മണ്‍സൂണ്‍ ആശങ്കയില്‍ ഓഹരി വിപണി
യൂറാേപ്പും ഏഷ്യൻ രാജ്യങ്ങളും താഴ്ന്നു നീങ്ങുന്നത് ഇന്ത്യൻ വിപണിക്കും ദുർബല തുടക്കത്തിനു വഴിതെളിക്കുന്നു. ചെെനയിൽ ഉത്തേജക പദ്ധതി പ്രഖ്യാപിക്കുന്നതിന്റെ സൂചന ഇല്ലാത്തതും വിപണിയിലെ ആവേശം കുറയ്ക്കുന്നു
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കൾ രാത്രി ഒന്നാം സെഷനിൽ 18,874.5 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,826 ലേക്കു താണു. ഇന്നു രാവിലെ 18,840 നടുത്താണ്. ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ വീണ്ടും താഴ്ചയിലായി. പലിശനിരക്കുകൾ ഉയരുന്നതിന്റെ പേരിലാണ് ഇടിവ്. പലിശ കൂടും എന്നതു പുതിയ അറിവല്ല. ഇനിയും നിരക്കു കൂട്ടുമെന്ന് കഴിഞ്ഞ ദിവസം നിരക്കു കൂട്ടിയപ്പാേൾ യൂറോപ്യൻ കേന്ദ്ര ബാങ്ക് പറഞ്ഞിരുന്നു. ഈ വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വിസ് നാഷണൽ ബാങ്കും നിരക്ക് കാൽ ശതമാനം വീതം കൂട്ടും എന്നതും നേരത്തെ അറിയാവുന്ന കാര്യങ്ങൾ തന്നെ. ഫ്രഞ്ച്, ജർമൻ വിപണികൾ ഇന്നലെ ഒരു ശതമാനം വീതം ഇടിഞ്ഞു. ബ്രിട്ടീഷ് സൂചികകൾ മുക്കാൽ ശതമാനം വരെ താണു.
ബ്രിട്ടനിൽ രണ്ടു വർഷ സർക്കാർ കടപ്പത്രം 4.98 ശതമാനം ആദായം കിട്ടുന്ന വിലയിലേക്കു താണു. 2008-നു ശേഷം കടപ്പത്ര നിരക്ക് ഇത്രയും താഴ്ന്നിട്ടില്ല. ഇതിനിടെ ബ്രിട്ടീഷ് പാർപ്പിട വിപണി വലിയ പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന വിലയിരുത്തലുകൾ വരുന്നുണ്ട്. പാർപ്പിട വിലകൾ കുത്തനെ ഇടിഞ്ഞു. അതേ സമയം പലിശ നിരക്ക് റിക്കാർഡ് നിലവാരത്തിലേക്കു കയറുകയും ചെയ്യുന്നു. പാർപ്പിടവിൽപന തീരെ കുറവായി. ബിൽഡർമാർ പാപ്പരാകുന്ന അവസ്ഥ.
ഇന്നലെ യു.എസ് വിപണി അവധിയിൽ
ഇന്നലെ യു.എസ് വിപണി അവധിയിലായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ 0.30 ശതമാനം താണു. നാസ്ഡാക് 0.11 ശതമാനവും എസ് ആൻഡ് പി 0.16 ശതമാനവും താഴ്ന്നു നിൽക്കുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ബെയ്ജിംഗിലെ ചർച്ചകൾ ബന്ധത്തിലെ മഞ്ഞുരുക്കാൻ സഹായിച്ചെന്നാണു സൂചന. അതു വിപണികൾക്ക് ആശ്വാസ വാർത്തയാണ്.
ഏഷ്യൻ സൂചികകൾ ഇന്നും താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ സൂചികയും കൊറിയയിലെ കാേസ്പിയും രാവിലെ താഴ്ന്നു. ജാപ്പനീസ് വിപണി പിന്നീടു കയറ്റത്തിലായി. ഓസ്ട്രേലിയൻ വിപണി നേട്ടത്തിലാണ് തുടങ്ങിയത്. ചെെനീസ് വിപണികൾ താഴ്ന്നു.
