പ്രതീക്ഷകളുടെ വർഷം തുടങ്ങുന്നു; പുതുവത്സര വ്യാപാരത്തിൽ ആശങ്കകൾ മുന്നിൽ; ചെങ്കടലിൽ വീണ്ടും ആക്രമണം

മികച്ച നേട്ടമുണ്ടാക്കിയ 2023 നു ശേഷം ഓഹരി വിപണി 2024 ലേക്കു വലിയ പ്രതീക്ഷകളോടെയാണു കടക്കുന്നത്. എന്നാൽ പുതുവത്സരദിനത്തിലെ വ്യാപാരത്തിൽ ആവേശമല്ല, ആശങ്കയാണു വിപണിയെ നയിക്കുക.

അമേരിക്കയിലും മറ്റും പലിശനിരക്ക് താഴുമ്പോൾ വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്കു കൂട്ടമായി വരുന്നതും രാഷ്ട്രീയ സുസ്ഥിരത ഉറപ്പാകുന്നതും വലിയ നേട്ടങ്ങളിലേക്കു വിപണിയെ നയിക്കും എന്നാണു പ്രതീക്ഷ. ഒപ്പം തന്നെ സാമ്പത്തികരംഗത്തും കമ്പനികളുടെ ലാഭത്തിലും തിരിച്ചടി നേരിട്ടാൽ വിപണി തിരുത്തലിൽ ആകുമെന്ന ആശങ്കയും ഉണ്ട്. ഐടി കമ്പനികളുടെ മൂന്നാം പാദ റിസൽട്ടുകൾ വളരെ മോശമാകുമെന്ന ഭീതിയും വിപണിയെ പുതുവത്സര വ്യാപാരത്തിൽ വിഷമിപ്പിക്കും.

വെള്ളി രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,812 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,770 ലാണ്. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നേട്ടത്തിൽ അവസാനിച്ചു. 2023 -ൽ സ്റ്റാേക്സ് 600 സൂചിക 12.64 ശതമാനം ഉയർന്നു. 2022-ൽ 12.9 ശതമാനം താഴ്ന്നതാണ്. ജർമൻ സമ്പദ്ഘടന മാന്ദ്യത്തിന്റെ വക്കിലായെങ്കിലും മുഖ്യ ജർമൻ ഓഹരി സൂചിക 20 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. യുകെയിൽ ഫുട്സീ 3.64 ശതമാനവും ഫ്രാൻസിൽ സിഎസി 16.4 ശതമാനവും ഉയർന്നു.

യു.എസ് വിപണി വെള്ളിയാഴ്ച താഴ്ന്നാണ് അവസാനിച്ചത്. മൂന്നു പ്രധാന സൂചികകളും നഷ്ടത്തിലായി. എന്നാൽ 2023 ൽ മൂന്നു സൂചികകളും മികച്ച നേട്ടം കുറിച്ചു. എസ് ആൻഡ് പി 500 കഴിഞ്ഞ വർഷം 24.4 ശതമാനം ഉയർന്നു. നാസ്ഡാക് സൂചിക 43.7 ശതമാനം ഉയർന്നാണു ക്ലോസ് ചെയ്തത്. നാസ്ഡാക് 50.01 ശതമാനം കുതിച്ച 2003 നു ശേഷമുള്ള ഏറ്റവും മികച്ച വർഷമാണ് നിർമിതബുദ്ധിയിൽ തിളങ്ങിയ 2023. ഡൗ ജോൺസ് സൂചിക 13.7 ശതമാനം ഉയർന്നു.

വെള്ളിയാഴ്ച ഡൗ ജോൺസ് 20.56 പോയിന്റ് (0.05%) താഴ്ന്ന് 37,689.54 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 13.52 പോയിന്റ് (0.28%) കയറി 4783.35 ൽ അവസാനിച്ചു. നാസ്ഡാക് 83.78 പോയിന്റ് (0.56%) താഴ്ന്ന് 15,011. 35 ൽ ക്ലോസ് ചെയ്തു.

10 വർഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 3.866 ശതമാനത്തിലേക്കു കയറി. ഇന്നു രാവിലെ അൽപം താണു.

