ചോദ്യങ്ങളുമായി നവംബറിലേക്ക്; ഫെഡ് തീരുമാനം ഇന്ന് രാത്രി; ജി.ഡി.പി വളർച്ച കൂടുമെന്ന് റിസർവ് ബാങ്ക്; ഏഷ്യൻ വിപണികൾ കുതിപ്പിൽ
ഭാവിയെപ്പറ്റി യു.എസ് ഫെഡ് ഇന്ന് എന്തു പറയും? പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വ്യാപകമാകുമോ? ഇന്ത്യയിൽ രാഷ്ട്രീയ മാറ്റത്തിനു സാധ്യതയുണ്ടോ? വിദേശ നിക്ഷേപകർ കഴിഞ്ഞ മാസത്തേതു പോലെ വിൽപന സമ്മർദം തുടരുമോ? ഇങ്ങനെ ഒരു പിടി ചോദ്യങ്ങളുമായാണ് വിപണി നവംബറിലെ ഒന്നാം ദിവസം തുടങ്ങുന്നത്.
ഉത്തരങ്ങളെപറ്റിയുള്ള അനിശ്ചിതത്വം വിപണിയെ ഇന്നലെയും താഴ്ത്തി. വിദേശ വിപണികളും ഇന്നലെ ചാഞ്ചാട്ടത്തിലായിരുന്നു. ഇന്ന് രാവിലെ ഏഷ്യൻ വിപണികൾ വലിയ ഉയർച്ചയിലാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്.
ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കൾ രാത്രി 19,140 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,111 വരെ താണിട്ട് 19,130 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.
യൂറോപ്യൻ സൂചികകൾ ഇന്നലെയും നേട്ടത്തിലായിരുന്നു. യൂറോസോൺ ജിഡിപി മൂന്നാം പാദത്തിൽ 0.1 ശതമാനം ചുരുങ്ങി. പ്രതീക്ഷയേക്കാൾ മോശമാണ് കണക്കുകൾ. അതേ സമയം ഒക്ടോബറിലെ യൂറോസോൺ ചില്ലറ വിലക്കയറ്റം രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന 2.9 ശതമാനത്തിലേക്കു താണു. ഇതു പ്രതീക്ഷയിലും മെച്ചമാണ്.
ചൊവ്വാഴ്ച യു.എസ് സൂചികകൾ ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഇന്നു ഫെഡ് തീരുമാനം വരുന്നതു പ്രമാണിച്ചു വിപണി അനിശ്ചിതത്വത്തിലായിരുന്നു.
ഇന്നലെ ഡൗ ജോൺസ് 123.91 പോയിന്റ് (0.38%) കയറി 33,052.87 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 26.98 പോയിന്റ് (0.65%) ഉയർന്ന് 4193.8 ൽ അവസാനിച്ചു. നാസ്ഡാക് 61.76 പോയിന്റ് (0.48%) കയറി 12,851.24 ൽ ക്ലോസ് ചെയ്തു. മൂന്നു സൂചികകളും ഒക്ടോബറിൽ നഷ്ടത്തിൽ അവസാനിപ്പിക്കും എന്നാണു സൂചന. 2020 മാർച്ചിനു ശേഷം തുടർച്ചയായി മൂന്നു മാസം നഷ്ടത്തിലായ ആദ്യ അവസരമാണിത്. ഡൗ 1.4 ഉം എസ് ആൻഡ് പി 2.2 ഉം ശതമാനം പ്രതിമാസ നഷ്ടത്തിലായി. നാസ്ഡാക് സായിക 2.8 ശതമാനം ഇടിഞ്ഞു.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.929 ശതമാനമായി ഉയർന്നു. യുഎസ് ഫെഡ് യോഗ തീരുമാനം ഇന്നു രാത്രി പ്രഖ്യാപിക്കും. പലിശ കൂട്ടുകയില്ലെന്ന ഉറപ്പിലാണു വിപണി. സമ്പദ്ഘടനയെയും വിലക്കയറ്റത്തെയും പറ്റി ഫെഡ് എന്തു പറയുന്നു എന്നതാണു വിപണിക്കറിയേണ്ടത്.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.25 ഉം എസ് ആൻഡ് പി 0.30 ഉം നാസ്ഡാക് 0.27 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു വലിയ ആവേശത്തിലാണ്. ജപ്പാനിൽ നിക്കെെ 1.6 ശതമാനം ഉയർന്നു വ്യാപാരം തുടങ്ങി. പിന്നീടു രണ്ടു ശതമാനത്തിലധികമായി. ബാങ്ക് ഓഫ് ജപ്പാൻ ഇന്നലെ പണനയ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. എന്നാൽ വിപണിക്കു കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു. രാവിലെ ഇടിവിലായിരുന്ന നിക്കൈ സൂചിക പിന്നീടു നേട്ടത്തിൽ അവസാനിച്ചു. കൊറിയൻ വിപണി 0.75 ശതമാനം കയറിയാണു വ്യാപാരം ആരംഭിച്ചത്.
