ചെറിയ നേട്ടം പ്രതീക്ഷിച്ചു വിപണി; കയറ്റുമതി നിയന്ത്രണങ്ങൾ ആരെ സഹായിക്കും? ടെക് തകർച്ച നീളുമെന്നു ഭീതി; ക്രൂഡും സ്വർണവും വീണ്ടും കയറ്റത്തിൽ

ആശ്വാസത്തിനു വക ശേഷിപ്പിക്കാതെയാണു വിപണികൾ ഇന്നലെ മുന്നാേട്ടു പോയത്. വളർച്ചയെപ്പറ്റിയുള്ള ആശങ്കകൾ മുഖ്യവിഷയമായി. ഒപ്പം ഇനിയും 10-15 ശതമാനം താഴ്ന്നിട്ടേ വിപണികൾ തിരിച്ചു കയറൂ എന്ന പ്രവചനങ്ങളുടെ എണ്ണവും വർധിക്കുന്നു.

ഇതെല്ലാം ഇന്ന് ഇന്ത്യയടക്കം ഏഷ്യൻ വിപണികളെ ബാധിക്കാം. എങ്കിലും യുഎസ് ഫ്യൂച്ചേഴ്സ് നല്ല നേട്ടം കാണിച്ചത് ഇന്നു വിപണികളെ സഹായിച്ചേക്കും.യുഎസ് ഡോളർ ദുർബലമായതും വികസ്വര രാജ്യങ്ങൾക്ക് ആശ്വാസകരമാണ്. ഡോളർ സൂചിക 101.76 ലേക്കു താണു.