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡൗ 0.05 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.08 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്ന് അവധിയിലാണ്. 2023ലെ അവസാന വ്യാപാര ദിവസം ചൈന ഒഴികെയുള്ള ഏഷ്യൻ വിപണികൾ ചെറിയ നഷ്ടത്തിൽ അവസാനിച്ചു. എന്നാൽ ചൈനീസ് വിപണിക്ക് 2023 ൽ 11.8 ശതമാനം നഷ്ടം നേരിട്ടു. ജപ്പാനിലെ നിക്കൈ സൂചിക 28 ശതമാനം വാർഷികനേട്ടം ഉണ്ടാക്കി. 1989 ലെ റെക്കോർഡുകൾ മറികടന്നു. ദക്ഷിണ കൊറിയൻ വിപണി 18.7 ശതമാനം കയറി.

വെള്ളിയാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങി, താഴ്ന്ന് അവസാനിച്ചു. സെൻസെക്സ് 170.12 പോയിന്റ് (0.23%) താഴ്ന്ന് 72,240.26 ലും നിഫ്റ്റി 47.3 പോയിന്റ് (0.22%) താഴ്ന്ന് 21,731.40 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 216.30 പോയിന്റ് (0.45%) ഇടിഞ്ഞ് 48,292.25 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.80 ശതമാനം കയറി 46,181.65 ലും സ്മോൾ ക്യാപ് സൂചിക 0.61 ശതമാനം ഉയർന്ന് 15,143.65 ലും വ്യാപാരം അവസാനിപ്പിച്ചു.

2023 - ൽ സെൻസെക്സ് 18 ഉം നിഫ്റ്റി 20 ഉം ശതമാനം കയറി. ഇന്ത്യൻ വിപണിമൂല്യം 82 ലക്ഷം കോടി രൂപ വർധിച്ചു. മിഡ് ക്യാപ് സൂചിക 46 ശതമാനം വളർച്ച കാണിച്ചു.

റിയൽറ്റിയും പൊതുമേഖലാ കമ്പനികളുമാണ് കഴിഞ്ഞ വർഷം വലിയ നേട്ടം ഉണ്ടാക്കിയത്. 80 ശതമാനം നേട്ടം ഈ സൂചികകൾക്ക് ഉണ്ടായി. ഓട്ടാേ 47 ഉം ഇൻഫ്രാ 39 ഉം പൊതുമേഖലാ ബാങ്കുകൾ 32 ഉം ശതമാനം കയറിയപ്പോൾ ഐ.ടി സൂചിക 24 ശതമാനം ഉയർന്നു.

102 ശതമാനം ഉയർന്ന ടാറ്റാ മോട്ടോഴ്സാണു നിഫ്റ്റിയിൽ ഏറ്റവും വലിയ വളർച്ച കാണിച്ചത്. ബജാജ് ഓട്ടാേയും എൻ.ടി.പി.സിയും 87 ശതമാനം വീതം കയറി. എൽ ആൻഡ് ടി 69 - ഉം കോൾ ഇന്ത്യ 67 ഉം അൾട്രാ ടെക്, ഹീറോ മോട്ടാേ കോർപ് എന്നിവ 51 ശതമാനം വീതവും വാർഷിക നേട്ടം ഉണ്ടാക്കി. നിഫ്റ്റി 50 യിൽ 26 ശതമാനം താണ അദാനി എന്റർപ്രൈസസും 18 ശതമാനം കാഴ്ന്ന യുപിഎലും ഒഴികെ എല്ലാ ഓഹരികളും നേട്ടത്തിലായിരുന്നു.

മിഡ് ക്യാപ് ഓഹരികളിൽ ആർ.ഇ.സിയും പി.എഫ്.സിയും 250 ശതമാനത്തിലേറെ ഉയർന്നു. റെയിൽവേ ഓഹരികളും കപ്പൽ നിർമാതാക്കളും 150 ശതമാനത്തിലേറെ വളർച്ച കണ്ട വർഷമാണ് 2023. പ്രതിരോധവുമായി ബന്ധപ്പെട്ട കമ്പനികൾ 50 മുതൽ 150 വരെ ശതമാനം കയറി.

വിദേശ നിക്ഷേപകരും മ്യൂച്വൽ ഫണ്ടുകളുമാണ് 2023 ൽ ഇന്ത്യൻ വിപണിയുടെ കുതിപ്പിനു കരുത്തായത്. 1.71 ലക്ഷം കോടി രൂപ വീതം അവർ ഓഹരികളിൽ നിക്ഷേപിച്ചു.

വിദേശനിക്ഷേപ ഫണ്ടുകൾ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1459.12 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 554.39 കോടിയുടെ ഓഹരികളും വാങ്ങി.

