ഓഹരി വിപണി കുതിപ്പിൽ

യുഎസ് ബാങ്കിംഗ് പ്രതിസന്ധിക്കു പരിഹാരമായി. ഇനി എല്ലാ ശ്രദ്ധയും ഇന്നും നാളെയും നടക്കുന്ന യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗത്തിലാണ്. നാളെ ഇന്ത്യൻ സമയം രാത്രി ഫെഡ് തീരുമാനം പ്രഖ്യാപിക്കും. പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി 5.00 - 5.25 ശതമാനമാക്കുമെന്നാണു വിപണി കരുതുന്നത്. ഇതോടെ നിരക്കു വർധനയ്ക്കു വിരാമമാകുമോ എന്നാണ് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നത്.

ജൂൺ മധ്യത്തിലെ യോഗവും 25 ബേസിസ് പോയിന്റ് വർധിപ്പിക്കും എന്നു കരുതുന്നവർ കുറവല്ല. ഇക്കാര്യത്തിലേക്കു വെളിച്ചം വീശുന്ന എന്തെങ്കിലും ഫെഡ് ചെയർമാൻ ജെറോം പവൽ പറയും എന്നാണു പ്രതീക്ഷ. നിരക്കു വർധന തൽക്കാലം നിർത്തിവയ്ക്കുന്നു എന്നു പറഞ്ഞാൽ വിപണി കുതിക്കും. മറ്റു സാഹചര്യങ്ങൾ ഇന്നു വിപണി ഉയർന്നു നീങ്ങാൻ അനുകൂലമാണ്.

സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെളളി രാത്രി ഒന്നാം സെഷനിൽ 18,129 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,207 ലേക്കു കയറി. തിങ്കളാഴ്ച 18,274 - ൽ തുടങ്ങിയിട്ട് 18,246 ലാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 18,240 -നു മുകളിലാണു സൂചിക. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.

വിപണികൾ

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. ബാങ്കുകളുടെ മികച്ച റിസൽട്ടാണു കാരണം. വെള്ളിയാഴ്ച നേട്ടത്തിലായിരുന്ന യുഎസ് വിപണി തിങ്കളാഴ്ച ചാഞ്ചാട്ടത്തിലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ നിലനിർത്താൻ മാർഗം ഇല്ലാതെ വന്നപ്പോൾ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷ്വറൻസ് കോർപറേഷൻ (എഫ്ഡിഐസി) അതിനെ ഏറ്റെടുത്തു ജെപി മോർഗൻ ചേയ്സ് ബാങ്കിനു നൽകി. ബാങ്കിലെ നിക്ഷേപങ്ങൾ മുഴുവൻ ഏറ്റെടുത്ത ജെപി മോർഗൻ ആസ്തികൾ ഭാഗികമായേ വാങ്ങിയുള്ളു. ബാങ്കിന്റെ ഓഹരി ഉടമകൾക്ക് ഒന്നും ലഭിക്കുകയില്ല.

ഡൗ ജോൺസ് ഇന്നലെ 46.46 പോയിന്റ് (0.14 ശതമാനം) താഴ്ന്നു. എസ് ആൻഡ് പി 1.61 പോയിന്റ് (0.04%) താണു. നാസ്ഡാക് 13.99 പോയിന്റ് (0.11%) താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.10 ഉം എസ് ആൻഡ് പി 0.16ഉം ശതമാനം താഴ്ന്നപ്പോൾ നാസ്ഡാക് 0.15 ശതമാനം താണു. ജപ്പാനിലെ നിക്കെെ അടക്കം ഏഷ്യൻ സൂചികകൾ ഇന്നു കയറ്റത്തിലാണ്. ചെെനീസ് വിപണി ഇന്ന് അവധിയിലാണ്.


ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച ചെറിയ നേട്ടത്തിൽ തുടങ്ങി മികച്ച നേട്ടത്തിൽ അവസാനിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണു സൂചികകൾ ഉയർന്നു ക്ലോസ് ചെയ്യുന്നത്. സെൻസെക്സ് 463.06 പോയിന്റ് (0.76%) കയറി 61,112.44 ലും നിഫ്റ്റി 149.95 പോയിന്റ് (0.84%) ഉയർന്ന് 18,065.00 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.2 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.8 ശതമാനവും ഉയർന്നാണു ക്ലോസ് ചെയ്തത്. എല്ലാ വ്യവസായ മേഖലകളും നേട്ടത്തിലായിരുന്നു.

വിപണി ബുള്ളിഷ് പ്രവണത തുടരുന്നു. നിഫ്റ്റിക്കു 17,940 ലും 17,810 ലും സപ്പോർട്ട് ഉണ്ട്. 18,090 ലും 18,215 ലും തടസങ്ങൾ നേരിടാം. വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വാങ്ങലുകാരായി. അവർ 3304.32 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 264.27 കോടിയുടെ ഓഹരികളും വാങ്ങി.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില രണ്ടേകാൽ ശതമാനം ഉയർന്നാണു വാരാന്ത്യത്തിലേക്കു കടന്നത്. ബ്രെന്റ് ഇനം ക്രൂഡ് 80.33 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നലെ 79.31 ലേക്കു താണു. സ്വർണവില വീണ്ടും കയറിയിറങ്ങി.

വെള്ളിയാഴ്ച 1990-1992 ഡോളറിലാണ് വ്യാപാരം അവസാനിച്ചത്. തിങ്കളാഴ്ച 2006 ഡോളർ വരെ കയറിയിട്ട് 1991ലേക്കു താണു. ഡോളർ ശക്തിപ്പെട്ടതാണു കാരണം. ഇന്നു രാവിലെ 1985-1986 ഡോളറിലാണു സ്വർണവ്യാപാരം.

കേരളത്തിൽ പവൻവില വെള്ളിയാഴ്ച 160 രൂപ കുറഞ്ഞ് 44,600 രൂപയിലെത്തി. ശനിയാഴ്ച 80 രൂപ കൂടി. തിങ്കളാഴ്ച 120 രൂപ കുറഞ്ഞ് 44,560 രൂപയായി. ഇന്നും വില കുറയാം.

വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ നേട്ടത്തിലായിരുന്നു. കഴിഞ്ഞയാഴ്ച തുടക്കം മുതൽ താഴ്ന്ന ശേഷമുള്ള കയറ്റം. ചെമ്പ് 1.24 ശതമാനം ഉയർന്ന് ടണ്ണിന് 8570 ഡോളറിലായി. അലൂമിനിയം 1.06 ശതമാനം കൂടി 2350 ഡോളറിൽ ക്ലാേസ് ചെയ്തു. ലെഡ്, നിക്കൽ, സിങ്ക്, ടിൻ എന്നിവ ഒന്നു മുതൽ മൂന്നു വരെ ശതമാനം ഉയർന്നു.

ക്രിപ്റ്റോ കറൻസികൾ ഇടിവ് തുടരുന്നു. ബിറ്റ്കോയിൻ 28,000 ഡോളറിനടുത്തേക്കു താഴ്ന്നു. ഡോളർ വെള്ളിയാഴ്ച ഏഴു പെെസ കയറി 81.83 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക വെള്ളിയാഴ്ച അൽപം ഉയർന്ന് 101.63ൽ എത്തി. ഇന്നലെ 102.15 ലേക്കു കയറി. ഇന്നു രാവിലെ 101.98 ലേക്കു താണു.

