നഷ്ടഭീതിയിൽ ഇന്ത്യൻ വിപണി, ക്രൂഡ് ഓയിൽ വില ഇടിയുന്നതിൽ പ്രതീക്ഷ

അമേരിക്കയിൽ വീണ്ടും ബാങ്കിംഗ് ആശങ്ക പ്രബലമായി. ഇന്നലെ യൂറോപ്പിലും അമേരിക്കയിലും ഇന്നു രാവിലെ ഏഷ്യയിലും വിപണികൾ ചോരപ്പുഴയിൽ. ടെക് ഭീമന്മാരുടെ മികച്ച റിസൽട്ടിനെ തുടർന്നു നാസ്ഡാക് മാത്രം പച്ചയിലായി. ഇന്ത്യൻ വിപണിയും നഷ്ട ഭീതിയിലാണ്. എന്നാൽ ക്രൂഡ് ഓയിൽ വില തുടർച്ചയായി ഇടിയുന്നത് ഇന്ത്യക്ക് ആശ്വാസമാണ്. ഇന്നു രാത്രി യുഎസ് ജിഡിപി കണക്ക് പുറത്തു വരും. അടുത്തയാഴ്ച യുഎസ് ഫെഡ് നിരക്കു കൂട്ടുമോ എന്നതിനെപ്പറ്റി ഈ കണക്കിൽ നിന്നു സൂചന ലഭിക്കും.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ബുധനാഴ്ച രാത്രി ഒന്നാം സെഷനിൽ 17,829.5 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,795 ലേക്കു താണു. ഇന്നു രാവിലെ സൂചിക 17,775 വരെ താഴ്ന്നിട്ട് 17,792 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു സൂചന. യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്തു. യുഎസിലെ ബാങ്ക് ഓഹരികളെപ്പറ്റി ആശങ്ക വർധിച്ചതാണു കാരണം.

യുഎസ് വിപണി തുടക്കം മുതലേ താഴ്ചയിലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിലെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ബാങ്ക് മേഖല മൊത്തത്തിൽ പ്രശ്നത്തിലാകും എന്ന ബോധ്യം വളർന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക്കിലെ നിക്ഷേപങ്ങളിൽ 40 ശതമാനം ജനുവരി - മാർച്ച് പാദത്തിൽ പിൻവലിച്ചു എന്ന വിവരത്തെ തുടർന്നു ചൊവ്വാഴ്ച ഓഹരിവില 50 ശതമാനം ഇടിഞ്ഞു. ഇന്നലെ 30 ശതമാനം കൂടി താഴ്ന്നു. ബാങ്കിനെ ഏറ്റെടുക്കാൻ ആരും തയാറായില്ലെങ്കിൽ ആസ്തികളിൽ വലിയ ഭാഗം വിൽക്കേണ്ടി വരും എന്നതാണു നില. ഗവണ്മെന്റും യുഎസ് ഫെഡും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഫസ്റ്റ് റിപ്പബ്ലിക്കിന്റെ പ്രശ്നം ടെക് കമ്പനികളുടെ നല്ല പ്രകടനത്തെ നിഷ്പ്രഭമാക്കി. ഡൗ ജോൺസ് 229 പോയിന്റ് (0.68 ശതമാനം) ഇടിഞ്ഞു. എസ് ആൻഡ് പി 15.64 പോയിന്റ് (0.38%) താണു. മൈക്രോസോഫ്റ്റിന്റെയും ആൽഫബെറ്റിന്റെയും മികച്ച റിസൽട്ടിനെ തുടർന്നു നാസ്ഡാക് 55.19 പോയിന്റ് (0.47%) കയറിയാണു വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും കയറ്റത്തിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.19ഉം ശതമാനം ഉയർന്നപ്പോൾ നാസ്ഡാക് 0.47 ശതമാനം കയറി. മെറ്റായുടെ മികച്ച റിസൽട്ട് നാസ്‌ഡാകിനെ സഹായിച്ചു.

