യുഎസ് വളർച്ച കൂടിയത് പലിശഭീഷണി വർധിപ്പിക്കുന്നു; വിദേശ വിപണികൾ താഴ്ന്നു; ഇന്ത്യയിൽ പ്രതീക്ഷയോടെ 'കാളകൾ'

ഇനിയും പലിശ കൂട്ടും എന്ന സൂചന നൽകി യുഎസ് ജിഡിപി പ്രതീക്ഷയിലധികം വളർന്നത് ഓഹരി വിപണികളെ താഴ്ത്തി. യുഎസ് വിപണിക്കു പിന്നാലെ ഏഷ്യൻ വിപണികളും നല്ല ഇടിവിലായി. ഇന്ത്യൻ വിപണി വ്യാഴാഴ്ച തന്നെ താണതിനാൽ ഇന്നു വീണ്ടും തകർച്ച പ്രതീക്ഷിക്കുന്നില്ല. എന്നു മാത്രമല്ല തിരിച്ചു കയറ്റ സാധ്യതയുമുണ്ട്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,764ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,809 വരെ കയറിയിട്ട് 19,780 നടുത്തേക്കു താണു വ്യാപാരം നടക്കുന്നു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.


യൂറോപ്യൻ സൂചികകൾ

യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ച നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ (ഇസിബി) പണനയ കമ്മിറ്റി കുറഞ്ഞ പലിശ 25 ബേസിസ് പോയിന്റ് (കാൽ ശതമാനം) വർധിപ്പിച്ചു. അതും ഫെഡ് വർധനയും വിപണിയുടെ നിഗമനം പോലെ വന്നു. സെപ്റ്റംബറിലെ വർധനയ്ക്കു ശേഷം പലിശകൂട്ടൽ താൽക്കാലികമായി നിർത്തി വയ്ക്കുമെന്ന സൂചന ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർദ് നൽകിയതു വിപണിക്കു സന്തോഷമായി. പ്രധാന സൂചികകൾ രണ്ടു ശതമാനത്തിലധികം കയറി.

യുഎസ് ജിഡിപി കണക്കുകൂട്ടലുകളേക്കാൾ മെച്ചപ്പെട്ട വളർച്ച കാണിച്ചത് വിപണിക്കു തിരിച്ചടിയായി. പലിശ വർധന തുടരാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് ഇത്. ഇന്നലെ തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷ കുറഞ്ഞു എന്ന കണക്കു പുറത്തുവന്നതും സെപ്റ്റംബറിൽ പലിശ കൂട്ടാൻ പ്രേരകമാകും. ഇതെല്ലാം യുഎസ് വിപണിയെ താഴ്ത്തി.


ഡൗ ജോൺസ്

ഡൗ ജോൺസ് 237.40 പോയിന്റ് (0.67%) ഇടിഞ്ഞ് 35,282.72 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 29.34 പോയിന്റ് (0.64%) താഴ്ന്ന് 4537.41ൽ എത്തി. നാസ്ഡാക് 77.18 പോയിന്റ് (0.55%) താഴ്ന്ന് 14,050.11 ൽ ക്ലോസ് ചെയ്തു.

ഡൗ ജോൺസ് സൂചിക തുടർച്ചയായ പതിന്നാലാം ദിവസം ഉയർച്ചയും അതുവഴി തുടർക്കയറ്റങ്ങളുടെ സർവകാല റെക്കോഡും പ്രതീക്ഷിച്ചതു നടന്നില്ല.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.05 ശതമാനം കയറി. നാസ്ഡാക് 0.25 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.14 ശതമാനം കയറി നിൽക്കുന്നു.

രണ്ടു പാദങ്ങളിലെ നഷ്ടക്കണക്കുകൾക്കു ശേഷം ഇന്റൽ കോർപറേഷൻ ലാഭത്തിലെത്തി. ഇതേ തുടർന്ന് ഓഹരിവില ഏഴു ശതമാനം കുതിച്ചു.

