ആവേശം കൈവിടാതെ വിപണികൾ; ഡോളറും ക്രൂഡ് ഓയിലും താഴ്ന്നു; ക്രിപ്റ്റോ വിപണിയിൽ കോളിളക്കം; സ്വർണത്തിനു കയറ്റം

ഇന്ത്യൻ വിപണി അവധിയിലായിരുന്ന ഇന്നലെ ലോക വിപണികൾ പൊതുവേ ശാന്തമായിരുന്നു. ഡോളർ സൂചിക 110- നു താഴോട്ടു വീണതും സ്വർണ വിലക്കയറ്റവും ക്രൂഡ് ഓയിൽ വിലയിടിവും ഒക്കെയായി മറ്റു വിപണികൾ സജീവമായിരുന്നു. യുഎസ് ഇടക്കാല തെരഞ്ഞെടുപ്പു ഫലങ്ങളിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. പ്രസിഡൻ്റ് ജാേ ബൈഡൻ്റെ ഡെമോക്രാറ്റിക് പാർട്ടിക്കു വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ എന്നാണ് പ്രാരംഭ സൂചന. പ്രസിഡൻ്റ് ദുർബലനാകാൻ ഇതു വഴി തെളിക്കും.

ചൊവ്വാഴ്ച ജപ്പാനിലെ നിക്കൈ സൂചിക 1.25 ശതമാനം ഉയർന്നു. ചൈനീസ്, ഹോങ് കോങ് സൂചികകൾ ചെറിയ നഷ്ടം കാണിച്ചു. യൂറോപ്യൻ ഓഹരികൾ ഒരു ശതമാനത്തോളം ഉയർന്നപ്പോൾ ലണ്ടനിലെ എഫ്ടിഎസ്ഇ നാമമാത്ര നേട്ടമേ കാണിച്ചുള്ളു. വിവാദങ്ങളിൽ പെട്ട് ഒരു മന്ത്രി രാജിവയ്ക്കേണ്ടി വന്നതും കാരണമാണ്.