വിപണി പുതിയ വർഷവും ബുള്ളിഷ് കുതിപ്പ് തുടരും എന്നാണു നിഗമനം. എന്നാൽ ഈ ദിവസങ്ങളിൽ വിപണിയിൽ ലാഭമെടുക്കൽ മൂലം വിൽപനസമ്മർദം ഉണ്ടാകും. ഇക്കൊല്ലം പലിശ നിരക്ക് കുറയുന്നതിലാണു വിപണിയുടെ പ്രതീക്ഷകളത്രയും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിപണി പ്രതീക്ഷിക്കുന്ന തരം റിസൽട്ട് ഉണ്ടായില്ലെങ്കിൽ വലിയ തിരിച്ചടി നേരിടാം. അത്തരം പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ 10-15 ശതമാനം കയറ്റം വിപണിക്കുണ്ടാകും എന്നാണു പൊതു നിഗമനം. നിഫ്റ്റിക്ക് ഇന്ന് 21,690 ലും 21,630 ലും പിന്തുണ ഉണ്ട്. 21,765 ഉം 21,820 ഉം തടസങ്ങളാകാം.

ചെങ്കടലിലെ ഹൂതീ ആക്രമണഭീഷണിക്കു ശമനം വന്നിട്ടില്ലെന്നു വർഷാന്ത്യം തെളിയിച്ചു. ഇന്നല മെർസ്കിന്റെ ഒരു കണ്ടെയ്നർ കപ്പലിനു നേരേ ആദ്യം മിസൈൽ പ്രയോഗിച്ചു. പിന്നീടു കപ്പൽ പിടിക്കാൻ മൂന്നു ഹൂതീ ബോട്ടുകൾ സമീപിച്ചു. അവയെ യുഎസ് നേവി ഹെലികോപ്റ്ററുകൾ തകർത്തു. ഇതേ തുടർന്ന് ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം മെർസ്ക് നിർത്തി. നവവത്സര അവധിക്കു ശേഷം വിപണി തുറക്കുമ്പോൾ ക്രൂഡ് ഓയിൽ വില ഉയരാൻ ഇതു കാരണമാകാം. വെള്ളിയാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 77.08 ഡോളറിലും ഡബ്ള്യുടിഐ ഇനം 71.65 ഡോളറിലുമാണു ക്ലോസ് ചെയ്തത്.

വർഷാന്ത്യത്തിൽ സ്വർണം ചെറിയ താഴ്ചയിലായി. വെള്ളിയാഴ്ച രണ്ടു ഡോളർ താഴ്ന്ന് 2063.20 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 2066 ഡോളറിലേക്കു കയറി.

കേരളത്തിൽ പവൻവില വെള്ളിയാഴ്ച 280 രൂപ കുറഞ്ഞ് 46,8400 രൂപയിൽ എത്തി.

ഡോളർ സൂചിക വെള്ളിയാഴ്ച അൽപം ഉയർന്ന് 101.38- ൽ ക്ലോസ് ചെയ്തു.

ഡോളർ മൂന്നു പൈസ കയറി 83.20 രൂപയിൽ ക്ലോസ് ചെയ്തു.

ക്രിപ്‌റ്റോ കറൻസികൾ ദുർബലമായി. ബിറ്റ്കോയിൻ ഇന്നു രാവിലെ 42,200 ഡോളറിനു സമീപമാണ്. ഇക്കൊല്ലം ബിറ്റ് കോയിൻ 60,000 ഡോളർ മുതൽ അഞ്ചു ലക്ഷം ഡോളർ വരെ എത്തുമെന്നു പ്രവചിക്കുന്നവർ ഉണ്ട്.

വിപണിസൂചനകൾ (2023 ഡിസംബർ 29, വെള്ളി)

സെൻസെക്സ്30 72,240.26 -0.23%

നിഫ്റ്റി50 21,731.40 -0.22%

ബാങ്ക് നിഫ്റ്റി 48,292.25 -0.45%

മിഡ് ക്യാപ് 100 46,181.65 +0.80%

സ്മോൾ ക്യാപ് 100 15,143.65 +0.61%

ഡൗ ജോൺസ് 30 37,689.50 -0.05%

എസ് ആൻഡ് പി 500 4769.83 -0.28%

നാസ്ഡാക് 15,011. 30 -0.56%

ഡോളർ ($) ₹83.20 +₹0.03

ഡോളർ സൂചിക 101.38 +0.15

സ്വർണം (ഔൺസ്) $2063.20 -$02.21

സ്വർണം (പവൻ) ₹46,840 -₹240.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $77.08 -$1.30

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it