ജപ്പാൻ അടക്കം ഏഷ്യൻ വിപണികൾ ഇന്നു വലിയ താഴ്ചയിലാണ്. ജപ്പാനിൽ നിക്കെെ സൂചിക 1.4 ശതമാനം താണു. കൊറിയൻ വിപണി അര ശതമാനവും ഓസ്ട്രേലിയൻ വിപണി മുക്കാൽ ശതമാനവും താഴ്ന്നു. ഹാേങ്കോംഗ്, ചെെനീസ് വിപണികളും ഇന്നു നഷ്ടത്തിലാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ച നേട്ടത്തിൽ തുടങ്ങിയിട്ട് വലിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 66,984.17 വരെ കയറിയിട്ട് 66,060.74 വരെ താഴ്ന്നു. നിഫ്റ്റി 19,867.55 വരെ ഉയർന്നിട്ടു 19,603.55 വരെ താഴ്ന്നു. സെൻസെക്സ് 440.38 പോയിന്റ് (0.66%) ഇടിഞ്ഞ് 66,266.82-ലും നിഫ്റ്റി 118.40 പോയിന്റ് (0.60%) താഴ്ന്ന് 19,659.90 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.27 ശതമാനം ഉയർന്ന് 37,151.60 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക മാറ്റമില്ലതെ 11,578.75 ൽ ക്ലോസ് ചെയ്തു.

ഫാർമ, റിയൽറ്റി, ഹെൽത്ത് സർവീസ് എന്നീ മൂന്നു മേഖലകൾ മാത്രമാണ് ഇന്നലെ നേട്ടം ഉണ്ടാക്കിയത്. വാഹനങ്ങൾ, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ഓയിൽ തുടങ്ങിയ മേഖലകൾ താഴ്ന്നു.

വിദേശനിക്ഷേപകർ ഇന്നലെ വലിയ വിൽപനക്കാരായി. അവർ 3979.44 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2528.15 കോടിയുടെ ഓഹരികൾ വാങ്ങി.

വിപണി ബെയറിഷ് ആയി മാറുന്നു എന്നാണു പൊതുവായ വിശകലനം. 19,500 ലെ പിന്തുണ പരീക്ഷിക്കപ്പെടുമെന്നും അതു നഷ്ടപ്പെട്ടാൽ കൂടുതൽ താഴേക്കു വീഴുമെന്നുമാണു വിലയിരുത്തൽ. എന്നാൽ ജൂലൈ ഫ്യൂച്ചേഴ്സിലെ 80 ശതമാനം കോൺട്രാക്ടുകളും ഓഗസ്റ്റ് സീരീസിലേക്ക് നീക്കിയത് ഇടപാടുകാർ ബുള്ളിഷ് ആണെന്നു കാണിക്കുന്നു. 19,400 - 19,500 മേഖലയിൽ നിന്നു നിഫ്റ്റി താഴോട്ടു നിഫ്റ്റി പോകുകയില്ല എന്ന വിശ്വാസമാണ് ഇതിൽ കാണുന്നത്.

ഇന്നു നിഫ്റ്റിക്ക് 19,605 ലും 19,445 ലും പിന്തുണ ഉണ്ട്. 19,810 ഉം 19,970 ഉം തടസങ്ങളാകാം.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരി

ആർബിഎൽ ബാങ്കിൽ ഓഹരി വാങ്ങിയ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരി വില ആറു ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിടെ വിപണി മൂല്യത്തിൽ 12,000 കോടി രൂപയുടെ നഷ്ടം വന്നു. മോശം റിസൽട്ടിനെ തുടർന്ന് ടെക് മഹീന്ദ്ര ഓഹരിയുടെ വില നാലര ശതമാനം താണു.

വ്യാവസായിക ലോഹങ്ങൾ വീണ്ടും കയറ്റത്തിലായി. അലൂമിനിയം മാത്രമാണു താണത്. അലൂമിനിയം 0.36 ശതമാനം താഴ്ന്ന് ടണ്ണിന് 2204.82 ഡോളറിലായി. ചെമ്പ് 0.53 ശതമാനം കയറി ടണ്ണിന് 8578.10 ഡോളറിൽ എത്തി. ടിൻ 2.26 ശതമാനവും ലെഡ് 1.40 ശതമാനവും സിങ്ക് 1.18 ശതമാനവും നിക്കൽ 0.25 ശതമാനവും കയറി.


ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില കയറിയിറങ്ങി. ബ്രെന്റ് ഇനം ക്രൂഡ് 84.24 ഡോളറിലും ഡബ്ള്യുടിഐ ഇനം 80.09 ഡോളറിലും എത്തി ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ ബ്രെന്റ് ഇനം 83.68 ഡോളറിലേക്കു താണു. ഡബ്ള്യുടിഐ ഇനം 79.63 ഡോളർ ആയി. ഡോളർ വൈകുന്നേരം കരുത്താർജിച്ചതാണു ക്രൂഡ് വിലയെ അൽപം താഴ്ത്തിയത്.

.സ്വർണം ഇടിഞ്ഞു. യുഎസ് ജിഡിപി പ്രതീക്ഷയേക്കാൾ മികച്ച വളർച്ച കാണിച്ചതാണു കാരണം. ഡോളർ ഉയരുകയും ചെയ്തു. ഔൺസിന് 1972.70 ഡോളറിൽ നിന്ന് 1945.70 ലേക്കു താണ് ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1949 ഡോളറിലേക്ക് ഉയർന്നു. ഫെഡ് തീരുമാനത്തെ തുടർന്ന് രൂപപ്പെട്ട അനുകൂല അന്തരീക്ഷം ഒരു ദിവസം കൊണ്ടു മാറി.

കേരളത്തിൽ ഇന്നലെ പവൻവില 240 രൂപ വർധിച്ച് 44,360 രൂപയിൽ എത്തി. ഇന്നു വില കുറയും.

ഡോളർ വ്യാഴാഴ്ച ആറു പൈസ താണ് 81.93 രൂപയിൽ വ്യാപാരം ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്നലെ ഉയർന്നു. 88 പോയിന്റ് കയറി 101.77 ൽ ക്ലാേസ് ചെയ്തു. സമീപമാസങ്ങളിലെ ഏറ്റവും വലിയ ഏകദിന കയറ്റമാണ് ഇത്. സൂചിക ഇന്നു രാവിലെ 101.79 ലേക്കു കയറി.

ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ്കോയിൻ 29,200 ഡോളറിനടുത്താണ്.

യു.എസ് ജി.ഡി.പി വളർച്ച പറയുന്നത്

ഏപ്രിൽ - ജൂൺ പാദത്തിലെ യുഎസ് ജിഡിപിയുടെ പ്രഥമ എസ്റ്റിമേറ്റ് പ്രതീക്ഷയക്കാൾ മികച്ചതായി. ഒന്നാം പാദ (ജനുവരി - മാർച്ച്) ത്തിൽ രണ്ടു ശതമാനം വളർന്ന ജിഡിപി രണ്ടാം പാദത്തിൽ 2.4 ശതമാനം കുതിച്ചു. പൊതു നിഗമനം 1.5- 2.0 ശതമാനമായിരുന്നു.

ബിസിനസ് മേഖലയിലെ മൂലധന നിക്ഷേപം 5.7 ശതമാനം വർധിച്ചു. ഉപഭോക്താക്കളുടെ ചെലവഴിക്കൽ 1.6 ശതമാനം മാത്രമേ വർധിച്ചുള്ളു. തലേ പാദത്തിൽ 4.2 ശതമാനം വർധന ഉണ്ടായിരുന്നു.

2022 മാർച്ച് മുതൽ 10 തവണ പലിശനിരക്ക് കിട്ടിയിട്ടും യുഎസ് സമ്പദ്ഘടനയുടെ കുതിപ്പിനു ക്ഷീണമില്ല എന്ന് ഈ കണക്ക് കാണിക്കുന്നു. ഈ ബുധനാഴ്ച 11-ാം തവണ നിരക്ക് വർധിപ്പിച്ചതിനെ ന്യായീകരിക്കുന്നതാണു ജിഡിപി കണക്ക്. 11 തവണ വർധിപ്പിച്ചതാേടെ യുഎസിലെ അടിസ്ഥാന പലിശനിരക്ക് 5.25 - 5.50 ശതമാനമായി. പൂജ്യത്തിൽ നിന്നാണ് വർധന തുടങ്ങിയത്.

ജൂണിൽ ഗൃഹാേപകരണങ്ങളുടെ ഓർഡർ 4.7 ശതമാനം വർധിച്ചു. 1.5 ശതമാനം ആയിരുന്നു പ്രതീക്ഷ. ജനങ്ങളുടെ ചെലവഴിക്കൽ ലോഭമില്ലാതെ തുടരുന്നു എന്നു വ്യക്തം.

