വിപണിയിൽ ബുൾ-ബെയർ ബലപരീക്ഷ; ചെങ്കടൽ സംഘർഷം ക്രൂഡ് വില കൂട്ടുന്നു; ഉപഗ്രഹ ഇന്റർനെറ്റ് വിപണിയിൽ പോര് മുറുകും; വോഡഫോണിൽ കണ്ണുവച്ച് മസ്ക്

കുതിച്ചു കയറാൻ ആഗ്രഹിക്കുന്ന വിപണിയെ പിടിച്ചു നിർത്താൻ ലാഭമെടുക്കലുകാർക്കു കഴിയുന്നതാണ് പുതുവത്സര ദിനത്തിൽ കണ്ടത്. ഇന്നും ഈ രണ്ടു പ്രവണതകൾ തമ്മിലുള്ള വടംവലി പ്രതീക്ഷിക്കാം.

ഏഷ്യൻ രാജ്യങ്ങളിലെ ഫാക്ടറി ഉൽപാദന കണക്കുകൾ ഇന്ന് വിപണികളെ സ്വാധീനിക്കും. ചെങ്കടൽ മേഖലയിലെ സംഘർഷം കൂടുന്നത് കയറ്റുമതി മേഖലയ്ക്ക് ക്ഷീണമാകും. ക്രൂഡ് ഓയിൽ വില ഇന്നുരാവിലെ ഒന്നേകാൽ ശതമാനം ഉയർന്നു.

ക്രൂഡ് ഓയിലിന്റെ അമിതലാഭ നികുതി വർധിപ്പിച്ചും ഡീസലിന്റെയും പെട്രാേളിന്റെയും നികുതി കുറച്ചും ഗവണ്മെന്റ് ഇന്നുരാവിലെ ഉത്തരവിറക്കി. ഓയിൽ കമ്പനികളെ ഇതു ബാധിക്കും.

തിങ്കൾ രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,845 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,860 ലാണ്. ഇന്ത്യൻ വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

യു.എസ്, യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച അവധിയായിരുന്നു. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേട്ടത്തിലാണ്. ഡൗ 0.11 ഉം എസ് ആൻഡ് പി 0.13 ഉം നാസ്ഡാക് 0.08 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

10 വർഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 3.88 ശതമാനത്തിലേക്കു കയറി.

ഏഷ്യൻ വിപണികൾ ഇന്ന് ഭിന്നദിശകളിലാണ്. പുതു വർഷദിനത്തിലെ ഭൂകമ്പവും സുനാമിയും ഏൽപിച്ച ആഘാതത്തിൽ നിന്നു ജപ്പാൻ കരകയറിത്തുടങ്ങി. ചെെനീസ് വിപണികൾ ഇന്നു താഴ്ന്നു. ഓസ്ട്രേലിയൻ, കൊറിയൻ വിപണികൾ ഉയർന്നു.

തിങ്കളാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങി, പിന്നീടു കൂടുതൽ താഴ്ന്നു. ഉച്ചയ്ക്കു ശേഷം തിരിച്ചു കയറി. മുഖ്യ സൂചികകൾ റെക്കോർഡ് ഉയരം കുറിച്ചു. അവസാന മിനിറ്റുകളിൽ നേട്ടം ഏതാണ്ടു മുഴുവനായി നഷ്ടപ്പെടുത്തി നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് ഇന്നലെ 72,031 വരെ താഴുകയും 72,561.91 വരെ കയറുകയും ചെയ്തു. നിഫ്റ്റി 21,680.85 നും 21,834.35നും ഇടയിൽ ഇറങ്ങിക്കയറി.

സെൻസെക്സ് 31.68 പോയിന്റ് (0.04%) കയറി 72,271.94 ലും നിഫ്റ്റി 10.5 പോയിന്റ് (0.05%) ഉയർന്ന് 21,741.90 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 57.95 പോയിന്റ് (0.12%) താഴ്ന്നു 48,234.30 ൽ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.63 ശതമാനം കയറി 46, 472.45 ലും സ്മോൾ ക്യാപ് സൂചിക 0.54 ശതമാനം ഉയർന്ന് 15,226.10 ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപ ഫണ്ടുകൾ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 855.80 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 410.46 കോടിയുടെ ഓഹരികൾ വിറ്റു.

