ബുള്ളുകൾ ആവേശത്തിൽ; വിദേശ സൂചനകൾ അനുകൂലം
മുന്നിൽ തടസങ്ങൾ ഇല്ലെന്ന വിശ്വാസത്തിലാണു ബുള്ളുകൾ. പുതിയ ഉയരങ്ങളിലേക്കു സൂചികകളെ എത്തിക്കാൻ ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം മാതമാണ് അവർ കാണുന്ന തടസം. വിദേശ വിപണികളും അനുകൂല സൂചനയാണു നൽകുന്നത്. ഏഷ്യൻ വിപണികളും ഇന്നു കയറ്റത്തിലാണ്. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 85 ഡോളർ കടന്നത് വിലക്കയറ്റ ഭീഷണി ഉയർത്തുന്ന ഘടകമാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,894.5ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,918 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.
യൂറോപ്യൻ സൂചികകൾ
യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച നല്ല നേട്ടത്തോടെ തുടങ്ങിയെങ്കിലും ക്ലോസിംഗ് ചെറിയ നേട്ടത്തിലായിരുന്നു. ജർമൻ വിപണി സൂചിക 0.14 ശതമാനം താഴുകയും ചെയ്തു. സ്റ്റാേക്സ് 600 സൂചിക 0.12 ശതമാനം ഉയർന്നു. യൂറോപ്യൻ സൂചികകൾ ജൂലൈയിൽ രണ്ടു ശതമാനം കയറി.
യൂറോസോണിൽ വിലക്കയറ്റം കുറയുകയും ജിഡിപി വളർച്ച പ്രതീക്ഷയിലും മെച്ചമാവുകയും ചെയ്തത് ഇന്നലെ യൂറോപ്യൻ വിപണികൾക്കു തുടക്കത്തിൽ കരുത്തു പകർന്നു. ജൂലൈയിലെ വിലക്കയറ്റം 5.3 ശതമാനമാണ്. ജൂണിൽ 5.5 ശതമാനമായിരുന്നു. ഭക്ഷ്യ - ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം പക്ഷേ 5.5 ശതമാനത്തിൽ തുടർന്നു.
ജിഡിപി വളർച്ച ഏപ്രിൽ-ജൂണിൽ 0.3 ശതമാനമായി. 0.2 ശതമാനമാണു പ്രതീക്ഷിച്ചത്. ഫ്രാൻസിലും അയർലൻഡിലും ഒറ്റപ്പെട്ട ചില കാരണങ്ങളാൽ വളർച്ച കൂടിയതാണ് ഈ ഉയർന്ന കണക്കിനു കാരണം. അവ ഒഴിവാക്കിയാൽ 0.04 ശതമാനം വളർച്ചയേ കാണൂ എന്നാണു വിലയിരുത്തൽ. യുറോപ്പ് മാന്ദ്യത്തിലേക്കു വീഴും എന്ന നിലപാടാണ് മിക്ക വിശകലനക്കാരും എടുത്തത്.
തിങ്കളാഴ്ച ഡൗ ജോൺസ് 100.24 പോയിന്റ് (0.28%) ഉയർന്ന് 35,559.50 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 6.73 പോയിന്റ് (0.15%) ഉയർന്ന് 4588.96ൽ എത്തി. നാസ്ഡാക് 29.37 പോയിന്റ് (0.21%) കയറി 14,346.02 ൽ ക്ലോസ് ചെയ്തു. ജൂലൈയിൽ ഡൗ 3.32 ഉം എസ് ആൻഡ് പി 2.99 ഉം നാസ്ഡാക് 4.1 ഉം ശതമാനം ഉയർന്നാണു നിൽക്കുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കാര്യമായി മാറിയിട്ടില്ല. ഡൗ 0.02 ശതമാനം ഉയർന്നു. നാസ്ഡാകും എസ് ആൻഡ് പി യും 0.09 ശതമാനം വീതം കയറി നിൽക്കുന്നു.
ജപ്പാൻ അടക്കം ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ സൂചിക 0.5 ശതമാനം ഉയർന്നു. കൊറിയൻ വിപണി ഒരു ശതമാനവും ഓസ്ട്രേലിയൻ വിപണി 0.25 ശതമാനവും കയറി. ചെെനീസ് വിപണികൾ ഇന്നും നേരിയ നേട്ടത്തിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കളാഴ്ച ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ടു കുത്തനേ താണു. പിന്നീടു ക്രമമായി കയറി. സെൻസെക്സ് 66,598.42 വരെയും നിഫ്റ്റി 19,772.75 വരെയും കയറിയിട്ട് അൽപം താണു ക്ലോസ് ചെയ്തു. സെൻസെക്സ് 367.47 പോയിന്റ് (0.56%) കയറി 66,527.67-ലും നിഫ്റ്റി 107.75 പോയിന്റ് (0.55%) ഉയർന്ന് 19,753.80 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.97 ശതമാനം ഉയർന്ന് 37,721.35 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.88 ശതമാനം കയറി 11,702.85 ൽ ക്ലോസ് ചെയ്തു. ജൂലൈയിൽ സെൻസെക്സും നിഫ്റ്റിയും 2.7 ശതമാനം വീതം ഉയർന്നു.