ജപ്പാനിലെ നിക്കെെ അടക്കം എല്ലാ ഏഷ്യൻ സൂചികകളും ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ഓസ്ട്രേലിയയിലും ഓഹരികൾ ഇടിവിലാണ്. ചെെനീസ് വിപണിയും നഷ്ടത്താേടെ വ്യാപാരം ആരംഭിച്ചു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച തുടക്കത്തിലെ ഇടിവിനു ശേഷം നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 169.87 പോയിന്റ് (0.28%) കയറി 60,300.58 ലും നിഫ്റ്റി 44.35 പോയിന്റ് (0.25%) ഉയർന്ന് 17,813. 60 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.15 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.46 ശതമാനവും ഉയർന്നാണു വ്യാപാരം അവസാനിപ്പിച്ചത്.

വിപണി ബുള്ളിഷ് പ്രവണത തുടരുന്നു. വിപരീത ചലനങ്ങൾ ഉണ്ടായില്ലെങ്കിൽ മുന്നേറ്റം തുടരുമെന്നാണ് ബ്രാേക്കറേജുകൾ കരുതുന്നത്. നിഫ്റ്റിക്കു 17,863 ലെ തടസം കടന്നാൽ നല്ല കുതിപ്പിനു സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്കു 17,740 ലും 17,670 ലും സപ്പോർട്ട് ഉണ്ട്. 17,830 ലും 17,900 ലും തടസങ്ങൾ നേരിടാം.

ഏഴു വ്യാപാര ദിനങ്ങൾക്കു ശേഷം വിദേശനിക്ഷേപകർ ബുധനാഴ്ച വാങ്ങലുകാരായി. അവർ 1257.48 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 227.88 കോടിയുടെ ഓഹരികൾ വിറ്റു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില കുത്തനേ ഇടിയുകയാണ്. ഉൽപാദനം കുറയ്ക്കാൻ ഒപെക് പ്ലസ് അപ്രതീക്ഷിതമായി തീരുമാനിച്ച ശേഷം ക്രൂഡ് വിലയിലുണ്ടായ കയറ്റം അപ്പാടേ ഇല്ലാതായി. ഡിമാൻഡ് പ്രതീക്ഷിച്ചതു പോലെ വർധിക്കാത്തതാണു കാരണം. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ മൂന്നു ഡോളർ താണ് 77.67 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.83 ലേക്കു കയറി.

സ്വർണവില വീണ്ടും ചാഞ്ചാട്ടത്തിലാണ്. 2000 ഡോളറിനു മുകളിൽ നിന്ന് 1990 ലേക്കു താണു. ഇന്നു രാവിലെ സ്വർണം 1990-1992 ഡോളറിലാണ്.

കേരളത്തിൽ പവൻവില 80 രൂപ കയറി 44,760 രൂപയിലെത്തി. ചെമ്പ് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഇടിഞ്ഞു. ചെമ്പ് 0.17 ശതമാനം ഉയർന്ന് ടണ്ണിന് 8535 ഡോളറിലായി. അലൂമിനിയം 0.32 ശതമാനം കുറഞ്ഞ് 2327 ഡോളറിൽ ക്ലാേസ് ചെയ്തു. നിക്കൽ, ടിൻ, സിങ്ക്, ലെഡ് തുടങ്ങിയവ രണ്ടര ശതമാനം വരെ താഴ്ന്നു. ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 30,000 ഡോളറിലേക്കു കയറിയിട്ടു താണു.

ഡോളർ വെള്ളിയാഴ്ച 15 പെെസ താഴ്ന്ന് 81.76 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക താഴ്ന്ന് 101.47ൽ അവസാനിച്ചു. ഇന്നു രാവിലെ 101.42 ലേക്കു താണു.

ഗുജറാത്ത് പൊതുമേഖലാ കമ്പനികൾ കൂടുതൽ ലാഭവീതം നൽകണം

ഗുജറാത്ത് സർക്കാർ തങ്ങളുടെ പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതൽ ലാഭവീതം നൽകുന്നതിനു വ്യവസ്ഥ ചെയ്തു. ഓഹരി ഉടമകൾക്കു കൂടുതൽ പണവും ബോണസ് ഓഹരികളും ലഭിക്കാൻ ഈ നയം സഹായിക്കും. കമ്പനിയുടെ അറ്റാദായത്തിന്റെ 30 ശതമാനമെങ്കിലും ലാഭവീതമായി നൽകണം എന്നാണു നിർദേശം. സർക്കാരിനും മറ്റ് ഓഹരി ഉടമകൾക്കും ഇതു കൂടുതൽ വരുമാനമുണ്ടാക്കും. എന്നാൽ കമ്പനികളുടെ വികസന പരിപാടികൾക്കു തടസമാകുമോ എന്ന സംശയം ചിലരുന്നയിക്കുന്നു.