യുഎസിൽ തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണം കുറഞ്ഞു.

പലിശ ഇത്രയേറെ വർധിച്ചിട്ടും വളർച്ചയ്ക്ക് കോട്ടമില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്. സമ്പദ്ഘടന ശരിക്കും ചൂടാണ്. വളർച്ച കൂടുന്നു, തൊഴിൽ കൂടുന്നു, ജനങ്ങൾ ഉദാരമായി പണം ചെലവാക്കുന്നു. മാന്ദ്യ സാധ്യത വിദൂരമായി. ഇനിയും പലിശ കൂട്ടും എന്ന ഭീഷണിയാണ് ഇതിൽ നിന്ന് ഉണ്ടാകുന്നത്.

യുഎസിലെ ജൂൺ മാസത്തെ പിസിഇ (പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ) കണക്ക് ഇന്നു പ്രസിദ്ധീകരിക്കും. ഫെഡ് പലിശ തീരുമാനത്തിന് ആധാരമാക്കുന്നത് ഇതാണ്. മേയിൽ 3.8 ശതമാനമായിരുന്ന പിസിഇ ജൂണിൽ മൂന്നു ശതമാനമായി കുറയുമെന്നാണു പ്രതീക്ഷ. ഊർജ, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ പിസിഇ 4.6 ശതമാനത്തിൽ നിന്ന് 4.2 ശതമാനമായി കുറയുമെന്നാണു നിഗമനം.

സിപ്ല വിൽപനയ്ക്ക്

ഔഷധകമ്പനി സിപ്ല വാങ്ങാൻ വിദേശ പ്രൈവറ്റ് ഇക്വിറ്റി (പിഇ) കളും ഫണ്ടുകളും ശ്രമം തുടങ്ങി. പ്രാെമാേട്ടർ കുടുംബവുമായി ബ്ലായ്ക്ക് സ്റ്റോൺ, ബേറിംഗ്, കെകെആർ, ആഡ്വെന്റ് തുടങ്ങിയ പിഇ കൾ ചർച്ച നടത്തിവരികയാണ്. 34 ശതമാനം ഓഹരി പ്രാെമാേട്ടർമാരായ ഹമീദ് കുടുംബത്തിന്റെ പക്കലാണ്.

ചെയർമാൻ വെെ. കെ. ഹമീദും സഹാേദരനും വൈസ് ചെയർമാനുമായ എം.കെ. ഹമീദും 80 കഴിഞ്ഞവരാണ്. എം.കെ. ഹമീദിന്റെ മകൾ സമീന വസീറല്ലി എക്സിക്യൂട്ടീവ് വൈസ് ചെയർ പേഴ്സണാണ്. കുടുംബം ബിസിനസ് വിറ്റൊഴിയാനാണ് ഉദ്ദേശിക്കുന്നത്. ഈ നീക്കങ്ങളും കമ്പനിയുടെ മികച്ച റിസൽട്ടും ഓഹരി വില പത്തു ശതമാനം ഉയർത്തി.

റാൻബാക്സി അടക്കം പല കുടുംബ ബിസിനസുകളും പിഇ കൾ വാങ്ങി നല്ല ലാഭത്തിൽ കൈമാറ്റം ചെയ്തിട്ടുണ്ട്.

വിപണി സൂചനകൾ

(2023 ജൂലൈ 27, വ്യാഴം)

സെൻസെക്സ് 30 66,266.82 -0.66%

നിഫ്റ്റി 50 19,659.90 -0.60%

ബാങ്ക് നിഫ്റ്റി 45,679.30 - 0.83%

മിഡ് ക്യാപ് 100 37,151.60 +0.27%

സ്മോൾക്യാപ് 100 11,578.75 +0.00%

ഡൗ ജോൺസ് 30 35,282.72 -0.67%

എസ് ആൻഡ് പി 500 4537.41 -0.64%

നാസ്ഡാക് 14,050.11 -0.55%

ഡോളർ ($) ₹81.93 - 06 പൈസ

ഡോളർ സൂചിക 101.77 +0.88

സ്വർണം(ഔൺസ്) $1945.70 -$25.00

സ്വർണം(പവൻ ) ₹44,360 + ₹240.00

ക്രൂഡ് (ബ്രെന്റ്)ഓയിൽ $84.24 +$1.32

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it