ചൈനയിലും ഇന്നു വിപണി നല്ല കയറ്റത്തിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചൊവ്വാഴ്ച വ്യാപാരത്തുടക്കത്തിൽ ഉയർന്നു. കുറേ കഴിഞ്ഞു സൂചികകൾ താഴാേട്ടു നീങ്ങി. നിഫ്റ്റി ദിവസത്തിലെ ഉയരത്തിൽ നിന്ന് 150 പോയിന്റോളം താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് 237.72 പോയിന്റ് (0.37%) താഴ്ന്ന് 63,874.93 ൽ അവസാനിച്ചു. നിഫ്റ്റി 61.30 പോയിന്റ് (0.32%) താണ് 19,079.60 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 193.2 പോയിന്റ് (0.45%) കുറഞ്ഞ് 42,845.95ൽ വ്യാപാരം അവസാനിപ്പിച്ചു.
മിഡ് ക്യാപ് സൂചിക 0.37 ശതമാനം കയറി 38,876.95 ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 0.06 ശതമാനം താഴ്ന്ന് 12,645.9-ൽ അവസാനിച്ചു.
ഇന്നലെ വിപണി ഇടിഞ്ഞത് എളുപ്പം തിരിച്ചു കയറാമെന്ന ബുൾ പ്രതീക്ഷകൾക്കു തിരിച്ചടിയായി. നിഫ്റ്റിക്ക് ഇന്ന് 19,055 ലും 18,950 ലുമാണു പിന്തുണ.19,190 ലും 19,300 ലും തടസങ്ങൾ പ്രതീക്ഷിക്കാം.
വാഹന, ബാങ്കിംഗ്, മെറ്റൽ, ഫാർമ, ഐടി, ഓയിൽ -ഗ്യാസ് ഓഹരികൾ ഇന്നലെ താഴ്ചയിലായി. റിയൽറ്റി, മീഡിയ, കൺസ്യൂമർ ഡ്യുറബിൾസ്, എഫ്എംസിജി മേഖലകൾ നേട്ടം ഉണ്ടാക്കി.
വിപണിയിൽ വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്. ചൊവ്വാഴ്ച വിദേശികൾ ക്യാഷ് വിപണിയിൽ 696.02 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 340.25 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഒക്ടോബറിൽ വിദേശികൾ 25,000 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിന്നു പിൻവലിച്ചത്.
ജൂലൈ - സെപ്റ്റംബർ രണ്ടാം പാദത്തിലെ ജി.ഡി.പി വളർച്ച പ്രതീക്ഷയിലും കൂടുതലാകുമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് ഇന്നലെ പറഞ്ഞു. ഒന്നാം പാദത്തിൽ 7.8 ശതമാനമായിരുന്നു വളർച്ച. രണ്ടാം പാദത്തിൽ 6.5 ശതമാനമാണ് റിസർവ് ബാങ്ക് നേരത്തേ കണക്കാക്കിയത്. നവംബർ 30 നാണു രണ്ടാം പാദ ജിഡിപി കണക്ക് പുറത്തു വരിക.
ഈ ധനകാര്യ വർഷം 6.5 ശതമാനം വളർച്ചയാണു കണക്കാക്കുന്നത്. രണ്ടാം പകുതിയിൽ വളർച്ചത്തോത് കുറയുമെന്നും റിസർവ് ബാങ്ക് കണക്കാക്കിയിരുന്നു.
വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ഇടിവിലായി. അലൂമിനിയം 0.72 ശതമാനം താണു ടണ്ണിന് 2249.94 ഡോളറിലായി. ചെമ്പ് 0.89 ശതമാനം താഴ്ന്ന് ടണ്ണിന് 8037.15 ഡോളറിലെത്തി. ലെഡ് 2.04 ഉം നിക്കൽ 2.02 ഉം സിങ്ക് 1.27 ഉം ടിൻ 1.1 ഉം ശതമാനം ഇടിഞ്ഞു.
ക്രൂഡ് ഓയിലും സ്വർണവും
പശ്ചിമേഷ്യൻ സാഹചര്യം കൂടുതൽ വഷളാകാത്തത് ക്രൂഡ് ഓയിൽ വില ഉയരാതെ കാത്തു. ബ്രെന്റ് ഇനം ക്രൂഡ് 87.41 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.36 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില യഥാക്രമം 87.34 ഉം 81.26 ഉം ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 88.47 ഡോളറിൽ വ്യാപാരം നടക്കുന്നു. ജർമനിയിലെ മാന്ദ്യം എണ്ണ ഡിമാൻഡ് കുറയ്ക്കും എന്നു വിപണി കരുതുന്നു.
സ്വർണം വീണ്ടും താഴ്ചയിലാണ്. ചൊവ്വാഴ്ച 2009 ഡോളർ വരെ കയറിയിട്ട് 1984.3 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഔൺസിന് 12.2 ഡോളർ കുറഞ്ഞു. ഇന്നു രാവിലെ 1980.10 ഡോളറിലേക്കു താണു.
കേരളത്തിൽ ചൊവ്വാഴ്ച പവൻവില 400 രൂപ ഇടിഞ്ഞ് 45,360 രൂപയിലെത്തി. ഇന്നു വീണ്ടും കുറയും.
ഡോളർ തിങ്കളാഴ്ച രണ്ടു പൈസ കുറഞ്ഞ് 83.24 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ചൊവ്വാഴ്ച ഉയർന്ന് 106.66 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.71-ലേക്കു കയറി.
ക്രിപ്‌റ്റോ കറൻസികൾ ഉയർന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ 34,650നു സമീപമാണ്.
കാതൽ മേഖലയിൽ വളർച്ച കുറഞ്ഞു
സെപ്റ്റംബറിൽ എട്ടു കാതൽ വ്യവസായങ്ങളുടെ വളർച്ച കുറഞ്ഞു. ഓഗസ്റ്റിലെ 12.5 ശതമാനത്തിൽ നിന്ന് 8.1 ശതമാനത്തിലേക്കാണ് താഴ്ച. നാലു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വളർച്ചയാണിത്.
ഓഗസ്റ്റിനെ അപേക്ഷിച്ച് മിക്കവാറും എല്ലാ മേഖലകളിലും വളർച്ച കുറവായിരുന്നു. 4.8 ശതമാനമാണു തലേ മാസത്തിൽ നിന്നുള്ള താഴ്ച. രാസവള ഉൽപാദനം ആണ് ഓഗസ്റ്റിനെ അപേക്ഷിച്ചു കുതിച്ചത്. ക്രൂഡ് ഓയിൽ, കൽക്കരി, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, സിമന്റ്, സ്റ്റീൽ, വൈദ്യുതി എന്നിവയുടെ ഉൽപാദന വളർച്ച കുറഞ്ഞു. സിമന്റ് ഉൽപാദനം ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ക്രൂഡ് ഓയിൽ ഉൽപാദനം പ്രതിമാസ കണക്കിലും വാർഷിക കണക്കിലും കുറവായി.
ഇതോടെ അർധവർഷത്തെ കാതൽ മേഖലാ വളർച്ച 7.8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം 9.8 ശതമാനം ഉണ്ടായിരുന്നു. വ്യവസായ ഉൽപാദന സൂചികയിൽ 40.27 ശതമാനം കാതൽ മേഖലയുടേതാണ്. ഇതിലെ കുറവ് വ്യവസായ വളർച്ചയെ ഒറ്റയക്കത്തിലേക്കു താഴ്ത്തും എന്ന് ആശങ്കയുണ്ട്.
