ഫെഡ് തീരുമാനം വിപണിയെ ദുർബലമാക്കി; പലിശ ദീർഘകാലം ഉയർന്നു നിൽക്കും; റിസൽട്ടുകളിൽ ശ്രദ്ധിക്കാൻ വിപണി; ക്രൂഡ് ഓയിൽ വില ഇടിവിൽ
അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് നീണ്ടകാലത്തേക്ക് ഉയർത്തി നിർത്തും എന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചു. സ്വാഭാവികമായും വിപണികൾ നെഗറ്റീവ് ആയി. ഏഷ്യൻ വിപണികളും ദുർബലമായി. എങ്കിലും ഇന്ത്യൻ വിപണി ഇന്നും കയറാൻ ശ്രമിക്കും എന്നാണു വിലയിരുത്തൽ. കഴിഞ്ഞ ദിവസത്തേതു പോലെ വിൽപന സമ്മർദവും പ്രതീക്ഷിക്കാം. ക്രൂഡ് ഓയിൽ വില ഗണ്യമായി ഇടിഞ്ഞതും വിപണിക്ക് അനുകൂലമാണ്.
ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,658ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,735 ആയി. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടിഞ്ഞു. യു.എസ് ഫെഡ് തീരുമാനം സംബന്ധിച്ച ആശങ്ക തന്നെ കാരണം. പ്രധാന സൂചികകൾ ഒരു ശതമാനം താഴ്ചയിലായി.
ചൊവ്വാഴ്ച യു.എസ് വിപണി കുത്തനേ ഇടിഞ്ഞു. ഇതോടെ ഏപ്രിലിൽ പ്രധാന യുഎസ് സൂചികകൾ മൂന്നും വലിയ നഷ്ടത്തിലായി. 2022 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും മോശം മാസമായി ഏപ്രിൽ. ഡൗ അഞ്ചും മറ്റു രണ്ടു സൂചികകൾ നാലു വീതവും ശതമാനം നഷ്ടം രേഖപ്പെടുത്തി.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 570.17 പോയിൻ്റ് (1.49%) ഇടിഞ്ഞ് 37,815.92ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 80.48 പോയിൻ്റ് (1.57%) തകർന്ന് 5035.69ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 325.26 പോയിൻ്റ് (2.04%) ഇടിവോടെ 15,657.82ൽ ക്ലാേസ് ചെയ്തു. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലാണ്. ഡൗ 0.34 ഉം എസ് ആൻഡ് പി 0.42 ഉം നാസ്ഡാക് 0.52 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.637 ശതമാനത്തിലേക്കു കയറി.
ബുധനാഴ്ച വൈകുന്നേരം നിക്ഷേപനേട്ടം കുറഞ്ഞതാണ്. ഫെഡ് നയത്തെപ്പറ്റി കൂടുതൽ വിശകലനം ചെയ്തപ്പോൾ പലിശ ഉയർന്നു നിൽക്കും എന്ന നിലപാടിലേക്കു വിപണി എത്തി. ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജാപ്പനീസ്, കൊറിയൻ സൂചികകൾ അര ശതമാനം താഴ്ന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചൊവ്വാഴ്ച ഉയർന്നു വ്യാപാരം തുടങ്ങി കൂടുതൽ ഉയർന്നു. സെൻസെക്സ് 75,000 കടന്നു. നിഫ്റ്റി 22,783.35 എന്ന റെക്കോർഡ് വരെ എത്തി എന്നാൽ ലാഭമെടുക്കലിനുള്ള ശ്രമവും മറ്റും ചേർന്ന് അവസാന മണിക്കൂറിൽ സൂചികകളെ വലിച്ചു താഴ്ത്തി നഷ്ടത്തിലാക്കി.
ബുധനാഴ്ച യുഎസ് വിപണി ഭിന്ന ദിശകളിലായി. പലിശനിരക്ക് ഉയർത്തുകയില്ല എന്ന് ഊന്നിപ്പറഞ്ഞ ഫെഡ് ചെയർമാൻ കുറയ്ക്കലിനെപ്പറ്റി സൂചന നൽകിയുമില്ല. ഡൗ ജോൺസ് 87.37 പോയിൻ്റ് (0.23%) ഉയർന്ന് 37,903.29ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 17.30 പോയിൻ്റ് (0.34%) താഴ്ന്ന് 5018.39ലും നാസ്ഡാക് 52.34 പോയിൻ്റ് കുറഞ്ഞ് 15,605.48ലും അവസാനിച്ചു.
ചൊവ്വാഴ്ച സെൻസെക്സ് 188.50 പോയിന്റ് (0.25%) താഴ്ന്ന് 74,482.78ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 38.58 പോയിന്റ് (0.17%) കുറഞ്ഞ് 22,604.85ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 27.30 പോയിന്റ് (0.06%) താഴ്ന്ന് 49,396.75ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.07 ശതമാനം ഉയർന്ന് 50,868.20ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.04 ശതമാനം താഴ്ന്ന് 17,011.80ൽ വ്യാപാരം അവസാനിപ്പിച്ചു. ഐ.ടി, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ മേഖലകളാണു വിപണിയെ താഴ്ത്തിയത്.