ഇന്ന് രാവിലെ ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നേട്ടത്തിലേക്കു വന്നു
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,114-ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 16,133ലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 16,166 ലെത്തി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്ത്യൻ വിപണി ഇന്നലെ ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, മെറ്റൽ, ഫാർമ, റിയൽറ്റി തുടങ്ങിയ മേഖലകളിലെ വലിയ ഇടിവാണ് വിപണിയെ തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലാക്കിയത്.
മറ്റ് ഏഷ്യൻ വിപണികളും യൂറോപ്യൻ വിപണികളും നഷ്ടത്തിൽ കലാശിച്ചു.
യുഎസ് വിപണി ആദ്യം വലിയ നഷ്ടത്തിലേക്കു വീണിട്ടു പിന്നീടു നഷ്ടം കുറച്ചു. ഡൗ ജോൺസ് സൂചിക താഴ്ചയിൽ നിന്ന് 600 - ഓളം പോയിൻറ് കയറി 48.82 പോയിൻ്റ് (0.15%) നേട്ടത്തിൽ ക്ലോസ് ചെയ്തു. ആദ്യം മൂന്നു ശതമാനം ഇടിഞ്ഞ നാസ്ഡാക് ഒടുവിൽ 2.35 ശതമാനം നഷ്ടത്തിലാണ് അവസാനിച്ചത്.
2020 നവംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗാണ് നാസ്ഡാക്കിൻ്റേത്. എസ് ആൻഡ് പി 0.81 ശതമാനം താഴ്ന്നു.
ചൊവ്വാഴ്ച സെൻസെക്സ് 236 പോയിൻ്റ് (0.43%) താഴ്ന്ന് 54,052.61ലും നിഫ്റ്റി 89.55 പോയിൻ്റ് (0.55%) താഴ്ന്ന് 16,125.15 ലും ക്ലോസ് ചെയതു. മിഡ് ക്യാപ് സൂചിക 0.65 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.26 ശതമാനവും ഇടിഞ്ഞു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 2393.45 കോടി രൂപയുടെ വിൽപനക്കാരായി. സ്വദേശി ഫണ്ടുകൾ 1948.49 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് 115 ഡോളറിലേക്ക്
ക്രൂഡ് ഓയിൽ സ്റ്റോക്ക് കുറയുന്നത് വില കൂടാൻ കാരണമായി. ഇന്നലെ 113.6 ഡോളറിലേക്കു കയറിയ ബ്രെൻ്റ് ഇനം ഇന്നു രാവിലെ 114.7 ഡോളറായി ഉയർന്നു. വില അൽപം കൂടി ഉയരുമെന്നാണു സൂചന. പ്രകൃതിവാതക വില 8.96 ഡാളർ കടന്നു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ പൊതുവേ താഴ്ചയിലായിരുന്നു. ഡിമാൻഡ് കുറവിനേക്കാൾ വിപണിയിലെ സാങ്കേതിക തിരുത്തലും കറൻസിവിനിമയ നിരക്കിലെ മാറ്റങ്ങളുമാണു കാരണം.
അലൂമിനിയം 3.19 ശതമാനം താണ് 2878 ഡോളറിലെത്തി. ടണ്ണിന് 9460 ഡോളറിലേക്കു ചെമ്പ് വില കുറഞ്ഞു. ഇരുമ്പയിര് വില അര ശതമാനം കുറഞ്ഞെങ്കിലും വില കയറാനാണു പ്രവണത.
സ്വർണം കയറുന്നു
ഡോളറിൻ്റെ ദൗർബല്യത്തിൽ സ്വർണം ഉയരുകയാണ്. ഇന്നലെ 1869.3 ഡോളർ വരെ ഉയർന്ന സ്വർണം ഇന്നു രാവിലെ 1865-1867 ഡോളറിലാണ്. പലിശനിരക്ക് അമിതമായി വർധിപ്പിക്കില്ലെന്നും മാന്ദ്യം ഉണ്ടായാലും അതു ലഘുവും ഹ്രസ്വവും ആയിരിക്കും എന്നുമാണ് സ്വർണ ബുള്ളുകൾ പറയുന്നത്.
ഗൂഢ (ക്രിപ്റ്റോ) കറൻസികളുടെ വിലയിടിവ് സ്വർണത്തിലേക്കു നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. സമീപകാലത്തു പല ഗൂഢ കറൻസി എക്സ്ചേഞ്ചുകളും തകർന്നതും നിക്ഷേപകരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. കേരളത്തിൽ സ്വർണം പവന് 480 രൂപ വർധിച്ച് 38,200 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണത്.
ഡോളർ സൂചിക ഇന്നു രാവിലെ 101.88 ആണ്. ഇന്നും 101.76 വരെ താണിരുന്നു. ഡോളർ ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം രണ്ടു പൈസ നേട്ടത്തിൽ 77.57 രൂപയിൽ ക്ലോസ് ചെയ്തു.
കയറ്റുമതിനിയന്ത്രണം കൂടുതൽ ഇനങ്ങൾക്ക്