എയർടെലിനു വിനയായി കോടതി വിധി
സുപ്രീം കോടതി വിധിയെ തുടർന്നു വന്ന വലിയ പലിശ ബാധ്യത ഭാരതി എയർടെലിന്റെ രണ്ടാം പാദ റിസൽട്ടിനെ നിരാശാജനകമാക്കി. ലെെസൻസ് ഫീസ് കുടിശികയ്ക്ക് 1350 കോടി രൂപ പലിശ നൽകേണ്ടി വന്നു. ഇതോടെ ലാഭം 37.5 ശതമാനം കുറഞ്ഞു. അനാലിസ്റ്റുകളുടെ നിഗമനത്തേക്കാൾ മോശമായി വരുമാനവും ലാഭവും.
ഇന്ത്യയിലെ വരുമാനം 10.9 ശതമാനം കൂടി 26,995 കോടി രൂപയായി. തലേ പാദത്തിൽ 13 ശതമാനം വളർന്നതാണ്. മൊത്തം വരുമാനം 7.3 ശതമാനം കൂടി 37,044 കോടി രൂപയായി. പ്രതീക്ഷ 38,097 കോടിയായിരുന്നു. 3205 കോടി പ്രതീക്ഷിച്ച സ്ഥാനത്തു ലാഭം 1340.7 കോടി മാത്രം. തലേ പാദത്തിൽ 1613 കോടി ലാഭം ഉണ്ടായിരുന്നു.
ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) 6.8 ശതമാനം വർധിച്ച് 203 രൂപയായി. ജിയോയ്ക്ക് 181.7 രൂപയും വോഡഫോണിന് 142 രൂപയുമാണ് എആർപിയു.
നെെജീരിയൻ കറൻസിയുടെ മൂല്യം കുറഞ്ഞതു കമ്പനിയുടെ ആഫ്രിക്കൻ വരുമാനം 1.6 ശതമാനം കുറച്ചു.
എൽ ആൻഡ് ടി കുതിച്ചു
വരുമാനവും അറ്റാദായവും ഗണ്യമായി വർധിപ്പിച്ച ലാർസൻ ആൻഡ് ടൂബ്രോ അനാലിസ്റ്റുകളുടെ നിഗമനങ്ങൾ മറികടന്നു. അറ്റാദായ വർധന വാർഷികാടിസ്ഥാനത്തിൽ 44.6 ഗതമാനമാണ്. 3223 കോടിയാണ് അറ്റാദായം. വരുമാനം 19.3 ശതമാനം വർധിച്ച് 51,024 കോടി രൂപയായി. വിദേശത്തു നിന്നുള്ള വരുമാനം (21,898 കോടി) ആകെ വരവിന്റെ 43 ശതമാനം ഉണ്ട്.
ഹൈദരാബാദ് മെട്രോയോടു ചേർന്നുള്ള ഭൂമി വിറ്റു കിട്ടിയ തുക മറ്റു വരുമാനം 1133 കോടിയാക്കാൻ സഹായിച്ചു. നാലര ലക്ഷം കോടി രൂപയുടെ കരാറുകളാണ് സെപ്റ്റംബർ അവസാനം കമ്പനിക്കുള്ളത്. രണ്ടാം പാദത്തിലെ പുതിയ കരാറുകൾ 89,153 കോടി രൂപയുടേതാണ്. സൗദി അറേബ്യയിൽ നിന്നാണു കൂടുതൽ കരാറുകൾ.
വിപണി സൂചനകൾ
(2023 ഒക്ടോബർ 31, ചാെവ്വ)
സെൻസെക്സ്30 63,874.93 -0.37%
നിഫ്റ്റി50 19,079.60 -0.32%
ബാങ്ക് നിഫ്റ്റി 42,845.95 -0.45%
മിഡ് ക്യാപ് 100 38,876.95 +0.37%
സ്മോൾ ക്യാപ് 100 12,649.90 -0.106%
ഡൗ ജോൺസ് 30 33,052.87 +0.38%
എസ് ആൻഡ് പി 500 4193.80 +0.65%
നാസ്ഡാക് 12,851.24 +0.48%
ഡോളർ ($) ₹83.24 -₹0.02
ഡോളർ സൂചിക 106.66 +0.44
സ്വർണം (ഔൺസ്) $1984.30 -$12.20
സ്വർണം (പവൻ) ₹45,360 -₹400.00
ക്രൂഡ് ബ്രെന്റ് ഓയിൽ $87.4 1 -$0.04