ചെെനീസ് കേന്ദ്ര ബാങ്കിന്റെ പലിശ തീരുമാനം വിപണി പ്രതീക്ഷിച്ചത്ര ആയില്ല. ഒരു വർഷ - അഞ്ചു വർഷ വായ്പകളുടെ പലിശ 0.10 ശതമാനമേ കുറച്ചുള്ളൂ. കഴിഞ്ഞയാഴ്ച ഹ്രസ്വ, മധ്യകാല പലിശനിരക്കുകൾ 0.1 ശതമാനം വീതം കുറച്ചിരുന്നു. ഇന്നു കുറേക്കൂടി വലിയ കുറയ്ക്കൽ പ്രതീക്ഷിച്ചതാണ്.
ഇന്ത്യൻ വിപണി
തിങ്കളാഴ്ച ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയാണ്. പക്ഷേ താമസിയാതെ ഗതിമാറി. നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 216.28 പോയിന്റ് (0.34%) താഴ്ന്ന് 63,168.30 ലും നിഫ്റ്റി 70.55 പോയിന്റ് (0.37%) ഇടിഞ്ഞ് 18,755.45 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.04 ശതമാനം ഉയർന്ന് 35,158.05 ലും സ്മോൾ ക്യാപ് സൂചിക 0.27 ശതമാനം കയറി 10,769.15 ലും ക്ലോസ് ചെയ്തു.
പിഎസ് യു ബാങ്ക്, ഐടി, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ മാത്രം ഇന്നലെ നേട്ടം ഉണ്ടാക്കി. സ്വകാര്യ ബാങ്ക്, വാഹന, എഫ്എംസിജി, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ - ഗ്യാസ് ഓഹരികൾ താഴ്ചയിലായി.
വിദേശനിക്ഷേപകരും സ്വദേശി ഫണ്ടുകളും തിങ്കളാഴ്ച വിൽപനക്കാരായി. വിദേശികൾ 1030.90 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 365.20 കോടിയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി 18,887 എന്ന സർവകാല ഉയരത്തിന് ആറു പോയിന്റ് വരെ അടുത്തു ചെന്നിട്ടാണ് ഇന്നലെ താഴ്ന്നത്. ഉയരങ്ങളിൽ വിറ്റു ലാഭമെടുക്കാൻ ഫണ്ടുകളും വ്യക്തികളും മത്സരിക്കുകയായിരുന്നു. ഇന്നും ഫണ്ടുകൾ വിൽപനക്കാരായാൽ വിപണി താഴാേട്ടു യാത്ര തുടരും. അതു 18,600 വരെ ആകാമെന്നു ചാർട്ടിസ്റ്റുകൾ പറയുന്നു. ഇന്നു നിഫ്റ്റിക്ക് 18,720 -ലും 18,625 ലും പിന്തുണ ഉണ്ട്. 18,845 ലും 18,945 ലും തടസം ഉണ്ടാകാം.
വ്യാവസായിക ലോഹങ്ങൾ താഴ്ചയോടെയാണു പുതിയ ആഴ്ച തുടങ്ങിയത്. ചൈന ഉത്തേജക പദ്ധതി സംബന്ധിച്ചു വ്യക്തമായ സൂചന നൽകാത്തതാണ് വിപണിയെ താഴ്ത്തുന്നത്. ചെെനീസ് പാർപ്പിട മേഖലയുടെ തളർച്ച മാറിയാലേ ലോഹങ്ങൾ കയറ്റത്തിലാകൂ എന്നാണു വിലയിരുത്തൽ. ബ്രിട്ടനിലും യുഎസിലും പലിശനിരക്കു കയറുന്നത് പാർപ്പിട മേഖലയിൽ പ്രതിസന്ധി ഉണ്ടാക്കും എന്ന ഭീതിയുണ്ട്.
അലൂമിനിയം ഇന്നലെ 1.22 ശതമാനം താണു ടണ്ണിന് 2241 ഡോളറിലും ചെമ്പ് 0.10 ശതമാനം കുറഞ്ഞു ടണ്ണിന് 8546 ഡോളറിലും എത്തി. നിക്കൽ 2.91 ശതമാനം, സിങ്ക് 2.54 ശതമാനം, ടിൻ 0.14 ശതമാനം തോതിൽ താഴ്ന്നു.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില കയറിയിറങ്ങി നീങ്ങുകയാണ്. ചെെനയുടെ ഉത്തേജക പദ്ധതിയാണു ക്രൂഡ് വിപണിയും കാത്തിരിക്കുന്നത്. അതില്ലെങ്കിൽ ഡിമാൻഡ് ഇടിയും. ചെെനീസ് പലിശ തീരുമാനവും നിർണായകമാണ്. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 76.12 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 71.29 ഡോളറിലേക്കു താണു.