ഇന്ത്യ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പഞ്ചസാര കയറ്റുമതി 10 ലക്ഷം ടൺ ആയി നിയന്ത്രിച്ചു. അസംസ്കൃത സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ എന്നിവയുടെ ഇറക്കുമതിക്കു ചുങ്കം ഒഴിവാക്കി. നേരത്തേ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു.
വിലക്കയറ്റം തടയാൻ ഉദ്ദേശിച്ചുള്ള നടപടികൾ ഗോതമ്പ്, കരിമ്പ്, എണ്ണക്കുരു കർഷകർക്കു ദോഷമായി. പഞ്ചസാര മില്ലുകൾക്കു കയറ്റുമതി നിയന്ത്രണം തിരിച്ചടിയായി. ഇന്നലെ പഞ്ചസാരമിൽ ഓഹരികൾ അഞ്ചു ശതമാനം വരെ ഇടിഞ്ഞു. പരുത്തിവില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ പരുത്തി കയറ്റുമതി നിരോധനവും പരിഗണനയിലുണ്ട്.
ചെറുകിട സ്പിന്നിംഗ് മില്ലുകൾ പരുത്തി വാങ്ങാനാവാതെ ദുരിതത്തിലാണ്. അതേ സമയം വർഷങ്ങൾക്കു ശേഷം പരുത്തിക്കു നല്ല വില ലഭിച്ചതിൻ്റെ സന്തോഷത്തിലാണു കർഷകർ. അവരുടെ സന്തോഷം ഇല്ലാതാക്കുന്നതാകും കയറ്റുമതി നിരോധനം.
ലോക വ്യാപാര ഉടമ്പടി നിലവിൽ വന്ന ശേഷം ഇത്രയും കയറ്റുമതി നിയന്ത്രണങ്ങൾ ഇന്ത്യ ഏർപ്പെടുത്തുന്നത് ഇതാദ്യമാണ്. ലോക വിപണിയിൽ ഭക്ഷ്യവില കുതിച്ചു കയറാൻ ഇന്ത്യൻ നടപടി കാരണമാകുമെന്നു പരക്കെ വിമർശനമുണ്ട്.
സോഷ്യൽ മീഡിയയ്ക്കു വലിയ തിരിച്ചടി
സ്നാപ്ചാറ്റിൻ്റെ ഉടമകളായ സ്നാപ് ഇൻ കോർപറേറ്റഡ് ഒന്നാം പാദ വരുമാനം ഇടിഞ്ഞതായ റിസൽട്ട് പുറത്തുവിട്ടത് ഓൺലൈൻ സോഷ്യൽ മീഡിയ കമ്പനികളെയെല്ലാം തകർച്ചയിലാക്കി. ഓൺലൈൻ പരസ്യ വരുമാനം ഇടിയുകയാണെന്നും വരും പാദങ്ങളിൽ ഇടിവ് വർധിക്കുകയേ ഉള്ളൂവെന്നും സ്നാപ് സാരഥികൾ പറഞ്ഞു.
സ്നാപ് ഓഹരി 43 ശതമാനം തകർച്ചയിലായി. ആൽഫബെറ്റ്, ട്വിറ്റർ, പിൻ്ററസ്റ്റ് തുടങ്ങിയവ നാലു മുതൽ 10 വരെ ശതമാനം ഇടിഞ്ഞു. സോഷ്യൽ മീഡിയ കമ്പനികളുടെ വിപണിമൂല്യത്തിൽ ഇന്നലെ 16,500 കോടി ഡോളറിൻ്റെ നഷ്ടം വന്നു. പരസ്യമാണു സോഷ്യൽ മീഡിയയുടെ മുഖ്യ വരുമാനമാർഗം. അതു കുത്തനേ താഴുകയും ഇനി മാന്ദ്യം വരാമെന്ന ഭീഷണി നിലനിൽക്കുകയും ചെയ്യുന്നത്
ടെക് മേഖലയിൽ മൊത്തം ക്ഷീണമാണ് വരുത്തുന്നത്. ഈ വർഷമാദ്യം മുതൽ ടെക് മേഖല നേരിടുന്ന തിരിച്ചടികൾക്ക് അവസാനമായിട്ടില്ലെന്നാണ് ഇതു കാണിക്കുന്നത്. അമിത വിലയിൽ ലിസ്റ്റ് ചെയ്ത ഓൺലൈൻ സേവന കമ്പനികളുടെയും ഫിൻ ടെക്കുകളുടെയും ഓഹരികൾ 60 മുതൽ 80 വരെ ശതമാനം ഇടിഞ്ഞു. ടെക് മേഖലയിലെ പല നവാഗതരും കമ്പനി വിൽക്കാനോ ലയിപ്പിക്കാനോ മാർഗം തേടുകയാണ്.
സ്റ്റാർട്ടപ്പുകൾക്കു പണം കിട്ടാനില്ല
ചൈന ടെക് ഭീമന്മാരെ വരുതിയിലാക്കാൻ എടുക്കുന്ന നടപടികളും യുഎസ് എക്സ്ചേഞ്ചുകളിൽ നിന്നു ചൈനീസ് ടെക് കമ്പനികൾ പിന്മാറുന്നതും ഈ മേഖലയിലെ നിക്ഷേപകർക്കു വലിയ നഷ്ടം വരുത്തി. ഇതെല്ലാം നിരവധി ഹെഡ്ജ് ഫണ്ടുകളെ രംഗം വിടാൻ പ്രേരിപ്പിക്കുന്നു. ഫെഡ് അടക്കം കേന്ദ്ര ബാങ്കുകൾ പലിശ കൂട്ടുന്നതും ഫണ്ടുകളിലേക്കു പണം വരുന്നതു കുറച്ചിട്ടുണ്ട്.
ഇതിൻ്റെ വലിയ പ്രത്യാഘാതം സ്റ്റാർട്ടപ് സംരംഭങ്ങളെ വല്ലാതെ ബാധിച്ചു. സ്റ്റാർട്ടപ്പുകൾക്ക് പണം നൽകാൻ ആളുകളും ഫണ്ടുകളും ഇല്ലെന്നായി. ഒന്നും രണ്ടും വട്ടം ധനസമാഹരണം നടത്തിയ സ്റ്റാർട്ടപ്പുകൾ തുടർന്നു പണം കിട്ടില്ലെന്നായപ്പോൾ പ്രവർത്തനം ചുരുക്കുകയും ആൾക്കാരെ പിരിച്ചുവിടുകയും ചെയ്യുകയാണ്.
ഇതു കേരളത്തിലടക്കം എല്ലായിടത്തും വ്യാപകമായി വരികയാണ്. വിപണിയിലെ പണലഭ്യത ചുരുക്കുകയും പണത്തിൻ്റെ വില (പലിശ) കൂട്ടുകയും ചെയ്യുന്ന കേന്ദ്ര ബാങ്കുകളുടെ നയം സ്റ്റാർട്ടപ് വളർച്ചയ്ക്കു കനത്ത തിരിച്ചടിയാണു നൽകുന്നത്. അതു ടെക് മേഖലയിൽ നവീന ആവിഷ്കാരങ്ങൾ വരുന്നതിനു തടസമാകുകയും ചെയ്യും.

This section is powered by Muthoot Finance


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it