എഫ്എംസിജിയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിലായിരുന്നു. മെറ്റൽ സൂചിക 1.77 ഉം ഐടി 1.49 ഉം ഓട്ടോ 1.1 ഉം ഓയിൽ - ഗ്യാസ് 1.03 ഉം ശതമാനം ഉയർന്നു.
രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ അമിതലാഭ നികുതി ടണ്ണിന് 1600 രൂപയിൽ നിന്ന് 4250 രൂപയായി ഉയർത്തി. ഡീസൽ കയറ്റുമതിക്ക് ഒരു രൂപ ഡ്യൂട്ടി ചുമത്തുകയും ചെയ്തു. ഒ.എൻ.ജി.സി, ഓയിൽ ഇന്ത്യ, ചെന്നൈ പെട്രാേ എന്നിവയ്ക്കു ഗണ്യമായ ബാധ്യത വരുത്തുന്നതാണ് ഈ നടപടി.
വിദേശനിക്ഷേപകർ ഇന്നലെയും വിൽപനക്കാരായി. അവർ 701.17 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2488.07 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണിയിൽ ബുള്ളുകൾ കരുത്തു കാട്ടി നിയന്ത്രണം തിരിച്ചു പിടിച്ചു. കഴിഞ്ഞ മാസം കടക്കാൻ പറ്റാത്ത 20,000 നു മുകളിൽ എത്താൻ ഈ മാസം പറ്റണം എന്ന വാശി ബുള്ളുകൾ പ്രകടിപ്പിക്കുന്നുണ്ട്. എതിർ ചലനങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല. 20,000 നു മുകളിൽ ആണു കോൾ ഓപ്ഷൻ കോൺട്രാക്ടുകൾ കൂടുതലും.
ഇന്നു നിഫ്റ്റിക്ക് 19,640 ലും 19,535 ലും പിന്തുണ ഉണ്ട്. 19,775 ഉം 19,880 ഉം തടസങ്ങളാകാം. പ്രധാന വ്യാവസായിക ലോഹങ്ങൾ ഇന്നലെ വലിയ കുതിപ്പ് നടത്തി. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ ചെെന ചില നടപടികൾ പ്രഖ്യാപിച്ചതാണ് കാരണം.
അലൂമിനിയം 3.19 ശതമാനം കയറി ടണ്ണിന് 2282.50 ഡോളറിലായി. ചെമ്പ് 2.43 ശതമാനം ഉയർന്നു ടണ്ണിന് 8800.15 ഡോളറിൽ എത്തി. ടിൻ 0.43 ശതമാനവും സിങ്ക് 2.62 ശതമാനവും ഉയർന്നു. ലെഡ് 0.32 ശതമാനവും നിക്കൽ 0.12 ശതമാനവും താണു.
ക്രൂഡ് ഓയിൽ, സ്വർണം
ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെന്റ് ഇനം ക്രൂഡ് 85.56 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.65 ഡോളറിലും എത്തി ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് വില 85.53 ലേക്കും ഡബ്ള്യുടിഐ വില 80.29 ലേക്കും കുറഞ്ഞു. സ്വർണം ഔൺസിന് 1960.40 ഡോളറിൽ നിന്ന് 1964.60 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1964.40 ഡോളർ ആയി.
കേരളത്തിൽ പവൻവില ഇന്നലെ 80 രൂപ കുറഞ്ഞ് 44,200 രൂപയിൽ എത്തി. ഡോളർ തിങ്കളാഴ്ച വലിയ കയറ്റിറക്കങ്ങൾക്കു ശേഷം പഴയ നിലയായ 82.25 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക വെള്ളിയാഴ്ച അൽപം ഉയർന്ന് 101.86 ൽ ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 101.93 ലേക്കു കയറി. ക്രിപ്റ്റോ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബിറ്റ്കോയിൻ 29,300 ഡോളറിനു താഴെയാണ്.
