Begin typing your search above and press return to search.
നല്ല തുടക്കം കാത്തു പുതിയ വാരം; അനിശ്ചിതത്വം മുന്നില്‍; കമ്മി കൂടുന്നതില്‍ ആശങ്ക; ഓസ്‌ട്രേലിയന്‍ മാറ്റം അദാനിക്കു തടസമാകുമോ?
അനിശ്ചിതത്വത്തിന്റെ മറ്റൊരാഴ്ചയിലേക്കാണു വിപണികള്‍ നീങ്ങുന്നത്. പലിശ, വളര്‍ച്ച, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലെ അനിശ്ചിതത്വത്തിന് ഉടനെ ഉത്തരം ലഭിക്കാനുമിടയില്ല. അനിശ്ചിതത്വം എപ്പോഴും ഉയര്‍ച്ചയ്ക്കു തടസമാണ്. വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി നടത്തിയ കുതിപ്പിന്റെ തുടര്‍ച്ച സുഗമമാകണമെന്നില്ല. എങ്കിലും ഇന്നു നല്ല തുടക്കമാകും വിപണിക്ക് കിട്ടുക. വിദേശികള്‍ വില്‍പന തുടരുന്നതും വിപണിയിലേക്കു പണവരവ് കുറയുന്നതും വിപണിക്കു ഭീഷണിയായി നിലകൊള്ളുന്നുണ്ട്.
വിലക്കയറ്റം കുറയ്ക്കാന്‍ ഇന്ധനനികുതി കുറച്ച നടപടിയെ പൊതുജനങ്ങള്‍ സ്വാഗതം ചെയ്യുമെങ്കിലും വിപണി അത്രയും ആവേശം കാണിക്കണമെന്നില്ല. ഇന്ധന നികുതിയിലെ ഒരു ലക്ഷം കോടിയുടെ വരുമാന നഷ്ടവും മറ്റിനങ്ങളില്‍ പ്രഖ്യാപിച്ച 1.25 ക്ഷേം കോടിയുടെ അധികച്ചെലവുമടക്കം 2.25 ലക്ഷം കോടിയുടെ ബാധ്യതയാണു കേന്ദ്രം ഏറ്റെടുക്കുന്നത്. അത്ര കണ്ടു വര്‍ധന ധനകമ്മിയില്‍ ഉണ്ടാകും.
ബജറ്റിലെ പ്രതീക്ഷയേക്കാള്‍ ഗണ്യമായി കൂടുതലാകും കമ്മി. അതു രാജ്യാന്തര റേറ്റിംഗ് ഏജന്‍സികളെയും വിശകലനക്കാരെയും അസ്വസ്ഥരാക്കും. അതു വിപണിയെ ബാധിക്കാം.
ഇന്ത്യയടക്കം ഏഷ്യയും യൂറോപ്പും നേട്ടം കൈവരിച്ച വെള്ളിയാഴ്ച യുഎസ് വിപണി വലിയ തകര്‍ച്ചയിലേക്കു വീണിട്ടു തിരിച്ചു കയറി നേരിയ ഉയര്‍ച്ചയിലും താഴ്ചയിലും ക്ലോസ് ചെയ്തു. അനിശ്ചിതത്വമാണു വിപണി കാണിക്കുന്നത്. മുന്നില്‍ മാന്ദ്യം കണ്ടു കൊണ്ടാണു യുഎസ് നിക്ഷേപകര്‍ നീങ്ങുന്നത്. അവരുടെ കാഴ്ചപ്പാട് മറ്റു വിപണികളിലും അസാധാരണ സ്വാധീനം ചെലുത്തും. കാരണം മറ്റു വിപണികളിലെ പണലഭ്യത നിയന്ത്രിക്കുന്നതില്‍ അമേരിക്കന്‍ വിപണിക്കു വലിയ പങ്കുണ്ട്.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നല്ല നേട്ടത്തിലാണ്. ഏഷ്യന്‍ വിപണികളാകട്ടെ കരുതലോടെയാണു വ്യാപാരം തുടങ്ങിയത്. ജാപ്പനീസ് സൂചികകള്‍ ഒരു ശതമാനം കയറിയിട്ട് അല്‍പം താഴ്ന്നു. കൊറിയയില്‍ ചെറിയ ഉയര്‍ച്ചയേ ഉള്ളു. ഹാങ്‌സെങ് നഷ്ടത്തിലാണു തുടങ്ങിയത്. ചൈനയിലെ അടക്കം വളര്‍ച്ച കുറവായിരിക്കും എന്ന ആശങ്ക പ്രബലമാണ്.
സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി വാരാന്ത്യത്തില്‍ 16,171 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 15,800-ലേക്ക് ഇടിഞ്ഞിട്ട് 16,370 ലേക്കു കുതിച്ചു കയറി. പിന്നീട് 16,290 നടുത്തായി. ഇന്ത്യന്‍ വിപണി ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച സെന്‍സെക്‌സ് 1534.16 പോയിന്റ് (2.91%) കുതിച്ച് 54,326.39 ലും നിഫ്റ്റി 456.74 പോയിന്റ് (2.89%) ഉയര്‍ന്ന് 16,266.15 ലും ക്ലോസ് ചെയ്തു. വലിയ ചാഞ്ചാട്ടം കണ്ട കഴിഞ്ഞ ആഴ്ച സെന്‍സെക്‌സിന് 2.9 ശതമാനവും നിഫ്റ്റിക് 3.07 ശതമാനവും നേട്ടമുണ്ടായി. വെള്ളിയാഴ്ച എല്ലാ വ്യവസായ മേഖലകളും നല്ല നേട്ടം കാണിച്ചു. ആഴ്ചക്കണക്കില്‍ 7.3 ശതമാനം ഉയര്‍ന്ന മെറ്റല്‍ സൂചികയുടേതാണു മികച്ച പ്രകടനം. കാപ്പിറ്റല്‍ ഗുഡ്‌സ് സൂചിക 5.34 ശതമാനം കയറി. അതേ സമയം ഐടി സൂചിക ആഴ്ചയില്‍ 2.2 ശതമാനം താഴോട്ടു പോയി.
വിദേശനിക്ഷേപകര്‍ കഴിഞ്ഞയാഴ്ച 127.9 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റു. മേയില്‍ ഇതുവരെ 455 കോടി ഡോളര്‍ (35,035 കോടി രൂപ) അവര്‍ പിന്‍വലിച്ചിട്ടുണ്ട്.
നിഫ്റ്റി കഴിഞ്ഞ രണ്ടാഴ്ച 15,730-നും 16,400- നുമിടയില്‍ ചാഞ്ചാടുകയായിരുന്നു. ആ മേഖലയില്‍ തുടരും എന്നാണു സാങ്കേതിക വിശകലന വിദഗ്ധര്‍ പറയുന്നത്.
നിര്‍ണായക ഉയര്‍ച്ച ലഭിക്കണമെങ്കില്‍ 16,400 - നെ മറികടക്കണം. മറിച്ച് 15,700 ന്റെ താഴ്ന്ന പരിധി തകര്‍ന്നാല്‍ വീഴ്ച 15,000-നു താഴാേട്ടുമാകാം. ഇന്നു നിഫ്റ്റിക്ക് 16,085ലും 15,905ലും ആണു സപ്പോര്‍ട്ട് കാണുന്നത്. 16,365-ലും 16,465ലും തടസങ്ങള്‍ പ്രതീക്ഷിക്കാം.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു. ഡോളര്‍ ദുര്‍ബലമായതും ലഭ്യത കുറഞ്ഞതും കാരണമാണ്. ബ്രെന്റ് ഇനം വെള്ളിയാഴ്ച 112.2 ഡോളറില്‍ ക്ലാേസ് ചെയ്തത് ഇന്നു രാവിലെ 112.8 ഡോളറിലേക്ക് ഉയര്‍ന്നു.
