പണനയവും തെരഞ്ഞെടുപ്പു ഫലവും കാത്തു വിപണി; റീപാേ നിരക്കിൽ ചെറിയ വർധന പ്രതീക്ഷിക്കുന്നു; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ
റിസർവ് ബാങ്കിൻ്റെ പണനയപ്രഖ്യാപനം ബുധനാഴ്ച. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം വ്യാഴാഴ്ച. ഈയാഴ്ചയിലെ വിപണി നീക്കത്തെ നിർണായകമായി സ്വാധീനിക്കുന്ന രണ്ടു കാര്യങ്ങളാണ് അവ.
പണനയപ്രഖ്യാപനം വഴി റിസർവ് ബാങ്കിൻ്റെ റീപോ നിരക്ക് 5.9-ൽ നിന്ന് 6.25 ശതമാനമാക്കും എന്നാണു വിപണി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്നു തവണ 50 ബേസിസ് പോയിൻ്റ് വീതമായിരുന്നു വർധന. ഇത്തവണ അത് 35 ബേസിസ് പോയിൻ്റ് ആയി കുറയ്ക്കുമെന്നാണു നിഗമനം. ഒപ്പം ഇനിയുള്ള പലിശവർധന വിലക്കയറ്റം വിലയിരുത്തിയ ശേഷമേ തീരുമാനിക്കൂ എന്ന ആശ്വാസ പ്രഖ്യാപനവും വിപണി ആഗ്രഹിക്കുന്നുണ്ട്. ജിഡിപി വളർച്ചയും വിലക്കയറ്റവും സംബന്ധിച്ച നിഗമനങ്ങൾ റിസർവ് ബാങ്ക് താഴ്ത്തി നിശ്ചയിക്കുമെന്നും വിപണി കരുതുന്നു.
ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണം നിലനിർത്തുന്ന സാഹചര്യം മാത്രമേ വിപണിയുടെ ചിന്തയിൽ ഉള്ളു. അതിന് എന്തെങ്കിലും ഉലച്ചിൽ തട്ടിയാൽ വിപണിയിൽ ചാഞ്ചാട്ടമുണ്ടാകാം. ബിജെപി ഭരണം നിലനിർത്തിയാൽ നേരിയ കയറ്റം പ്രതീക്ഷിക്കാം..
മറ്റൊരു നിർണായക കാര്യം ഞായറാഴ്ച നടന്നു. ക്രൂഡ് ഓയിൽ ഉൽപാദനം ഇപ്പാേഴത്തെ തോതിൽ തുടരാൻ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും (ഒപെക്) മിത്ര രാജ്യങ്ങളും ഉൾപ്പെട്ട ഒപെക് പ്ലസ് തീരുമാനിച്ചു. ഈ തീരുമാനം ക്രൂഡ് ഓയിൽ വില ഉയർത്തി. റഷ്യൻ ക്രൂഡിനും പ്രകൃതി വാതകത്തിനുമുള്ള പാശ്ചാത്യവിലക്ക് ഇന്നാണു പ്രാബല്യത്തിൽ വരുന്നത്. വിലക്കുണ്ടെങ്കിലും നിയന്ത്രിത വിലയ്ക്കു റഷ്യൻ ക്രൂഡ് വാങ്ങാം. ഒരു വീപ്പയ്ക്ക് വില 60 ഡോളറിൽ കൂടുതൽ നൽകരുതെന്നാണ് യൂറോപ്യൻ യൂണിയനും ജി- ഏഴും തീരുമാനിച്ചിട്ടുള്ളത്. റഷ്യയെ സാമ്പത്തിക ഞെരുക്കത്തിലാക്കുകയാണു ലക്ഷ്യം. ഇതിൻ്റെ വിപണിയിലെ പ്രത്യാഘാതവും ഈയാഴ്ച അറിയും. ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച രാവിലെ രണ്ടു ശതമാനത്തിലധികം കയറി.
ഇന്ത്യയിൽ സേവനമേഖലയിലെ പിഎംഐയും ഫാക്ടറി ഉൽപാദനം കൂടി ഉൾപ്പെട്ട സംയുക്ത പിഎംഐയും ഇന്ന് അറിവാകും. ഫാക്ടറി ഉൽപാദന പിഎംഐ നവംബറിൽ അൽപം ഉയർന്നതാണ്. മറ്റുള്ളവയും മെച്ചമായിരിക്കാനാണു സാധ്യത.