കാതൽ മേഖലയ്ക്ക് 8.2 ശതമാനം കുതിപ്പ്
കാതൽ മേഖലയിലെ എട്ടു വ്യവസായങ്ങൾ ജൂണിൽ 8.2 ശതമാനം വളർന്നു. മേയിൽ അഞ്ചു ശതമാനമായിരുന്നു വളർച്ച. ഏപ്രിൽ - ജൂൺ പാദത്തിലെ വളർച്ച 5.8 ശതമാനമാണ്.
കൽക്കരി മേഖല 9.8 ശതമാനം വളർന്നു. കഴിഞ്ഞ വർഷം ഇതേ മാസം 32.1 ശതമാനം വളർന്നതാണ്. പ്രകൃതിവാതകത്തിൽ 3.6 ശതമാനം വർധന. ക്രൂഡ് ഓയിൽ ഉൽപാദനം 0.6 ശതമാനം കുറഞ്ഞു. റിഫൈനറി ഉൽപന്നങ്ങൾക്ക് 4.6 ശതമാനമാണു വളർച്ച. കഴിഞ്ഞ വർഷം ജൂണിൽ 28.04 ശതമാനം വളർന്നിരുന്നു.
സ്റ്റീൽ ഉൽപാദന് 21.9 ശതമാനം വളർന്നു. സിമന്റ് 9.4 ശതമാനവും രാസവളങ്ങൾ 3.4 ശതമാനവും വർധിച്ചു. വൈദ്യുതിയുടെ വളർച്ച 3.3 ശതമാനമാണ്.
വ്യവസായ ഉൽപാദന സൂചികയിൽ 40.27 ശതമാനം കാതൽ മേഖലയാണ്.
മാരുതി: വിൽപനയും അറ്റാദായവും കുതിച്ചു
മാരുതി സുസുകിയുടെ ഒന്നാം പാദ റിസൽട്ട് വർധിച്ച ലാഭം കൊണ്ടു ശ്രദ്ധേയമായി. വിറ്റുവരവ് 27 ശതമാനം വർധിച്ചപ്പാേൾ അറ്റാദായം 145.5 ശതമാനം വർധിച്ചു. കാറുകൾക്കു വില കൂട്ടിയതും ചെലവുകൾ ചുരുക്കിയതും കമ്പനിക്കു നേട്ടമായി. 32,326.94 കോടി രൂപ വരുമാനത്തിൽ 2485.1 കോടി രൂപ അറ്റാദായം ഉണ്ടാക്കി.
കയറ്റുമതി അൽപം കുറഞ്ഞെങ്കിലും ആഭ്യന്തര വിൽപന ഗണ്യമായി ഉയർന്നു. ആഭ്യന്തര വിൽപന 9.1 ശതമാനം വർധിച്ച് 4,34,812 എണ്ണമായി. കയറ്റുമതി 69,437-ൽ നിന്ന് 63,218 ആയി.
ഇലക്ട്രോണിക് ഘടകങ്ങളുടെ ദൗർലഭ്യം മൂലം 28,000 വാഹനങ്ങൾ നിർമിക്കാനായില്ല. കമ്പനിയിൽ ശേഷിക്കുന്ന ബുക്കിംഗ് 3.55 ലക്ഷം കവിഞ്ഞു.
കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനി സുസുകി മോട്ടോർ ഗുജറത്തിനെ മാരുതി സുസുകിയിൽ ലയിപ്പിച്ചു. വർഷം ഏഴരലക്ഷം കാറുകൾ നിർമിക്കാൻ ശേഷിയുള്ള യൂണിറ്റാണിത്.
വിപണി സൂചനകൾ
(2023 ജൂലൈ 31, തിങ്കൾ)
സെൻസെക്സ് 30 66,527.67 +0.56%
നിഫ്റ്റി 50 19,753.80 +0.55%
ബാങ്ക് നിഫ്റ്റി 45,651.10 +0.40%
മിഡ് ക്യാപ് 100 37,721.35 +0.97%
സ്മോൾക്യാപ് 100 11,702.85 +0.88%
ഡൗ ജോൺസ് 30 35,559.53 +0.28%
എസ് ആൻഡ് പി 500 4588.96 +0.15%
നാസ്ഡാക് 14,346.02 + 0.21%
ഡോളർ ($) ₹82.25 +00 പൈസ
ഡോളർ സൂചിക 101.86 +0.16
സ്വർണം(ഔൺസ്) $1964.60 +$04.20
സ്വർണം(പവൻ ) ₹44,200 -₹ 80.00)
ക്രൂഡ് (ബ്രെന്റ്)ഓയിൽ $85.56 +$0.57