ഇക്കൊല്ലം യുഎസിലെ നാലാമത്തെ ബാങ്ക് തകർച്ച

അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്ക് തകർച്ചയാണു ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൻ്റേത്. ഈ വർഷത്തെ നാലാമത്തേതും. 30,700 കോടി ഡോളർ ആസ്തി ഉണ്ടായിരുന്ന വാഷിംഗ്ടൺ മ്യൂച്വൽ 2008-ൽ തകർന്നതാണ് ഏറ്റവും വലുത്. അന്ന് അതിനെ ഏറ്റെടുത്തതും ജെപി മോർഗനാണ്.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിച്ച ഫസ്റ്റ് റിപ്പബ്ലിക്കിന് 22,900 കോടി ഡോളർ ആസ്തി ഉണ്ടായിരുന്നു. ഈ വർഷം തകർന്ന സിലിക്കൺ വാലി ബാങ്കിന് 16,700 കോടി ഡോളറും സിഗ്നേച്ചർ ബാങ്കിന് 11,400 കോടി ഡോളറും ആസ്തി ഉണ്ടായിരുന്നു. മാർച്ച് ആദ്യം പ്രവർത്തനം നിർത്തി ലിക്വിഡേഷനിലായ സിൽവർഗേറ്റ് ബാങ്കിന് 1100 കോടി ഡോളറായിരുന്നു ആസ്തി.

അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോർഗൻ ചേയ്സ് ആൻഡ് കോ 1060 കോടി ഡോളറിനാണ് ഫസ്റ്റ് റിപ്പബ്ലിക്കിനെ ഏറ്റെടുത്തത്. 9200 കോടി ഡോളർ നിക്ഷേപങ്ങൾ, 3000 കോടി ഡോളർ കടപ്പത്രങ്ങൾ, 17,300 കോടി ഡോളറിൻ്റെ വായ്പകൾ എന്നിവയാണ് ഏറ്റെടുത്തത്. ബാക്കി ബാധ്യതകൾ എഫ്ഡിഐസി (ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷ്വറൻസ് കോർപറേഷൻ വഹിക്കും.

ഈ വർഷത്തെ നാലാമത്തെ (സാങ്കേതികമായി മൂന്നാമത്തെ) യുഎസ് ബാങ്ക് തകർച്ചയാണു ഫസ്റ്റ് റിപ്പബ്ലിക്കിൻ്റേത്. പ്രാദേശിക ബാങ്കുകൾ പലതും ദുർബലമാണെങ്കിലും തകർച്ച ഉണ്ടാകുകയില്ലെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. എന്നാൽ പാർപ്പിട വായ്പകൾ നേ ത്തിലായാൽ കൂടുതൽ തകർച്ച പ്രതീക്ഷിക്കാം എന്നു പ്രവചിക്കുന്നവർ കുറവല്ല.

യൂറോപ്പിൽ സ്വിറ്റ്സർലൻഡിലെ വലിയ രാജ്യാന്തര ബാങ്കായ ക്രെഡിറ്റ് സ്വീസ് തകർന്നപ്പോൾ സ്വിസ് ബാങ്കിംഗ് ഭീമൻ യുബിഎസ് അതിനെ ഏറ്റെടുത്തത് ഒന്നര മാസം മുൻപാണ്.

കാതൽ മേഖലയുടെ വളർച്ച പിന്നിലായി

മാർച്ചിൽ കാതൽ മേഖലയുടെ ഉൽപാദന വളർച്ച അഞ്ചു മാസത്തിനിടയിലെ താഴ്ന്ന നിലയായ 3.6 ശതമാനത്തിൽ എത്തി. ഫെബ്രുവരിയിൽ 7.2 ശതമാനമായിരുന്നു. 2022-23 മൊത്തം എടുത്താൽ കാതൽ മേഖലാ വ്യവസായങ്ങളുടെ വളർച്ച 7.6 ശതമാനമാണ്. തലേ വർഷത്തെ 10.4ത്തമാനത്തിലും കുറവ്.

വ്യവസായ ഉൽപാദന സൂചികയിൽ 40.27 ശതമാനം കാതൽ മേഖലയുടെ സംഭാവനയാണ്. കാതൽ മേഖലയുടെ വളർച്ച കുറയുന്നത് ജിഡിപി വളർച്ചയുടെ തോത് കുറവാണെന്നു കാണിക്കുന്നു.

