ആവേശത്തുടക്കത്തിനു ശേഷം ദൗര്‍ബല്യം; നല്ല ഓഹരികള്‍ വാങ്ങാന്‍ അവസരം വരും, ക്രൂഡ് ഓയില്‍ കയറ്റത്തില്‍

പുതിയ ധനകാര്യ വര്‍ഷത്തിലെ ആദ്യ വ്യാപാരദിനത്തില്‍ ഇന്ത്യന്‍ വിപണി നല്ല നേട്ടം കുറിച്ചെങ്കിലും അതു തുടരാനായില്ല. റെക്കോഡ് കുറിച്ചിട്ടു താഴ്ന്നു ക്ലോസ് ചെയ്തു. യു.എസ് വിപണി താഴ്ന്നതും ഫ്യൂച്ചേഴ്‌സ് കൂടുതല്‍ താഴുന്നതും ഇന്ത്യന്‍ വിപണിയെ ഇന്നു സ്വാധീനിക്കാം. താഴ്ചകള്‍ വാങ്ങാനുള്ള അവസരങ്ങളാക്കണമെന്നു നിക്ഷേപ വിദഗ്ധര്‍ പറയുന്നു. ഇന്നു വരുന്ന യു.എസ് തൊഴില്‍ കണക്ക് വിപണിഗതിയെ സ്വാധീനിക്കും.

ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 22,493ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,553ലെത്തി. ഇന്ത്യന്‍ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച അവധിയായിരുന്നു. യൂറോപ്യന്‍ സൂചികകള്‍ 2024ലെ ആദ്യപാദം 6.8 ശതമാനം നേട്ടത്തിലാണ് അവസാനിപ്പിച്ചത്.
യു.എസ് വിപണി തിങ്കളാഴ്ച പൊതുവേ താഴ്ചയിലായി. ഡൗ ജോണ്‍സ് ഒരവസരത്തില്‍ മുന്നൂറിലേറെ പോയിന്റ് താണു. എസ് ആന്‍ഡ് പിയും ചെറിയ താഴ്ചയിലാണ് അവസാനിച്ചത്. ടെക് ഓഹരികള്‍ നിറഞ്ഞ നാസ്ഡാക് ചെറിയ നേട്ടത്തില്‍ അവസാനിച്ചെങ്കിലും ദിവസത്തിലെ ഉയര്‍ച്ചയില്‍ നിന്നു ഗണ്യമായി താണു.
ഡൗ ജോണ്‍സ് സൂചിക 240.52 പോയിന്റ് (0.60%) താഴ്ന്ന് 39,566.90ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 10.58 പോയിന്റ് (0.20%) കുറഞ്ഞ് 5243.77ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 17.37 പോയിന്റ് (0.11%) കയറി 16,396.80ല്‍ എത്തി.
കഴിഞ്ഞയാഴ്ച പുറത്തുവന്ന വളര്‍ച്ച, വിലക്കയറ്റ കണക്കുകളും ഇന്നലെ വന്ന ഫാക്ടറി ഉത്പാദന കണക്കും പ്രതീക്ഷയേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു. വളര്‍ച്ചയ്ക്കു കോട്ടമില്ല, വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുന്നു, ഫാക്ടറി ഉത്പാദനവും വളര്‍ച്ച കാണിക്കുന്നു. വേഗം പലിശ കുറച്ച് ഉത്തേജനം പകരേണ്ട സാഹചര്യമില്ല. ഇതോടെ ജൂണില്‍ പലിശ കുറച്ചു തുടങ്ങാനുള്ള സാധ്യത കുറഞ്ഞതായി ചിലരെങ്കിലും കരുതുന്നു. അതാണു യു.എസ് വിപണിയെ താഴ്ത്തിയത്. യു.എസ് കടപ്പത്ര വിപണി പുതിയ കണക്കുകളോടു കൂടുതല്‍ തീവ്രമായി പ്രതികരിച്ചു. 10 വര്‍ഷ സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.32 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 4.19 ആയിരുന്നു.
കഴിഞ്ഞ മാസത്തെ തൊഴില്‍ വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നു പുറത്തുവരും. വിപണിഗതിയെ സ്വാധീനിക്കാന്‍ അതിലെ വിവരങ്ങള്‍ക്കു സാധിക്കും.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.35 ശതമാനവും എസ് ആന്‍ഡ് പി 0.17 ശതമാനവും നാസ്ഡാക് 0.18 ശതമാനവും താഴ്ന്നു നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികള്‍ തിങ്കളാഴ്ച ഭിന്ന ദിശകളിലായിരുന്നു. ചൈനയില്‍ ഫാക്ടറി ഉത്പാദനം വര്‍ധിച്ചത് ചൈനീസ് വിപണിയെ ഒരു ശതമാനം ഉയര്‍ത്തി. എന്നാല്‍ ജപ്പാനില്‍ ബിസിനസ് ആത്മവിശ്വാസം കുറഞ്ഞത് നിക്കൈ സൂചികയെ 40,000ന് താഴെയാക്കി. ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ ചെറിയ നേട്ടത്തിലാണ്.