വ്യാവസായിക ലോഹങ്ങള്‍ വലിയ കുതിപ്പോടെയാണു വെള്ളിയാഴ്ച ക്ലാേസ് ചെയ്തത്. അലൂമിനിയം 4.05 ശതമാനവും ലെഡ് 7.57 ശതമാനവും നിക്കല്‍ 6.89 ശതമാനവും കുതിച്ചു. ഇരുമ്പയിര് ഒന്നര ശതമാനം കയറി. തലേന്നു വലിയ കുതിപ്പു നടത്തിയ ചെമ്പ് നാമമാത്രമായി താഴ്ന്നു. അലൂമിനിയം ടണ്ണിന് 3000 ഡോളറിനു തൊട്ടടുത്തായി.
സ്വര്‍ണവും രൂപയും
സ്വര്‍ണം കുതിപ്പിലാണ്. വാരാന്ത്യത്തില്‍ 1846 ഡോളറില്‍ ക്ലാേസ് ചെയ്ത സ്വര്‍ണം ഇന്നു രാവിലെ 1852-1853 ഡോളറിലാണു വ്യാപാരം. ഡോളര്‍ സൂചിക അല്‍പം താഴ്ന്ന് 102.8 ആയതാണു സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. ശനിയാഴ്ച കേരളത്തില്‍ പവനു 37,640 രൂപയായി വില. ഇന്നു വീണ്ടും കൂടിയേക്കും.
ഡോളര്‍ വെള്ളിയാഴ്ച 77.55 രൂപയില്‍ ക്ലോസ് ചെയ്‌തെങ്കിലും ഓഫ്‌ഷോര്‍ വ്യാപാരത്തില്‍ 77.80 ലായിരുന്നു ക്ലോസിംഗ്. ഇന്നു രാവിലെ ഓഫ്‌ഷോര്‍ വ്യാപാരത്തില്‍ ഡോളര്‍ 77.93 ലേക്കു കയറി. ഈയാഴ്ച 78 രൂപയ്ക്കു മുകളിലേക്കു ഡോളര്‍ കയറുന്നതിനെപ്പറ്റി സംസാരമുണ്ട്. വര്‍ധിക്കുന്ന കമ്മിയുടെ പേരില്‍ റേറ്റിംഗ് ഏജന്‍സികളും വിദേശ നിക്ഷേപകരും പ്രശ്‌നമുണ്ടാക്കിയാല്‍ രൂപ വീണ്ടും താഴാം.
നിഗമനങ്ങളുടെ പിടിയില്‍ വിപണി
യുഎസ് ഫെഡിന്റെ നിര്‍ണായക യോഗം ജൂണ്‍ 14,15 തീയതികളിലാണ്. ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) ജൂണ്‍ 6-8 തീയതികളിലാണു ചേരുക. അതു വരെ നിക്ഷേപ മാനേജര്‍മാരുടെയും ധനശാസ്ത്ര വിശകലനക്കാരുടെയും നിഗമനങ്ങളാകും വിപണിയെ നിയന്ത്രിക്കുക.
ആ നിഗമനങ്ങളും വ്യാഖ്യാനങ്ങളും ക്രമേണ ഫെഡിലെയും റിസര്‍വ് ബാങ്കിലെയും വിദഗ്ധരെ സമ്മര്‍ദത്തിലാക്കുകയും ചെയ്യും. പലപ്പോഴും അനിശ്ചിതത്വം നിക്ഷേപകര്‍ക്കു നഷ്ടമേ വരുത്തൂ.
കഴിഞ്ഞ രണ്ടു മാസമായി വിപണികള്‍ അതു തെളിയിക്കുന്നു. മാര്‍ച്ചിലെ ഉയര്‍ച്ചയ്ക്കു ശേഷം ലോക ഓഹരിവിപണികളില്‍ വന്ന 12 ലക്ഷം കോടി ഡോളറിന്റെ (974 ലക്ഷം കോടി രൂപ - ഇന്ത്യയുടെ ഇക്കൊല്ലത്തെ ജിഡിപിയുടെ മൂന്നിരട്ടിയിലധികം) നഷ്ടം ഈ വിശകലനങ്ങളും നിൗമനങ്ങളും കണക്കിലെടുത്തുള്ളതാണ്.