ആശീർവാദ് മൈക്രോ ഫിനാൻസിന് ഐ.പി.ഒ അനുമതി ലഭിച്ചതിനെ തുടർന്ന് മണപ്പുറം ഫിനാൻസ് അഞ്ചു ശതമാനം വരെ കയറി. മികച്ച റിസൽട്ടുകൾ ആർഇസി യെ പത്തും പവർ ഫിനാൻസ് കോർപറേഷനെ ആറും ശതമാനം ഉയർത്തി.
കൊട്ടക് മഹീന്ദ്ര ബാങ്കിലെ ജോയിൻ്റ് എം.ഡി. സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ച കെ.വി. എസ്. മണിയൻ ഫെഡറൽ ബാങ്കിൽ എം.ഡിയും സി.ഇ.ഒയും ആയി സ്ഥാനമേൽക്കുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്യാം ശ്രീനിവാസൻ സെപ്റ്റംബറിൽ റിട്ടയർ ചെയ്യാനിരിക്കുകയാണ്.
ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1071.93 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1429.11 കോടി രൂപയുടെ ഓഹരികൾ വാങ്ങി. നിഫ്റ്റിക്ക് ഇന്ന് 22,570ലും 22,440ലും പിന്തുണ ഉണ്ട്. 22,735ലും 22,870ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
സ്വർണ വില
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം വലിയ ചാഞ്ചാട്ടത്തിലായി. ഫെഡ് തീരുമാനത്തെപ്പറ്റിയുള്ള ആശങ്കയിൽ വില 2,292 ഡോളർ വരെ ഇടിഞ്ഞു. ബുധനാഴ്ച ഫെഡ് നയം പ്രഖ്യാപിച്ച ശേഷം വില തിരിച്ചു കയറി ഔൺസിന് 2,320 ഡോളറിൽ ക്ലോസ് ചെയ്തു.
കേരളത്തിൽ ചൊവ്വാഴ്ച പവനു വില മാറ്റം ഉണ്ടായില്ല. ബുധനാഴ്ച 800 രൂപ കുറഞ്ഞ് 52,440 രൂപയായി. ഇന്നു വില അൽപം ഉയർന്നേക്കാം.
വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച താഴ്ന്നു. ചെമ്പ് 1.83 ശതമാനം താഴ്ന്നു ടണ്ണിന് 9790.50 ഡോളറായി. അലൂമിനിയം 0.26 ശതമാനം കുറഞ്ഞ് 2574.85 ഡോളറിൽ എത്തി. ടിൻ, നിക്കൽ, സിങ്ക് തുടങ്ങിയവ 3.5 ശതമാനം വരെ ഇടിഞ്ഞു.
ഡോളർ സൂചിക ചാെവ്വാഴ്ച 106. 31ൽ ക്ലോസ് ചെയ്തു. ഇന്നലെ 105.76 ലേക്കു താണ് അവസാനിച്ചു. ഇന്നു രാവിലെ 105.72ലേക്കു താഴ്ന്നു. രൂപ ചൊവ്വാഴ്ച ഇറങ്ങിക്കയറി. ഡോളർ 83.495 രൂപ വരെ കയറിയിട്ടു നാലു പൈസ നഷ്ടത്തോടെ 83.43 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ചൊവ്വാഴ്ച 87.68 ഡോളറിൽ ആയിരുന്ന ബ്രെൻ്റ് ക്രൂഡ് ഇന്നലെ അഞ്ചു ശതമാനം താഴ്ന്നു 83.44 ഡോളറിലായി. ഡബ്ള്യു.ടി.ഐ 79.08ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 83.58 ഡോളറിലും ആണ്.
ക്രിപ്റ്റോ കറൻസികൾ വലിയ ഇടിവിലായി. ബിറ്റ്കോയിൻ അഞ്ചു ശതമാനം താഴ്ന്ന് 58,250 ഡോളറിലായി. ഈഥർ ഇടിഞ്ഞു 3000 ഡോളറിനു താഴെ എത്തി.
വിപണിസൂചനകൾ (2024 ഏപ്രിൽ 30, ചൊവ്വ)
സെൻസെക്സ്30 74,482.78 -0.25%
നിഫ്റ്റി50 22,604.88 -0.17%
ബാങ്ക് നിഫ്റ്റി 49,396.75 -0.06%
മിഡ് ക്യാപ് 100 50,868.20 +0.07%
സ്മോൾ ക്യാപ് 100 17,011.80 -0.04%
ഡൗ ജോൺസ് 30 37,815.92 -1.49%
എസ് ആൻഡ് പി 500 5035.69 -1.57%
നാസ്ഡാക് 15,657.82 -2.04%
ഡോളർ ($) ₹83.43 -₹0.04
ഡോളർ സൂചിക 106.31 +0.73
സ്വർണം (ഔൺസ്) $2292.80 -$43.50
സ്വർണം (പവൻ) ₹53,240 ₹00.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $87.68 -$00.72