ഇന്ത്യന്‍ വിപണി
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി ആവേശകരമായ തുടക്കം കുറിച്ചു. എന്നാല്‍ പിന്നീടു നേട്ടം ഗണ്യമായി കുറഞ്ഞു. രാവിലെ സെന്‍സെക്‌സ് 74,254.62 വരെയും നിഫ്റ്റി 22,529.95 വരെയും കയറി റെക്കോര്‍ഡ് കുറിച്ചു. പിന്നീട് ഈ നേട്ടം നിലനിര്‍ത്തിയില്ല.
സെന്‍സെക്‌സ് 363.20 പോയിന്റ് (0.49%) ഉയര്‍ന്ന് 74,014.55ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 135.10 പോയിന്റ് (0.61%) കയറി 22,462 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 453.65 പോയിന്റ് (0.96%) കയറി 47,578.25ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.74 ശതമാനം ഉയര്‍ന്ന് 48,912.05ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 3.26 ശതമാനം കുതിച്ച് 15,768.40ല്‍ വ്യാപാരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 522.30 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1208.42 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണിയുടെ ആദ്യ കുതിപ്പും പിന്നീടുള്ള കിതപ്പും ഇന്നു മുന്നേറ്റം തുടരാനുള്ള സാധ്യത കുറവാണെന്നു കാണിക്കുന്നു. വിപണി സമാഹരണത്തിനോ ചെറിയ താഴ്ചയ്‌ക്കോ സജ്ജമാണെന്നാണു ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 22,500 കടക്കാനായാല്‍ കുതിപ്പ് തുടരാം.
നിഫ്റ്റിക്ക് 22,430ലും 22,370ലും പിന്തുണ ഉണ്ട്. 22,470ലും 22,575ലും തടസങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്വര്‍ണം അല്‍പം താഴ്ന്നു

സ്വര്‍ണവില ഉയരത്തില്‍ നിന്ന് അല്‍പം താഴ്ന്നു. തിങ്കളാഴ്ച 2,266 ഡോളര്‍ വരെ കയറിയിട്ട് താഴ്ന്ന് 2,252.20ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,249 ഡോളറിലേക്കു താഴ്ന്നു. യു.എസില്‍ പലിശ നിരക്ക് താഴ്ത്താന്‍ ധൃതി ഇല്ലെന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞതു വിപണിയില്‍ ചെറിയ ചലനമേ ഉണ്ടാക്കിയുള്ളൂ.
കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണം പവന് 680 രൂപ വര്‍ധിച്ച് 50,880 രൂപയായി റെക്കോഡ് കുറിച്ചു.
ഡോളര്‍ സൂചിക ഉയര്‍ന്നു തുടരുന്നു. തിങ്കളാഴ്ച 105.02ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105.04ലേക്കു കയറി. മാസങ്ങള്‍ക്കു ശേഷമാണു സൂചിക 105ന് മുകളിലാകുന്നത്.
തിങ്കളാഴ്ച ഇന്ത്യയില്‍ കറന്‍സി മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചില്ല. ഇന്നു വിപണനം തുടങ്ങുമ്പോള്‍ രൂപ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. റിസര്‍വ് ബാങ്ക് കാര്യമായി ഇടപെട്ടില്ലെങ്കില്‍ ഡോളര്‍ റെക്കോഡ് തിരുത്തിയേക്കാം.
ക്രൂഡ് ഓയില്‍ കയറി
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു ക്ലോസ് ചെയ്തു. ബ്രെന്റ് ഇനം ക്രൂഡ് 87.93 ഡോളര്‍ വരെ കയറിയിട്ട് 87.74 ഡോളറില്‍ ക്ലോസ് ചെയ്തു. ഡബ്‌ള്യു.ടി.ഐ ഇനം 84.02ലും യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 87.84 ഡോളറിലും ആണ്. ഡമാസ്‌കസിലെ ഇറാനിയന്‍ എംബസിയുടെ ഒരു കെട്ടിടത്തിനു നേരേ ഇസ്രയേല്‍ മിസൈല്‍ പ്രയോഗിച്ച് ഒരു പ്രമുഖ സേനാധിപനെ വധിച്ചത് സംഘര്‍ഷ സാധ്യത കൂട്ടി. എണ്ണ വില കൂടിയത് ഈ സാഹചര്യത്തിലാണ്.
ക്രിപ്‌റ്റോകള്‍ താഴ്ന്നു
ക്രിപ്‌റ്റോ കറന്‍സികള്‍ തിങ്കളാഴ്ച അല്‍പം താഴ്ന്നു. ബിറ്റ് കായിന്‍ വീണ്ടും 70,000 ഡോളറിനു താഴെയായി. ഈഥര്‍ അടക്കം മറ്റു ക്രിപ്‌റ്റോകളും ചാഞ്ചാടി.