വിലക്കയറ്റവിരുദ്ധ നടപടികളുടെ വില ചെറുതല്ല
വിലക്കയറ്റം സംബന്ധിച്ച പഴയ പ്രസ്താവനകള്‍ വിഴുങ്ങി കേന്ദ്ര സര്‍ക്കാരും നടപടികള്‍ തുടങ്ങി. പെട്രോളിനും ഡീസലിനും നികുതി ഗണ്യമായി കുറച്ചു. പ്രധാനമന്ത്രി ഉജ്വല്‍ യോജനയില്‍ പാചകവാതകം കിട്ടിയവര്‍ക്കുന്ന സിലിണ്ടറിന് 200 രൂപ കുറച്ചു. രാസവള സബ്‌സിഡിക്കു കൂടുതല്‍ തുക വകയിരുത്തി. ഇരുമ്പയിര് കയറ്റുമതി നിയന്ത്രിക്കാന്‍ ചുങ്കം കൂട്ടി.
സ്റ്റീല്‍, സിമന്റ് വിലകള്‍ താഴ്ത്താന്‍ കല്‍ക്കരിക്ക് ഇറക്കുമതിച്ചുങ്കം കുറച്ചു. ചിലയിനം സ്റ്റീലിന്റെ ചുങ്കം ക്രമീകരിച്ചു. പ്ലാസ്റ്റിക് നിര്‍മാണത്തിനു വേണ്ട ഘടകപദാര്‍ഥങ്ങളുടെയും അര്‍ധ സംസ്‌കൃത ഉല്‍പന്നങ്ങളുടെയും ഇറക്കുമതിച്ചുങ്കവും കുറച്ചു.
ചില്ലറ വിലക്കയറ്റം 7.79 ശതമാനവും മൊത്ത വിലക്കയറ്റം 15.02 ശതമാനവും ആയ പശ്ചാത്തലത്തിലാണ് ഈ നടപടികള്‍. ഇന്ധനനികുതി കുറച്ചത് കേന്ദ്രത്തിനു വര്‍ഷം ഒരു ലക്ഷം കോടിയുടെ വരുമാന നഷ്ടം ഉണ്ടാക്കും.
രാസവള സബ്‌സിഡി വര്‍ധിപ്പിച്ചതു വഴി അധികച്ചെലവ് 1.15 ലക്ഷം കോടി രൂപ. മൊത്തം ഏകദേശം 2.25 ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയാണു ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച പ്രഖ്യാപിച്ചവയിലുള്ളത്.
ചിലയിനം സ്റ്റീലിന്റെ ആഭ്യന്തര വില കുറയ്ക്കാനായി കയറ്റുമതിച്ചുങ്കം വര്‍ധിപ്പിച്ചത് സ്റ്റീല്‍ കമ്പനികള്‍ക്കു തിരിച്ചടിയാകും. ടാറ്റാ സ്റ്റീല്‍ മുതല്‍ സെയില്‍ വരെയുള്ള കമ്പനികളുടെ ഓഹരിവില താഴോട്ടു പോകാം.
ഈ നടപടികള്‍ വിലക്കയറ്റത്തില്‍ എന്തു മാറ്റം വരുത്തും എന്നതു കണ്ടറിയണം. കാരണം യുക്രെയ്ന്‍ യുദ്ധമോ ചൈനീസ് ലോക്ക് ഡൗണോ മാത്രമല്ല ഉല്‍പന്ന വിലകള്‍ വര്‍ധിക്കാന്‍ കാരണം. ചില്ലറ വിലക്കയറ്റത്തില്‍ 0.2 മുതല്‍ 0.4 വരെ ശതമാനം കുറവാണ് ഈ നടപടികള്‍ വഴി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. വിലകള്‍ കുറഞ്ഞാലും ഇല്ലെങ്കിലും ഗവണ്മെന്റിന്റെ ബജറ്റ് കണക്കു കൂട്ടല്‍ മുഴുവന്‍ തിരുത്താന്‍ ഈ നടപടികള്‍ വഴി തെളിക്കും.