സ്വർണം വീണ്ടും താഴ്ചയിലാണ്. ഔൺസിന് 1951.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 1948 -1950 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവൻവില മാറ്റമില്ലാതെ 44,080 രൂപയിൽ തുടർന്നു. ഇന്നു വില കുറഞ്ഞേക്കാം.
ഡോളർ തിങ്കളാഴ്ച കയറിയിറങ്ങി. 82 രൂപ കടന്ന ശേഷം തിരിച്ചു താണ് 81.94 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു. ലോക വിപണിയിൽ ഡോളർ സൂചിക അൽപം കയറി 102.52 ൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 102.58 ലേക്കുയർന്നു. ക്രിപ്റ്റോ കറൻസികൾ ഇന്നലെയയും കയറ്റം തുടർന്നു. ബിറ്റ് കോയിൻ 27,000 ഡോളർ കടന്നു.
മൺസൂൺ ആശങ്ക; ധാന്യങ്ങൾക്കു വിലക്കയറ്റം
എൽ നിനോ പ്രതിഭാസം ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ മഴ കുറയാൻ കാരണമാകും എന്നു കൂടുതൽ വ്യക്തമായി വരുകയാണ്. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ധാന്യക്ഷാമത്തിനു വഴിയൊരുക്കുന്ന വിധം മു കുറയുമെന്നാണു വിലയിരുത്തൽ. ഓസ്ട്രേലിയൻ ഗോതമ്പ് വിളവ് മോശമാക്കുന്ന വിധം മഴ കുറയുമെന്നാണ് ആശങ്ക.
ഇന്ത്യയിൽ 60 ശതമാനത്തിലധികം പ്രദേശത്തും ഇതുവരെ മഴ തീരെ കുറവാണ്. ബിപോർ ജോയ് ചുഴലിക്കാറ്റ് മൺസൂൺ ഗതി തിരിച്ചവിട്ടെന്നാണു സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റ് പറയുന്നത്. ജൂലൈയിൽ നല്ല മഴ ലഭിച്ചാൽ ഖാരിഫ് വിളയെപ്പറ്റി ആശങ്ക വേണ്ടിവരില്ല എന്ന നിലപാടിലാണു കേന്ദ്രസർക്കാർ.
എന്നാൽ വിപണി അങ്ങനെയല്ല ചിന്തിക്കുന്നത്. ധാന്യങ്ങൾ, പരിപ്പും ഉഴുന്നും അടക്കം പയറുവർഗങ്ങൾ തുടങ്ങിയവയുടെ ലഭ്യതയെപ്പറ്റി ആശങ്ക ശക്തമാണ്. പൊതു വിപണിയിൽ ഇവയുടെ വില അഞ്ചു മുതൽ 15 വരെ ശതമാനം കയറി. ഇനിയും കയറുമെന്നാണു സൂചന.
വിപണി സൂചനകൾ
(2023 ജൂൺ 19, തിങ്കൾ)
സെൻസെക്സ് 30 63,168.30 - 0.34%
നിഫ്റ്റി 50 18,755.45 -0.37%
ബാങ്ക് നിഫ്റ്റി 43,633.80 -0.69%
മിഡ് ക്യാപ് 100 35,158.05 +0.04%
സ്മോൾക്യാപ് 100 10,769.15 +0.27%
ഡൗ ജോൺസ് 30 34,299.10 0.00%
എസ് ആൻഡ് പി 500 4409.59 0.00%
നാസ്ഡാക് 13,689.60 0.00%
ഡോളർ ($) ₹81.94 - 03 പൈസ
ഡോളർ സൂചിക 102.52 +0.28
സ്വർണം(ഔൺസ്) $1951.80 -$07.40
സ്വർണം(പവൻ ) ₹44,080 +₹00.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $76.12 -$0.49