റും (3.89%) നിഫ്റ്റിയിൽ 691.28 പോയിൻ്റും (4.04%) നഷ്ടമുണ്ടായി. ഐടി ഓഹരികളുടെ സൂചിക 15 ശതമാനം ഇടിവിലായി. റിയൽറ്റി പത്തു ശതമാനവും.
വെള്ളിയാഴ്ച സെൻസെക്സ് 866.65 പോയിൻ്റ് (1.56%) നഷ്ടത്തിൽ 54,835.58 ലും നിഫ്റ്റി 271.4 പോയിൻ്റ് (1.63%) നഷ്ടത്തിൽ 16,411.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.79 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.53 ശതമാനവും ഇടിഞ്ഞു. എല്ലാ ബിസിനസ് വിഭാഗങ്ങളുടെയും സൂചികകൾ താഴ്ചയിലായി.
വെള്ളിയാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 5517.08 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 3014.85 കോടിയുടെ ഓഹരികൾ വാങ്ങി.
കഴിഞ്ഞയാഴ്ച ക്യാഷ് വിപണിയിൽ വിദേശികൾ 12,733.46 കോടിയുടെ ഓഹരികൾ വിറ്റു. അവരുടെ വിൽപന വരും ദിവസങ്ങളിൽ തുടരും.
വിപണി ബെയറിഷ് ആണെന്നും 16,650 മറികടന്നാലേ നിഫ്റ്റിക്കു തിരിച്ചുകയറ്റ റാലി തുടങ്ങാനാവൂ എന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു.
ഇന്നു വിപണിക്ക് 16,340 ലും 16,270 ലും അവർ സപ്പോർട്ട് കാണുന്നു. ഉയർച്ചയിൽ 16,485 ലും 16,555 ലും തടസങ്ങൾ പ്രതീക്ഷിക്കാം. 16,340-നു താഴോട്ടു ക്ലാേസിംഗ് പോയാൽ 15,400 വരെ താഴാനുള്ള സാധ്യത പലരും ചൂണ്ടിക്കാട്ടുന്നു.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. 113 ഡോളർ വരെ കയറിയ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 111.8 ഡോളറിലാണ്.
റഷ്യൻ ക്രൂഡ് വാങ്ങുന്നത് ഏതാനും മാസം കൊണ്ട് അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. അതു നടപ്പാക്കൽ എന്നു മുതൽ എന്നു പ്രഖ്യാപിച്ചിട്ടില്ല. പ്രകൃതിവാതക വില എട്ടു ഡോളറിനു മുകളിൽ തുടരുന്നു.

ലോഹങ്ങൾ താഴോട്ട്
വ്യാവസായിക ലോഹങ്ങളുടെ വിലയിടിവ് തുടരുകയാണ്. ചൈനയിലെ ലോക്ക് ഡൗൺ നീണ്ടുപോകുന്നതും അവിടെയും മറ്റു രാജ്യങ്ങളിലും മാന്ദ്യഭീഷണി വർധിക്കുന്നതുമാണു കാരണം. ഡോളറിനു കരുത്തു കൂടിയതും വില താഴ്ത്തുന്നു. സ്റ്റീൽ വില താഴോട്ടു നീങ്ങുന്നതു മൂലം ഇരുമ്പയിര് വില കുത്തനെ ഇടിഞ്ഞു.
137 ഡോളറിനു താഴെയായി ഒരു ടൺ ഇരുമ്പയിര് വില.കഴിഞ്ഞ നവംബറിൽ 100 ഡോളറായിരുന്ന ഇരുമ്പയിര് മാർച്ചിൽ 160 ഡോളറിനടുത്ത് എത്തിയിരുന്നു. ചെമ്പ് 9428 ഡോളറിലേക്കും അലൂമിനിയം 2841.85 ലേക്കും താണു. നിക്കൽ മാസങ്ങൾക്കു ശേഷം 30,000 ഡോളറിനു താഴെയായി. ലെഡ്, സിങ്ക് തുടങ്ങിയവയുടെ വില നാലു ശതമാനത്തോളം ഇടിഞ്ഞു.
സ്വർണം 1900 ഡോളറിലേക്കു കയറാൻ അവസരം കിട്ടാതെ താഴോട്ടു നീങ്ങി. ഇന്നു രാവിലെ 1885 ഡോളറിൽ വ്യാപാരം തുടങ്ങിയ സ്വർണം പിന്നീട് 1880-1882 ലേക്കു താണു.

വിദേശികൾ വിൽപന കൂട്ടും
ഡിപ്പോസിറ്ററികളിലെ കണക്കനുസരിച്ച് മേയിലെ നാല് വ്യാപാരദിനങ്ങൾ കൊണ്ട് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 6400 കോടി രൂപ പിൻവലിച്ചു. കഴിഞ്ഞ ധനകാര്യവർഷം 11 മാസവും അവർ പണം പിൻവലിക്കുകയായിരുന്നു.
യുഎസ് ഫെഡ് പണലഭ്യത നിയന്ത്രിക്കാനായി കടപ്പത്രങ്ങൾ തിരികെ വിൽക്കാൻ തുടങ്ങുകയാണ്. ജൂലൈയോടെ മാസം 9500 കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ വിപണിയിൽ വിൽക്കും. സമാന്തരമായി പലിശ കൂട്ടും.
വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും കുറഞ്ഞ വിലയ്ക്കു കിട്ടുന്ന കടപ്പത്രങ്ങളിലേക്കു പണം മാറ്റും.ഇതിനായി വികസ്വരരാജ്യങ്ങളിൽ നിന്നു പണം പിൻവലിക്കും. അതാണ് ഇപ്പോൾ കാണുന്നത്.