കടമെടുപ്പ് കുതിക്കും
ശനിയാഴ്ച പ്രഖ്യാപിച്ച നടപടികള്‍ 2.25 ലക്ഷം കോടി രൂപയുടെ അധികബാധ്യത വരുത്തുന്നു. ബജറ്റില്‍ പ്രതീക്ഷിച്ച ധനകമ്മി 16.61 ലക്ഷം കോടി രൂപ. (ജിഡിപിയുടെ 6.4 ശതമാനം).
പിന്നീട് ഭക്ഷ്യധാന്യ വിതരണ പദ്ധതി നീട്ടിയതു വഴി അധികച്ചെലവ് 80,000 കോടി രൂപ. കമ്മി 17.41 ലക്ഷം കോടി അഥവാ ജി ഡി പി യുടെ 6.7 ശതമാനം. ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ ചേരുമ്പോള്‍ കമ്മി 19.66 ലക്ഷം കോടി രൂപ എന്ന റിക്കാര്‍ഡ് തുകയിലേക്ക് ഉയരും. അതു ജിഡിപിയുടെ 7.2 ശതമാനമാകും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ബജറ്റ് കണക്കുകള്‍ പാളും.
6.4 ശതമാനം കമ്മി കണക്കാക്കിയപ്പാേള്‍ പുതിയ കടപ്പത്രമിറക്കല്‍ കണക്കാക്കിയത് 14.3 ലക്ഷം കോടി രൂപയാണ്. ഇനി 3.05 ലക്ഷം കോടി രൂപ കൂടി അധികമായി കണ്ടെത്തണം. അതില്‍ രണ്ടു ലക്ഷം കോടി കടപ്പത്രങ്ങള്‍ വഴിയാകും. വിപണിയില്‍ നിന്നുള്ള ഈ ഭീമമായ കടമെടുപ്പ് കടപ്പത്രങ്ങളുടെ വില താഴ്ത്തുകയും നിക്ഷേപനേട്ടം അഥവാ പലിശപ്രതീക്ഷ കുത്തനേ ഉയര്‍ത്തുകയും ചെയ്യും. വിപണിയില്‍ സംരംഭകര്‍ക്കു കിട്ടാനുള്ള തുക കുറയുന്നതിന്റെ പ്രത്യാഘാതം ചെറുതായിരിക്കില്ല.
ഓസ്‌ട്രേലിയന്‍ ഭരണമാറ്റം ചെറിയ കാര്യമല്ല
ഓസ്ട്രേലിയയിലെ പൊതു തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമായിരുന്നില്ല. ഒന്‍പതു വര്‍ഷത്തിനു ശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി. കാലാവസ്ഥാമാറ്റം, ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളില്‍ ലേബര്‍ നിലപാട് കര്‍ക്കശമാണ്. കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയവയുടെ ഖനന കാര്യത്തില്‍ നയംമാറ്റം പ്രതീക്ഷിക്കാം.
അത് ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രശ്‌നമാകാം. ഓസ്‌ട്രേലിയന്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നവരില്‍ ടാറ്റാ പവര്‍ ഉണ്ട്. അദാനി ഗ്രൂപ്പിന് ഓസ്‌ട്രേലിയയില്‍ വലിയ ഖനനപദ്ധതി ഉണ്ട്.
കാര്‍മിക്കേലിലെ ഈ ഖനനം പഴയ ലേബര്‍ ഭരണകാലത്തു വിലക്കപ്പെട്ടതാണ്. പുതിയ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പദ്ധതിയെ എതിര്‍ത്താല്‍ അഡാനിക്കും പദ്ധതിക്കു വായ്പ നല്‍കിയ എസ്ബിഐക്കും പ്രശ്‌നമാകും. കല്‍ക്കരി, ഇരുമ്പയിര് വിലകള്‍ ഗണ്യമായി ഉയരാന്‍ ഓസ്‌ട്രേലിയന്‍ മാറ്റം കാരണമാകും.