വിപണിയിൽ വിൽപന സമ്മർദം തുടരുകയാണ്. നിഫ്റ്റിക്ക് ഇന്ന് 21,695 ലും 21,600 ലും പിന്തുണ ഉണ്ട്. 21,810 ഉം 21,905 ഉം തടസങ്ങളാകാം.

ജി.എസ്.ടി പിരിവിലെ സൂചനകൾ

ഡിസംബറിലെ ജി.എസ്.ടി പിരിവ് 10.3 ശതമാനം വർധിച്ച് 1,64,800 കോടി രൂപയായി. തുടർച്ചയായ ഏഴാം മാസവും നികുതി 1.6 ലക്ഷം കോടിയിലധികമായി. ഈ ധനകാര്യ വർഷത്തെ ശരാശരി പിരിവ് 1.66 ലക്ഷം കോടിയായി. കഴിഞ്ഞ വർഷം ഇത് 1.49 ലക്ഷം കോടി ആയിരുന്നു. ഒൻപതു മാസത്തെ പിരിവ് 12 ശതമാനം കൂടി 14.97 ലക്ഷം കോടി രൂപയിലെത്തി.

എന്നാൽ ഡിസംബറിലെ വളർച്ച മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. നവംബറിൽ 15.1 ശതമാനം വളർച്ച ഉണ്ടായിരുന്നു. ഉത്സവസീസൺ കഴിഞ്ഞതോടെ നികുതി പിരിവ് കുറഞ്ഞു എന്നാണ് ഇതു കാണിക്കുന്നത്. തലേ മാസത്തെ ഇടപാടുകളുടെ നികുതിയാണ് ഓരോ മാസവും ലഭിക്കുന്നത്. നവംബറ്റിൽ വിൽപനവളർച്ചയുടെ തോത് കുറഞ്ഞു എന്നാണ് ഡിസംബർ പിരിവ് കാണിക്കുന്നത്.

40 ലക്ഷം കടന്നു കാർ വിൽപന

2023 - ൽ ഇന്ത്യൻ വാഹനവ്യവസായം ഒരു നാഴികക്കല്ല് പിന്നിട്ടു. വാർഷിക കാർവിൽപന 40 ലക്ഷം എണ്ണം കടന്നു. കഴിഞ്ഞ വർഷത്തേക്കാൾ എട്ടു ശതമാനം വളർച്ചയോടെ 41.1 ലക്ഷത്തിലേക്ക് കാർ വിൽപന എത്തി. മാരുതി സുസുകി 2.7 ലക്ഷം കയറ്റുമതി അടക്കം 20 ലക്ഷം കാറുകൾ വിറ്റു. ഹ്യുണ്ടായിയുടെ ആഭ്യന്തര വിൽപന ആറു ലക്ഷം എണ്ണം കവിഞ്ഞു.

സമീപ വർഷങ്ങളിലെ കാർ വിൽപനയും വളർച്ചയും ചുവടെ.

2020 24.3 ലക്ഷം -18%

2021 30.8 ലക്ഷം +27%

2022 37.9 ലക്ഷം +23%

2023 41.1 ലക്ഷം +8.4%

വോഡഫോൺ ഐഡിയയുടെ കുതിപ്പും മസ്കിന്റെ ഉപഗ്രഹ സേവനവും

രണ്ടു വ്യാപാരദിവസം കൊണ്ട് വോഡഫോൺ ഐഡിയ ഓഹരി 39 ശതമാനം കയറി. കമ്പനിയിൽ യു.എസ് ശതകാേടീശ്വരനും സ്പേസ് എക്സിന്റെയും ടെസ്ലയുടെയും ഉടമയുമായ ഇലോൺ മസ്ക് പണം മുടക്കും എന്ന റിപ്പോർട്ടാണ് ഈ കുതിപ്പിനു കാരണം. മസ്ക് 10-ന് ഇന്ത്യയിൽ എത്തി 12 നു മടങ്ങും. അതിനിടെ വോഡഫോൺ ഐഡിയയിലെ നിക്ഷേപ തീരുമാനം പ്രഖ്യാപിക്കും എന്നാണു റിപ്പോർട്ടുകൾ.