ഇന്നു രാവിലെ ഓസ്ട്രേലിയയിലെ എഎസ് എക്സ് 200 സൂചിക നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ജപ്പാനിൽ വിപണി നേരിയ ഉയർച്ചയിൽ തുടങ്ങിയിട്ട് താഴ്ചയിലേക്കു മാറി. മറ്റ് ഏഷ്യൻ വിപണികൾ നല്ല നേട്ടം കാണിക്കുന്നു. ഹോങ് കോങ്ങിലെ ഹാങ്സെങ് സൂചിക നേരിയ നേട്ടത്തിലും ഷാങ്ഹായിയിലെ കോംപസിറ്റ് സൂചിക ചെറിയ ഇടിവിലുമാണ്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 18,285-18,435 മേഖലയിൽ കയറിയിറങ്ങിയ ശേഷം 18,392-ൽ ചൊവ്വാഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,426 ൽ വ്യാപാരം തുടങ്ങിയിട്ടു 18,400 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
തിങ്കളാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്ത ഇന്ത്യൻ വിപണി ഇന്നും കയറ്റം തുടരുമെന്നാണു നിക്ഷേപകരുടെ പ്രതീക്ഷ. വിപരീത സൂചനകളൊന്നും ഇല്ല. ഡോളർ സൂചിക താഴ്ന്നതു രൂപയെ സഹായിക്കും. ക്രൂഡ് ഓയിൽ വില താഴുന്നതും ഇന്ത്യക്കു നല്ലതാണ്. വിദേശ നിക്ഷേപകർ തിങ്കളാഴ്ചയും നല്ല തോതിൽ നിക്ഷേപം നടത്തി.
സൂചികകൾ ചെറിയ അനിശ്ചിതത്വം കാണിച്ചാണു തിങ്കളാഴ്ച ക്ലോസ് ചെയ്തതെന്ന് നിക്ഷേപ വിദഗ്ധർ പറയുന്നു. 18, 250-നു മുകളിൽ നല്ല കരുത്തോടെ വ്യാപാരം നടന്നാൽ 18,600 വരെ ഹ്രസ്വകാല മുന്നേറ്റം പ്രതീക്ഷിക്കാം എന്ന് അവർ കണക്കാക്കുന്നു. നിഫ്റ്റിക്ക് 18,100-ലും 17,985-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18, 250-ഉം 18,365-ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിൽ വില ചൊവ്വാഴ്ച താഴാേട്ടു പോന്നു. ചൈനയിൽ കൂടുതൽ സ്ഥലങ്ങളിൽ കോവിഡ് പടർന്നതിനെ തുടർന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതും പാശ്ചാത്യ മാന്ദ്യഭീതിയുമാണു വിലയിടിച്ചത്. ബ്രെൻ്റ് ഇനം ക്രൂഡ് 99 ഡോളറിൽ നിന്നു 95.25 ലേക്കു താഴ്ന്നു. ഉയർന്ന ക്രൂഡ് വില യുഎസ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റുകളുടെ തോൽവിയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും കയറ്റം തുടർന്നു. ചെമ്പ്, അലൂമിനിയം, ടിൻ, സിങ്ക് തുടങ്ങിയവയെല്ലാം ഒന്നു മുതൽ നാലുവരെ ശതമാനം ഉയർന്നു. നിക്കൽ താഴ്ചയിലായി. ഇരുമ്പയിരു വില ടണ്ണിന് 97 ഡോളറിലേക്കു കയറിയിട്ട് അൽപം താണു.
സ്വർണം ഇന്നലെ അപ്രതീക്ഷിതമായി കുതിച്ചു. ഔൺസിന് 50 ഡോളറിലധികം ഉയർന്നു. 1663-ൽ നിന്ന് 1719 ഡോളർ വരെ കയറിയ സ്വർണം ഇന്നലെ 1712-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1708-1710 ഡോളറിലാണു വ്യാപാരം. ഡോളർ സൂചികയിലെ ഇടിവാണു സ്വർണത്തിൻ്റെ കയറ്റത്തെ സഹായിച്ചത്.
കേരളത്തിൽ ഇന്നലെ സ്വർണം പവന് 80 രൂപ കുറഞ്ഞ് 37,440 രൂപയായി. ഡോളർ നിരക്കിൽ വലിയ ഇടിവു വരുന്നില്ലെങ്കിൽ ഇന്നു കേരളത്തിൽ സ്വർണവില ഗണ്യമായി കൂടാം.
രൂപ ഇന്നു നേട്ടമുണ്ടാക്കുമെന്നാണു പ്രതീക്ഷ. ഇന്നലെ ഡോളർ സൂചിക 109.64 ലേക്കു താണു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 109.78 ലാണു സൂചിക. ഡോളർ 81.92 രൂപയിൽ നിന്ന് 81.5 രൂപയുടെ താഴേക്കു നീങ്ങുമെന്നു നിരീക്ഷകർ കരുതുന്നു.

എക്സ്ചേഞ്ച് പാപ്പരായേക്കും, ക്രിപ്റ്റോകൾ തകർച്ചയിൽ
ആഗോള ഗൂഢ (ക്രിപ്റ്റോ) കറൻസി വിപണി ആടിയുലയുകയാണ്. എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് പാപ്പരാകുന്നു എന്ന റിപ്പാേർട്ടുകളെ തുടർന്നാണിത്. ബിറ്റ്കോയിൻ വില 24 മണിക്കൂറിനുള്ളിൽ 13 ശതമാനം ഇടിഞ്ഞു 18,500 ഡോളറിനു താഴെയായി. എഥേറിയം 18 ശതമാനം ഇടിഞ്ഞ് 1300 ഡോളറിനു താഴെ വന്നു. മറ്റു ഗൂഢ കറൻസികളും 12 മുതൽ 20 വരെ ശതമാനം തകർച്ചയിലാണ്.
എഫ്ടിഎക്സ് രണ്ടാമത്തെ വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് ആണ്. ബിനാൻസ് ആണ് ഏറ്റവും വലുത്. എഫ്ടിഎക്സിൻ്റെ ടോക്കൺ (എഫ്ടിടി) തങ്ങൾ ഒഴിവാക്കുമെന്നു ബിനാൻസ് സിഇഒ ചാങ്പെങ് ചാവാേ പറഞ്ഞതു തകർച്ചയുടെ ആക്കം കൂട്ടി. എഫ്ടിടിയുടെ നിരക്ക് ഇന്നലെ 74 ശതമാനം ഇടിഞ്ഞു.

Related Articles
Next Story
Videos
Share it