ഇതിനിടെ ഏപ്രിലിലെ ഫാക്ടറി ഉൽപാദനം നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) കാണിക്കുന്നു. ഏപ്രിലിലെ പിഎംഐ 57.2 ആണ്.മാർച്ചിൽ 56.4 ആയിരുന്നു.


വാഹനവിപണി ആവേശത്തിൽ

ഏപ്രിലിൽ യാത്രാവാഹന വിപണി ആവേശകരമായ വിൽപന കാഴ്ചവച്ചു. ഏപ്രിലിലെ ആഭ്യന്തര വിൽപന 12.9 ശതമാനം വർധിച്ച് 3,31,747 എണ്ണമായി. കമ്പനികൾ ഡീലർമാരുടെ പക്കലേക്കു മാറ്റിയ വാഹനങ്ങളുടെ കണക്കാണിത്. ഡീലർമാരിൽൽ നിന്നുള്ള വിൽപന 3.7 ശതമാനമേ വർധിച്ചുള്ളൂ. റീട്ടെയിൽ വിൽപന 2,85,700 ആണെന്നാണ് കമ്പനികളുടെ കണക്ക്.

യാത്രാവാഹന വിൽപനയിൽ 47 ശതമാനവും എസ് യു വികളായി. കഴിഞ്ഞ ധനകാര്യവർഷം ഇതു 43 ശതമാനമായിരുന്നു. ഏപ്രിലിൽ മാരുതി സുസുകി വിൽപന 12.6 ശതമാനം വർധിച്ച് 1,37,320 എണ്ണമായി. സെമികണ്ടക്ടർ ചിപ്പുകളുടെ ലഭ്യത കുറഞ്ഞത് എസ് യു വി ഉൽപാദനത്തെ ബാധിച്ചു. ഹ്യുണ്ടായി വിൽപന 13 ശതമാനം കൂടി 49,701 ആയി. മൂന്നാം സ്ഥാനത്തുള്ള ടാറ്റാ മോട്ടോഴ്സ് 13.3 ശതമാനം ഉയർന്ന് 47,007 വാഹനങ്ങൾ വിറ്റു.കിയ 22 ശതമാനം വളർന്ന് 23,216 വാഹനങ്ങളാണു വിറ്റത്. ടൊയോട്ട കിർലോസ്കർ വിൽപന 6.12 ശതമാനം കുറഞ്ഞ് 14,162 ആയി.

വിപണി സൂചനകൾ

(2023 ഏപ്രിൽ 28, വെള്ളി)

സെൻസെക്സ് 30 61,112.44 +0.76%

നിഫ്റ്റി 50 18,065.05 +0.84%

ബാങ്ക് നിഫ്റ്റി 43,233.90 +0.54%

മിഡ് ക്യാപ് 100 31,794.75 +1.24%

സ്മോൾക്യാപ് 100 9672.55 +0.83%

ഡൗ ജോൺസ്30 34,098.16 +0.80%

എസ് ആൻഡ് പി500 4169.48 +0.83%

നാസ്ഡാക് 12,226.58 +0.69%

ഡോളർ ($) ₹81.83 +06 പൈസ

ഡോളർ സൂചിക 101.63 +0.16

സ്വർണം(ഔൺസ്) $1992.20 +$04.50

സ്വർണം(പവൻ ) ₹44,600 -₹160.00

ക്രൂഡ്(ബ്രെന്റ്)ഓയിൽ $80.33 +$1.96

2023 മേയ് 01 തിങ്കൾ

ഡൗ ജോൺസ്30 34,051.70 -0.14%

എസ് ആൻഡ് പി500 4167.87 -0.04%

നാസ്ഡാക് 12,212.60 -0.11%

ഡോളർ സൂചിക 102.15 +0.53

സ്വർണം(ഔൺസ്) $1991.40 -$0.80

സ്വർണം(പവൻ ) ₹44,560 -₹120.00

ക്രൂഡ്(ബ്രെന്റ്)ഓയിൽ $79.31 -$1.02

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it