ഭൂഗാേളത്തെ വലയം ചെയ്തു നീങ്ങുന്ന ഉപഗ്രഹശൃംഖല വഴി എല്ലായിടത്തും അതിവേഗ ഇന്റർനെറ്റും മൊബൈൽ ടെലിഫാേണിയും നൽകുന്ന സംവിധാനമാണ് സ്റ്റാർലിങ്ക്. ഇതിന് ഇന്ത്യയിൽ പ്രവേശിക്കാനുള്ള എളുപ്പവഴിയാണ് വോഡഫോൺ ഐഡിയയെ സ്വന്തമാക്കൽ. ഗവണ്മെന്റിന്റെ പക്കലുള്ള 33.4 ശതമാനം ഓഹരി സ്റ്റാർലിങ്ക് വാങ്ങും എന്നാണു റിപ്പോർട്ട്. ഇതാേടെ ഇന്ത്യയിലും സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാകും.

മസ്ക് സർക്കാരിൽ നിന്ന് ഓഹരി വാങ്ങിയശേഷം നിലവിലെ പ്രാെമാേട്ടർമാരിൽ നിന്ന് കൂടുതൽ ഓഹരി വാങ്ങുമോ എന്നു വ്യക്തമായിട്ടില്ല. എന്തായാലും മസ്ക് വോഡഫോൺ ഐഡിയയെ പുനരുജ്ജീവിപ്പിക്കും എന്നാണു വിപണി കരുതുന്നത്. അതുകൊണ്ട് ഈ ദിവസങ്ങളിൽ കോടിക്കണക്കിനു ഷെയറുകൾ കെെമാറ്റം ചെയ്യപ്പെടുന്നുണ്ട്. വിദേശ ഫണ്ടുകളും അതിസമ്പന്നരും ഒക്കെയാണ് വോഡഫോൺ ഐഡിയ ഓഹരികൾ വാങ്ങിക്കൂട്ടുന്നത്.

അംബാനിയും രംഗത്ത്

ഇതിനിടെ ഉപഗ്രഹ ഇന്റർനെറ്റ് സേവന മേഖലയിൽ മസ്കിനു മുമ്പേ പ്രവേശിക്കാനുള്ള ശ്രമത്തിലാണു റിലയൻസിന്റെ മുകേഷ് അംബാനി. അനുമതിക്കായി ഇൻസ്പേസിൽ (ഇന്ത്യൻ നാഷണൽ സ്പേസ് പ്രാെമോഷൻ ആൻഡ് ഒതറൈസേഷൻ സെന്റർ) അപേക്ഷ നൽകി. ടെലികോം വകുപ്പിൽ നിന്നുള്ള

ലൈസൻസ് നേരത്തേ വാങ്ങിയിരുന്നു. ലക്സംബൂർഗിലെ ഒരു ഉപഗ്രഹ വിനിമയ കമ്പനിയുമായി ചേർന്നാണ് അംബാനിയുടെ നീക്കം. ജിയോ സ്പേസ് ഫൈബർ എന്ന പേരിലുള്ള ഈ സേവനം സെക്കൻഡിൽ ഒരു ഗിഗാബൈറ്റ് വേഗമുള്ളതാണ്. അനുമതിയായാൽ ആഴ്ചകൾക്കകം സേവനം ആരംഭിക്കാനാകും എന്നാണു ജിയോ വക്താക്കൾ പറയുന്നത്.