ഇതേ തുടർന്ന് ഗുറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സിന്റെയും ഗുജറാത്ത് മിനറൽ ഡവലപ്മെന്റ് കോർപ്പറേഷന്റെയും ഓഹരികൾ 20 ശതമാനം ഉയർന്നു. ഗുറാത്ത് ആൽക്കലീസ് 17.2 ശതമാനം ഉയർന്നു. ജിഎൻഎഫ്സി 11 ശതമാനവും ഗുജറാത്ത് സ്റ്റേറ്റ് പെട്രാേനെറ്റ് 7.2 ശതമാനവും കയറി.

ജിഎസ്എഫ്സിയാണ് ഈ നിർദേശം കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കുക. ജിഎസ്എഫ്‌സി മറ്റു കമ്പനികളിൽ 4200 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ലാഭവീതമായി വലിയ തുക ജിഎസ്എഫ്സിയിൽ എത്തും.


അദാനിയുടെ സഹാേദരൻ പദവികൾ ഒഴിഞ്ഞു

ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയൻ കൽക്കരി ബിസിനസുമായി ബന്ധപ്പെട്ട മൂന്നു കമ്പനികളിലെ ഡയറക്ടർ സ്ഥാനം ഉപേക്ഷിച്ചു. മറ്റാെരു കമ്പനിയിൽ ഡയറക്ടറായി തുടരും.

അദാനി ഗ്രൂപ്പിൽ ഔപചാരികമായി പദവികൾ ഇല്ലാത്ത വിനോദിന്റെ നിരവധി കടലാസ് കമ്പനികൾ ഗ്രൂപ്പിന്റെ ഓഹരികളിൽ സംശയാസ്പദമായ വലിയ ഇടപാടുകൾ നടത്തുന്നതായി ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് വന്നതിനെ തുടർന്നുണ്ടായ കോലാഹലങ്ങൾക്കിടയിലാണ് സ്ഥാനചലനം.

അദാനി ഗ്രൂപ്പിന്റെ ഉത്പന്ന വ്യാപാരം നിയന്ത്രിക്കുന്ന അദാനി ഗ്ലോബലിന്റെ ദുബായ് ഓഫീസിൽ സ്വന്തം കാബിൻ ഉള്ളയാളാണ് വിനോദ്. ദിവസവും ഏതാനും മണിക്കൂർ അദ്ദേഹം ആ ഓഫീസിൽ ചെലവഴിക്കാറുണ്ട്. കുടുംബത്തിന്റെ നിക്ഷേപ ബിസിനസുകൾ നിയന്ത്രിക്കുന്നത് ഈ 74കാരനാണെന്നു കരുതപ്പെടുന്നു.

വിപണി സൂചനകൾ

(2023 ഏപ്രിൽ 25, ചൊവ്വ)

സെൻസെക്സ് 30 60,300.58 +0.28%

നിഫ്റ്റി 50 17,813.60 +0.25%

ബാങ്ക് നിഫ്റ്റി 42,829.90 +0.35%

മിഡ് ക്യാപ് 100 31,228.85 +0.15%

സ്മോൾക്യാപ് 100 9516.8 30 +0.46%

ഡൗ ജോൺസ്30 33,301.87 - 0.68%

എസ് ആൻഡ് പി500 4055.99 - 0.38%

നാസ്ഡാക് 11,854.35 +0.47%

ഡോളർ ($) ₹81.76 -15 പൈസ

ഡോളർ സൂചിക 101.47 -0.37

സ്വർണം(ഔൺസ്) $ 1991.40 -$09.20

സ്വർണം(പവൻ ) ₹44,760 +₹80.00

ക്രൂഡ്(ബ്രെന്റ്)ഓയിൽ $77.69 -$03.08

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it