ജി.എസ്.ടി പിരിവില്‍ കുതിപ്പ്
മാര്‍ച്ചിലെ ജി.എസ്.ടി പിരിവ് കുതിച്ചു. റീഫണ്ടുകള്‍ക്കു ശേഷമുള്ള നികുതി 18.4 ശതമാനം കൂടി 1.65 ലക്ഷം കോടി രൂപയായി. ഫെബ്രുവരിയില്‍ 13.6 ശതമാനമായിരുന്നു വളര്‍ച്ച. 2023-24 വര്‍ഷത്തെ ജി.എസ്.ടി 13.4 ശതമാനം വര്‍ധിച്ച് 18.01 ലക്ഷം കോടി രൂപയായി. പുതുക്കിയ ബജറ്റിലെ പ്രതീക്ഷയേക്കാള്‍ കൂടുതലാണു ജി.എസ്.ടി പിരിവ്. പ്രതിമാസ ശരാശരി പിരിവ് 1.5 ലക്ഷം കോടി രൂപയില്‍ നിന്ന് 1.68 ലക്ഷം കോടി രൂപയായി.
യാത്രാവാഹന വില്‍പനയില്‍ റെക്കോഡ്
2023-24ലെ യാത്രാവാഹന വില്‍പന 8.7 ശതമാനം ഉയര്‍ന്ന് റെക്കോഡ് ആയി. 42.3 ലക്ഷം യാത്രാ വാഹനങ്ങള്‍ വിറ്റു. തലേ വര്‍ഷം 38.9 ലക്ഷമായിരുന്നു വില്‍പന.
മാരുതി സുസുക്കിയുടെ വില്‍പന 9.52 ശതമാനം കൂടി 17.6 ലക്ഷം ആയി. കമ്പനിയുടെ വിപണി പങ്ക് 0.4 ശതമാനം കൂടി 41.6 ശതമാനമായി. ആഭ്യന്തര വില്‍പനയില്‍ മാരുതി 15 ശതമാനം വളര്‍ച്ച കാണിച്ചു.
ഹ്യൂണ്ടായി വില്‍പന 8.3 ശതമാനം കൂടി 6.15 ലക്ഷം ആയി. ടാറ്റാ മോട്ടോഴ്‌സ് വില്‍പന ആറു ശതമാനം വളര്‍ച്ചയോടെ 5.71 ലക്ഷത്തില്‍ എത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 28 ശതമാനം വര്‍ധനയോടെ 4.6 ലക്ഷം യാത്രാവാഹനങ്ങള്‍ വിറ്റു. ടൊയോട്ട കിര്‍ലോസ്‌കര്‍ 48 ശതമാനം വളര്‍ന്ന് 2.64 ലക്ഷം വാഹനങ്ങള്‍ വിറ്റു.
യാത്രാവാഹനങ്ങളില്‍ 51 ശതമാനം എസ്.യു.വികളാണ്. തലേ വര്‍ഷം 43 ശതമാനമായിരുന്നു എസ്.യു.വിയുടെ പങ്ക്.
ടൂ വീലറില്‍ ഒന്നാം സ്ഥാനത്തുള്ള ഹീറോ മോട്ടോ കോര്‍പ്പിന്റെ വില്‍പന 8.64 ശതമാനം കുറഞ്ഞ് 4.59 ലക്ഷമായി. ടി.വി.എസ് മോട്ടോര്‍ വില്‍പന എട്ടു ശതമാനം കൂടി 2.61 ലക്ഷമായി.
വാണിജ്യവാഹനങ്ങളില്‍ ഒന്നാമതുള്ള ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പന 10 ശതമാനം കുറഞ്ഞ് 40,712 ആയി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 6.32 ശതമാനം കുറവോടെ 26,209 വണ്ടികള്‍ വിറ്റു. ലെയ്‌ലന്‍ഡ് വില്‍പന ഏഴു ശതമാനം കുറഞ്ഞ 21,317 ല്‍ എത്തി.
വിപണിസൂചനകള്‍
(2024 ഏപ്രില്‍ 01, തിങ്കള്‍)
സെന്‍സെക്‌സ്30 74,014.55 +0.49%
നിഫ്റ്റി50 22,462.00 +0.61%
ബാങ്ക് നിഫ്റ്റി 47,578.25 +0.96%
മിഡ് ക്യാപ് 100 48,912.05 +1.74%
സ്‌മോള്‍ ക്യാപ് 100 15,768.40 +3.26%
ഡൗ ജോണ്‍സ് 30 39,566.90 -0.60%
എസ് ആന്‍ഡ് പി 500 5243.77 -0.20%
നാസ്ഡാക് 16,396.80 +0.11%
ഡോളര്‍ ($) ₹83.40 ₹0.00
ഡോളര്‍ സൂചിക 105.02 +0.47
സ്വര്‍ണം (ഔണ്‍സ്) $2252.20 +$18.20
സ്വര്‍ണം (പവന്‍) ₹50,880 +₹680.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $87.74 +$0.73
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it