ലാഭമെടുക്കൽ മൂലം വിപണി വെള്ളിയാഴ്ച താഴ്ചയിലായിരുന്നെങ്കിലും ഉയരാനുള്ള കരുത്താേടെയാണു വിപണി നിൽക്കുന്നതെന്നു വിദഗ്ധർ വിലയിരുത്തുന്നു. 18,450-18,550 മേഖലയിൽ നിന്നു കുതിപ്പിനു നല്ല സാധ്യതയാണ് അവർ കാണുന്നത്.
വെള്ളിയാഴ്ച ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിൽ വിപണികൾ താഴ്ചയിലായിരുന്നു. യൂറോപ്പിലും അമേരിക്കയിലും വിപണികൾ സമ്മിശ്ര ഗതിയാണു കാണിച്ചത്. യുഎസിൽ ഡൗജോൺസ് നാമമാത്രമായി ഉയർന്നപ്പോൾ മറ്റു സൂചികകൾ നേരിയ തോതിൽ താഴ്ന്നു. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണ്.
ഓസ്ട്രേലിയയിൽ വിപണികൾ ഉണർവോടെയാണ് വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ സൂചിക തുടക്കത്തിൽ താഴ്ന്നിട്ട് ഉയർന്നു, പിന്നീടു താണു. കൊറിയൻ വിപണിയും ചാഞ്ചാടി.
ഷാങ്ഹായിയിലെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് പ്രഖ്യാപിച്ചത് ചൈനീസ് വിപണിയെ സഹായിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ്ങും ഷാങ്ഹായിയിലെ കോംപസിറ്റും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഹാങ് സെങ് തുടക്കത്തിലേ രണ്ടു ശതമാനം ഉയർന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 18,855-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 18,870-ൽ എത്തി. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങും എന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി വലിയ ഒരു തിരുത്തലിലായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വലിയ തോതിൽ ഓഹരികൾ വാങ്ങിയിട്ടും മുഖ്യസൂചികകൾ കുത്തനേ താണു. എന്നാൽ വിശാല വിപണിയിൽ അത്ര താഴ്ച ഉണ്ടായില്ല. സെൻസെക്സും നിഫ്റ്റിയും റിക്കാർഡ് ക്ലോസിംഗ് നിലകളിൽ നിന്ന് ഗണ്യമായി താഴ്ന്നാണു വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 62,979-ൽ ആരംഭിച്ചിട്ട് 62,679.63 വരെ താണു. തലേന്നത്തേക്കാൾ 605 പോയിൻ്റ് താഴ്ച. നിഫ്റ്റി 173.3 പോയിൻ്റ് താഴ്ന്നു. പിന്നീടു രണ്ടു സൂചികകളും നഷ്ടം കുറച്ചു.
സെൻസെക്സ് വെള്ളിയാഴ്ച 415.69 പോയിൻ്റ് (0.66%) നഷ്ടത്തിൽ 62,868.5 ലും. നിഫ്റ്റി 116.4 പോയിൻ്റ് (0.62%) താഴ്ചയിൽ 18,696.1 ലും ക്ലോസ് ചെയ്തു.അതേ സമയം മിഡ് ക്യാപ് സൂചിക 0.88 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.6 ശതമാനവും ഉയരുകയാണുണ്ടായത്.
റിയൽറ്റി, മെറ്റൽ, മീഡിയ, പിഎസ് യു ബാങ്ക് എന്നിവ ഒഴികെ എല്ലാ മേഖലകളും വെള്ളിയാഴ്ച താഴ്ചയിലായി. വാഹന കമ്പനികളാണു കുടുതൽ റഷ്ടത്തിലായത്. ബാങ്ക്, ധനകാര്യ, എഫ്എംസിജി മേഖലകൾക്കും വലിയ നഷ്ടമുണ്ടായി.
പ്രതിവാര കണക്കിൽ സെൻസെക്സ് 0.92 ശതമാനവും നിഫ്റ്റി 0.99 ശതമാനവും നേട്ടമുണ്ടാക്കി. റിയൽറ്റി, മെറ്റൽ, ഐടി, ഓയിൽ - ഗ്യാസ്, എഫ്എംസിജി മേഖലകളാണു വലിയ നേട്ടമുണ്ടാക്കിയത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വെള്ളിയാഴ്ച 5445.62 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 712.34 രൂപയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച താഴ്ചയിലായിരുന്നു. ബ്രെൻ്റ് ഇനം വീപ്പയക്ക് 85.57 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 87.5ലേക്ക് കയറി. ഇനിയും ഉയരുമെന്നാണു സൂചന.