ഭാരതി എയർടെലിന്റെ പിന്തുണയുള്ള യൂടെൽസാറ്റ് വൺ വെബ് എല്ലാ അനുമതികളും നേടിയിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പും ആമസാേണും ഈ രംഗത്തേക്കു കടക്കാൻ ഒരുക്കത്തിലാണ്.

ചെങ്കടൽ സംഘർഷം തുടരുന്നു

ചെങ്കടലിലെ ആക്രമണഭീഷണിക്കു ശമനം വന്നിട്ടില്ലെന്നു വർഷാന്ത്യം തെളിയിച്ചു. മെർസ്കിന്റെ ഒരു കണ്ടെയ്നർ കപ്പലിനു നേരേ ആക്രമണം ഉണ്ടായതിനെ തുടർന്ന് ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം മെർസ്ക് നിർത്തി. ഹൂതീകളെ യുഎസ് നേവിയും മറ്റും നേരിടുന്നുണ്ട്. അതിനിടെ ഹൂതീകളെ പിന്താങ്ങുന്ന ഇറാന്റെ ഒരു പടക്കപ്പൽ ചെങ്കടലിൽ പ്രവേശിച്ചത് സംഘർഷാന്തരീക്ഷം മോശമാക്കി. എങ്കിലും ക്രൂഡ് ഓയിൽ വില കാര്യമായി കയറിയിട്ടില്ല. വെള്ളിയാഴ്ച 77.08 ഡോളറിലായിരുന്ന ബ്രെന്റ് ഇനം ക്രൂഡ് ചൊവ്വാഴ്ച രാവിലെ 1.25 ശതമാനം കയറി 78 ഡോളറിലായി. ഡബ്ള്യുടിഐ ഇനം 1.1 ശതമാനം കൂടി 72.44 ഡോളർ ആയി.

വർഷാന്ത്യത്തിൽ താഴ്ന്ന സ്വർണം അവധിക്കു ശേഷം ചൊവ്വാഴ്ച ചെറിയ കയറ്റത്തിലായി. വെള്ളിയാഴ്ച രണ്ടു ഡോളർ താഴ്ന്ന് 2063.20 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 2070 ഡോളറിലേക്കു കയറിയിട്ട് അൽപം താണു.

കേരളത്തിൽ പവൻവില തിങ്കളാഴ്ച മാറ്റമില്ലാതെ 46,840 രൂപയിൽ തുടർന്നു.

ഡോളർ സൂചിക ഇന്നു രാവിലെ അൽപം ഉയർന്ന് 101.39- ൽ എത്തി.

ഇന്നലെ ഡോളർ നാലു പൈസ കയറി 83.24 രൂപയിൽ ക്ലോസ് ചെയ്തു.

ക്രിപ്‌റ്റോ കറൻസികൾ വീണ്ടും ഉയർച്ചയിലായി. ബിറ്റ്കോയിൻ ചൊവ്വാഴ്ച രാവിലെ 6.3 ശതമാനം കയറി 45,265 ഡോളറിൽ എത്തി. യുഎസ് പലിശ താഴ്ത്തി തുടങ്ങുന്നതോടെ ക്രിപ്റ്റോ കറൻസികൾക്കു വലിയ കുതിപ്പ് നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ട്.

വിപണിസൂചനകൾ (2024 ജനുവരി 1, തിങ്കൾ)

സെൻസെക്സ്30 72,271.94 +0.04%

നിഫ്റ്റി50 21,741.90 +0.05%

ബാങ്ക് നിഫ്റ്റി 48,234.30 -0.12%

മിഡ് ക്യാപ് 100 46,472.45 +0.63%

സ്മോൾ ക്യാപ് 100 15,226.10 +0.54%

ഡോളർ ($) ₹83.24 +₹0.04

ഡോളർ സൂചിക 101.38 +0.15

സ്വർണം (ഔൺസ്) $2063.20 -$02.21

സ്വർണം (പവൻ) ₹46,840 -₹00.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $77.08 -$1.30

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it