ഡോളർ കുതിപ്പും രൂപയും
ഡോളർ സൂചിക പിടി തരാതെ കുതിച്ചു കയറുകയാണ്. വികസ്വര രാജ്യങ്ങളുടെ കറൻസികൾ ആനുപാതികമായി ഇടിയുന്നു. കഴിഞ്ഞയാഴ്ച ഡോളർ സൂചിക 103 നു മുകളിലായിരുന്നു. 104 നു മുകളിലേക്കു കയറിയാൽ ഇന്ത്യൻ രൂപയടക്കം പല കറൻസികളും ബുദ്ധിമുട്ടിലാകും.
രണ്ടു മാസം കൊണ്ട് വിദേശനാണ്യശേഖരം അഞ്ചു ശതമാനത്തോളം കുറഞ്ഞത് ഇന്ത്യക്കു മുന്നറിയിപ്പാണ്. കഴിഞ്ഞ സെപ്റ്റംബറിൽ 64,245 കോടി ഡോളറിനു മുകളിൽ എത്തി റിക്കാർഡിട്ട വിദേശനാണ്യശേഖരം ഇപ്പോൾ 58,000 കോടി ഡോളർ മാത്രം.
ലോകത്തിലെ ആറാമത്തെ വലിയ വിദേശനാണ്യശേഖരം എന്ന വീമ്പ് വിപണിയിൽ എതിർ കാറ്റിനെ തടയാൻ പര്യാപ്തമല്ല. വാണിജ്യകമ്മി പിടിവിട്ടു കൂടുകയും വിദേശ നിക്ഷേപകർ പണം പിൻവലിക്കുകയും വായ്പകളടക്കമുള്ള വിദേശധന വരവ് കുറക്കുകയും ചെയ്യുമ്പോൾ വിദേശനാണ്യശേഖരം ശോഷിക്കാൻ അധികകാലം വേണ്ട.
കഴിഞ്ഞയാഴ്ച ഡോളർ 76.92 രൂപയിലേക്കു കയറി. രൂപയുടെ ഇടിവ് ഒരു ശതമാനത്തിലധികം. ഈയാഴ്ചയും രൂപ താഴുമെന്ന് കരുതപ്പെടുന്നു. ഡോളർ 77.5 രൂപയിലെത്തുമെന്നാണു നിഗമനം.

കമ്പനികൾ
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ നാലാംപാദ, വാർഷിക റിസൽട്ടുകളിൽ പ്രത്യേകത ഒന്നുമില്ല. കമ്പനി ഇപ്പോഴും പെടോളിയം - പെട്രോ കെമിക്കൽ ബിസിനസിൽ നിന്നാണു പണമുണ്ടാക്കുന്നത്.
1.1 ലക്ഷം കോടി രൂപ വാർഷിക പ്രവർത്തന ലാഭമുള്ളതിൽ 58,200 കോടി രൂപയും ഈ മേഖലയിൽ നിന്നാണ്. റീട്ടെയിൽ 12,400 കോടിയും ടെലകോം - ഡിജിറ്റൽ വിഭാഗങ്ങൾ 40,300 കോടിയും മാത്രമേ ഉണ്ടാക്കിയുള്ളു.
വരും വർഷങ്ങളിലും ഈ അനുപാതം മാറാനിടയില്ലെന്ന് അനലിസ്റ്റുകൾ പറയുന്നു. കമ്പനി വീണ്ടും കടത്തിലായി. രണ്ടു വർഷം മുമ്പ് അറ്റ കടബാധ്യത ഇല്ലാതാക്കിയെന്ന് മുകേഷ് അംബാനി അവകാശപ്പെട്ടതാണ്. പക്ഷേ ഇപ്പോൾ വീണ്ടും കടത്തിലായി.
എൽ ആൻഡ് ടി ഇൻഫോടെക്കും മൈൻഡ് ട്രീയും സംയാേജിപ്പിച്ച് എൽടിഐ മൈൻഡ് ട്രീ എന്ന കമ്പനിയാക്കി. എൽ ആൻഡ് ടിക്ക് സംയുക്ത കമ്പനിയിൽ 68.73 ശതമാനം ഓഹരി ഉണ്ടാകും.
രാജ്യത്തെ അഞ്ചാമത്തെ വലിയ ഐടി കമ്പനിയായ ഇതിന് 350 കോടി ഡോളർ വാർഷിക വിറ്റുവരവുണ്ട്. 1.03 ലക്ഷം കോടി രൂപയുടെ വിപണിമൂല്യവും ഉണ്ട്.
എൽഐസിയുടെ ഐപിഒ ഇഴഞ്ഞു കയറുന്നു. ഇന്നലെ വരെ 1.79 മടങ്ങ് അപേക്ഷകളേ ലഭിച്ചുള്ളു. ഓഹരിക്ക് അനൗപചാരിക വിപണിയിലെ പ്രീമിയം വളരെ കുറഞ്ഞിട്ടുണ്ട്.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it