വ്യാവസായിക ലോഹങ്ങൾ മികച്ച നേട്ടത്തിലാണു വാരാന്ത്യത്തിൽ. ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതാണു കാരണം. മുൻ ദിവസങ്ങളിൽ നേട്ടമുണ്ടാക്കിയ അലൂമിനിയം മാത്രം നേരിയ താഴ്ചയിലായി. ചെമ്പ് ടണ്ണിന് 8342 ഡോളറിലെത്തി. നിക്കൽ, സിങ്ക്, ടിൻ, ലെഡ് തുടങ്ങിയവയും നല്ല നേട്ടത്തിലാണ്. കഴിഞ്ഞയാഴ്ച അവസാന ദിനങ്ങളിൽ നല്ല കുതിപ്പ് കാഴ്ചവച്ച ഇരുമ്പയിര് 107 ഡോളറിനു മുകളിലായി.
സ്വർണം 1800 ഡോളറിനു മുകളിലായി. ഉയരാനുള്ള പ്രവണതയാണ് മഞ്ഞലോഹം കാണിക്കുന്നത്. ഡോളർ സൂചിക ഈയാഴ്ച താഴോട്ടു പോകുന്നതു സ്വർണത്തിനു സഹായമാകും. 1798 ഡോളറിൽ നിന്ന് ഇന്നു രാവിലെ 1804-1806 ഡോളറിലെത്തി സ്വർണം. വെള്ളി വില 23.35 ഡോളർ ആയി കയറി.
കേരളത്തിൽ വെള്ളിയാഴ്ച പവന് 160 രൂപ വർധിച്ച് 39,560 രൂപയായിരുന്നു.
ഡോളർ ക്രമമായി താഴാേട്ടു പോരുകയാണ്. യൂറോ 1.05 ഡോളറിലേക്കും ബ്രിട്ടീഷ് പൗണ്ട് 1.23 ഡോളറിലേക്കും ഉയർന്നു. ഡോളർ സൂചിക വാരാന്ത്യത്തിൽ 104.52ലായിരുന്നു. ഇന്നു രാവിലെ 104.29-ലേക്കു താണു.
രൂപ കഴിഞ്ഞയാഴ്ച നേട്ടമുണ്ടാക്കി. 81.32 രൂപയിലേക്കു ഡോളർ താണു. 80.99 രൂപ വരെ താഴ്ന്ന ശേഷമാണു ഡോളർ അൽപം നേട്ടത്തിൽ ക്ലോസ് ചെയ്തത്.ഈയാഴ്ച ഡോളർ 81 രൂപയുടെ താഴോട്ടു നീങ്ങും എന്നാണ് വിലയിരുത്തൽ.
റെയ്മണ്ടും ഭെലും പേയ്ടിഎമും
വെള്ളിയാഴ്ചത്തെ 17 ശതമാനമടക്കം കഴിഞ്ഞയാഴ്ച 20 ശതമാനത്തിലധികം നേട്ടം റെയ്മണ്ട് ലിമിറ്റഡ് ഓഹരിക്ക് ഉണ്ടായി. ഒരു വർഷം കൊണ്ടു 155 ശതമാനം കയറ്റമുണ്ടായ ഓഹരി ഇപ്പോൾ 1626.45 എന്ന സർവകാല റിക്കാർഡിലെത്തിയിട്ട് അൽപം താഴ്ന്നു ക്ലോസ് ചെയ്തു. ഓഹരിയുടെ വിൽപന വ്യാപ്തവും അസാധാരണമായി വർധിച്ചിട്ടുണ്ട്.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് (ഭെൽ) ഓഹരിയും വെള്ളിയാഴ്ച അസാധാരണ കയറ്റം കാണിച്ചു. ഓഹരി ഏഴു ശതമാനത്തോളം ഉയർന്ന് 90.55 രൂപയിലെത്തി. ആറു മാസം കൊണ്ട് ഇരട്ടിയിലേറെ വിലയായ ഓഹരിയാണു ഭെൽ.
പേയ്ടിഎം ഓഹരി വെള്ളിയാഴ്ച ഏഴു ശതമാനത്തിലധികം ഉയർന്നു. പേയ്ടിഎം അടക്കം കഴിഞ്ഞ വർഷം ലിസ്റ്റ് ചെയ്ത പുതുതലമുറ ഓഹരികളിൽ നിന്നു പ്രാരംഭ നിക്ഷേപകർ വിറ്റു മാറുന്ന സമയമാണിത്. അതിനിടെ ഈ ഓഹരികൾക്കു വലിയ വിലക്കയറ്റം പ്രഖ്യാപിച്ചു ചില ബ്രോക്കറേജുകളും മറ്റും രംഗത്തുവന്നിട്ടുണ്ട്. നിക്ഷേപകർ കരുതലോടെ മാത്രമേ ഇവയെ സമീപിക്കാവൂ.