വിദേശനാണ്യശേഖരം കുറയുമ്പോള്‍ ...
മേയ് 13-ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യശേഖരം 267.6 കോടി ഡോളര്‍ കുറഞ്ഞു. ശേഖരം 59,328 കോടി ഡോളറായി. ഇതു നാടകീയമായ ഒരു വാര്‍ത്തയല്ല. പക്ഷേ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും അതിലുണ്ട്.
അമേരിക്ക പലിശ കൂട്ടുന്നതും പണലഭ്യത കുറയ്ക്കുന്നതും നമ്മുടെ രൂപയെ ബാധിക്കില്ലെന്നും ബൃഹത്തായ വിദേശനാണ്യശേഖരം നമ്മേ തുണയ്ക്കുമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ലോകത്തില്‍ ആറാമത്തെ വലിയ വിദേശനാണ്യശേഖരമാണ് ഇന്ത്യയുടേത്. കഴിഞ്ഞ സെപ്റ്റംബറില്‍ 64,245 കോടി ഡോളര്‍ എന്ന റിക്കാര്‍ഡില്‍ എത്തിയതാണ് ശേഖരം. അത് ഇപ്പോള്‍ 7.3 ശതമാനം കുറഞ്ഞ് 59,328 കോടി ഡോളറായി.
ഇതേ സമയം ഡോളര്‍ നിരക്ക് സെപ്റ്റംബര്‍ 24-ലെ 74.05 രൂപയില്‍ നിന്ന് മേയ് 20നു 77.55 രൂപയായി. രൂപയ്ക്കുണ്ടായ ഇടിവ് 4.73 ശതമാനം. രണ്ടു തകര്‍ച്ചകളും സമാന്തരമായി നടക്കുന്നു. രൂപയുടെ വിനിമയ നിരക്കുപിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണു വിദേശനാണ്യശേഖരം ഇത്രയും കുറഞ്ഞത്.
ഈ ജനുവരി ആദ്യം വിദേശനാണ്യശേഖരം 63,361 കോടി ഡോളര്‍ ഉണ്ടായിരുന്നു. അന്നു ഡോളര്‍ നിരക്ക് 74.51 രൂപ. പിന്നീടാണു രൂപ കൂടുതല്‍ താഴ്ന്നത്. ജനുവരി ഒന്നിനും മേയ് 20നുമിടയില്‍ രൂപ 4.08 ശതമാനം താണപ്പോള്‍ വിദേശനാണ്യശേഖരം 6.37 ശതമാനം താണു.
ചുരുക്കം ഇത്രമാത്രം. രൂപയുടെ താഴ്ച കുറയ്ക്കാന്‍ വലിയ തുക ചെലവിടേണ്ടി വരുന്നു. ഇത് ഏതു വരെ തുടരാനാകും എന്നതാണു ചോദ്യം. ഗവണ്മെന്റും റിസര്‍വ് ബാങ്കും പറയുന്നത് രൂപയെ പിടിച്ചു നിര്‍ത്താനല്ല, താഴ്ച ക്രമീകരിക്കാനാണു റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത് എന്നാണ്.
ആ പരിശ്രമത്തിനു തന്നെ വലിയ തുക ചെലവാക്കേണ്ടി വരുന്നു എന്ന് ശേഖരം നിരന്തരം കുറയുന്നതു വഴി മനസിലാക്കാം. ഡോളര്‍ 79 രൂപയിലേക്ക് വരെ എത്താവുന്ന സാധ്യതയാണു വിദേശനാണ്യ ഡീലര്‍മാര്‍ എടുത്തുപറയുന്നത്. അതു ക്രമീകൃതമായി നടത്താനും ശേഖരത്തില്‍ നിന്നു വലിയ തുക എടുക്കേണ്ടി വരും.
This section is powered by Muthoot Finance
Next Story
Videos